പാത്രം കഴുകുന്ന വെള്ളം പോലും പാഴാവില്ല! മലിനജലത്തില്‍ 'ഓടുന്ന' കാര്‍ കണ്ടുപിടിച്ചു
ആധുനിക ലോകത്ത് വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി പെട്രോളും ഡീസലും മാത്രമല്ല ഉപയോഗിക്കുന്നത്. വൈദ്യുതി, സിഎന്‍ജി തുടങ്ങിയ ബദല്‍ ഇന്ധനങ്ങള്‍ എല്ലാവര്‍ക്കും സുപരിചിതമായിരിക്കും. ഇലക്ട്രിക്, സിഎന്‍ജി, എല്‍എന്‍ജി തുടങ്ങിയ പവര്‍ട്രെയിനുകളില്‍ ഓടുന്ന വാഹനങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുമുണ്ടാകും. എന്നാല്‍ മലിനജലം ഉപയോഗിച്ച് ഓടുന്ന ഒരു സൂപ്പര്‍ കാര്‍ നിര്‍മിച്ച് ശ്രദ്ധ നേടുകയാണ് ഇംഗ്ലണ്ടിലെ വാര്‍വിക്ക് സര്‍വകലാശാലയിലെ എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥികള്‍. ഓട്ടോമോട്ടീവ് ലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് ഈ കണ്ടുപിടിത്തം. ഇത്തരം ആശയങ്ങള്‍ നടപ്പില്‍ വന്നാല്‍ ഭാവിയില്‍ നമുക്ക് പെട്രോളിനെയും ഡീസലിനെയും മാത്രം ആശ്രയിക്കേണ്ടി വരില്ല.
മലിനജലത്തില്‍ ഓടാന്‍ കഴിയുന്ന ഒരു സ്‌പോര്‍ട്‌സ് കാര്‍ എന്ന് പറയുമ്പാള്‍ അഴുക്കുവെള്ളം കാറിലേക്ക് നേരിട്ട് ഒഴിക്കുകയാണോ ചെയ്യുക എന്നാകും ആദ്യത്തെ സംശയം. അസംസ്‌കൃത എണ്ണയില്‍ നിന്ന് പെട്രോളും ഡീസലും എങ്ങനെ വേര്‍തിരിച്ചെടുക്കുന്നുവോ അതുപോലെ വാഹനം ഓടിക്കാന്‍ ആവശ്യമായ രാസവസ്തു മലിനജലത്തില്‍ നിന്ന് നിര്‍മിച്ച് എടുക്കുകയാണ് ചെയ്യുന്നത്.

വാര്‍വിക്ക് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ യഥാര്‍ത്ഥത്തില്‍ മലിനജലത്തില്‍ നിന്ന് ഹൈഡ്രജന്‍ നിര്‍മ്മിക്കുകയും അത് വാഹനങ്ങളില്‍ ഉപയോഗിക്കാനും തുടങ്ങിയിരിക്കുന്നു. ലോകത്തിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കള്‍ ഇതിനോടകം തന്നെ ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ വികസിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ ലഭ്യമാകുമെന്ന് പറയപ്പെടുന്നു.
ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ട്രെയിനുകള്‍ അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും റെയില്‍വേ മന്ത്രാലയവും തുടങ്ങിയിട്ടുണ്ട്. ഇതിനായി കോടിക്കണക്കിന് രൂപയാണ് വകയിരുന്നിയിട്ടുള്ളത്. പൈതൃകപ്പട്ടികയില്‍ ഇടംനേടിയ ഹൈ-റേഞ്ചിലുള്ള റെയിപാതയിലൂടെയാകും ഹെഡ്രജന്‍ ട്രെയിനുകള്‍ പായുക. ഇപ്പോള്‍ ഇംഗ്ലണ്ടിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ മലിനജലത്തില്‍ നിന്ന് ഹൈഡ്രജന്‍ സൃഷ്ടിച്ച് അത് ഉപയോഗിച്ച് ഒരു സ്‌പോര്‍ട്‌സ് കാറിന് പ്രവര്‍ത്തിപ്പിക്കാമെന്നാണ് തെളിയിച്ചിട്ടുള്ളത്.

മലിനജലത്തില്‍ നിന്ന് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന പുതിയ മൈക്രോബിയല്‍ ഇലക്ട്രോളിസിസ് സെല്ലുകളാണ് ഗവേഷണ സംഘം ആദ്യം വികസിപ്പിച്ചെടുത്തത്. കാര്‍ബണ്‍ ഫൈബര്‍ സ്ബ്‌സ്‌ട്രേറ്റിലെ സൂക്ഷ്മാണുക്കളാണ് മലിനജലത്തിലെ മാലിന്യം ആഗിരണം ചെയ്ത് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നത്. മോട്ടോര്‍ റേസിംഗ് രംഗം കൂടുതല്‍ സുസ്ഥിരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗവേഷക വിദ്യാര്‍ത്ഥികള്‍ ഈ കണ്ടുപിടുത്തം നടത്തിയത്.
ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നത് വായു മലിനീകരണം കുറയ്ക്കാനും സഹായിക്കും. വാസ്തവത്തില്‍ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുമ്പോള്‍ അന്തരീക്ഷം മലിനമാകില്ല. ഹൈഡ്രജന്‍ ഗതികോര്‍ജ്ജമായി മാറുമ്പോള്‍ ജലബാഷ്പവും ചൂടുള്ള വായുവും മാത്രമേ പുറത്തുവിടുന്നുള്ളൂ. ഇത് പരിസ്ഥിതിക്ക് ഒരു ദോഷവും വരുത്തില്ലെന്ന് പറയുന്നു. അതുകൊണ്ടാണ് ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെ ഊര്‍ജിതമായി നടക്കുന്നത്.

ടൊയോട്ട പോലുള്ള മുന്‍നിര കമ്പനികള്‍ ഇതിനകം തന്നെ ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും ഇത്തരത്തിലുള്ള നൂതന കണ്ടുപിടുത്തങ്ങള്‍ യാഥാര്‍ത്ഥ്യമായി അത് നമ്മുടെ പ്രകൃതിക്കും വാഹന ലോകത്തിനും മുതല്‍ക്കൂട്ടാവട്ടെ. മലിനജലത്തില്‍ നിന്ന് ഹൈഡ്രജന്‍ ഉത്പാദിപ്പിച്ച് പ്രവര്‍ത്തിക്കുന്ന വാഹനം ഇന്ത്യയിലെത്തിയാല്‍ നമ്മുടെ വീട്ടിലെ പാത്രം കഴുകുന്ന വെള്ളം വരെ നമുക്ക് ഉപയോഗപ്പെടുത്താന്‍ പറ്റിയേക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








