ഈ കാറുകളിൽ വീഡിയോ ഗെയിം വരെയുണ്ടേ! TRIPLE സ്ക്രീനുകളുള്ള മോഡലുകൾ പരിചയപ്പെട്ടാലോ
മോഡേൺ കാറുകളുടെ ഇൻ്റീരിയറിലേക്ക് കയറിയാൽ ആദ്യെ തന്നെ കണ്ണുകൾ പോകുന്നത് മുന്നിലെ സ്ക്രീനുകളിലേക്കായിരിക്കും. മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിൽ സ്ക്രീനുകൾക്ക് നിർണായക പങ്കുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഇവയുടെ വലിപ്പം ഗണ്യമായി വർധിപ്പിക്കുകയും കൂടുതൽ സവിശേഷതകളും പ്രവർത്തനങ്ങളും ഉൾക്കൊള്ളക്കുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, സെൻട്രൽ ടച്ച്‌സ്‌ക്രീൻ, മുൻ യാത്രക്കാരനുള്ള എൻ്റർടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ എന്നിങ്ങനെയുള്ള മൂന്ന് സ്ക്രീനുകളാണ് നിലവിലെ പുതിയ ട്രെൻഡ്.എന്നാൽ വെറും ഷോയ്ക്ക് വേണ്ടിയാണോ ഈ മോഡലുകളിൽ മൂന്ന് സ്ക്രീൻ നൽകിയിരിക്കുന്നത് എന്ന് വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
മഹീന്ദ്രയുടെ പുത്തൻ ഇലക്ട്രിക് ഒറിജിൻ എസ്‍യുവി നിരയിലെ XEV 9e ആയിരുന്നു ഈ ട്രെൻഡിന് തുടക്കമിട്ട ആദ്യ മോഡൽ. ഇതിൽ മൂന്ന് 12.3 ഇഞ്ച് ഡിസ്‌പ്ലേകളാണുള്ളത്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്, മുൻ യാത്രക്കാരനുള്ള എൻ്റർടെയ്ൻമെൻ്റ് സ്ക്രീൻ എന്നിങ്ങനെയാണ് ഇവ പ്രവർത്തിക്കുന്നത്. വീഡിയോ സ്ട്രീം ചെയ്യാനും ബ്രൗസ് ചെയ്യാനും ഗെയിമുകൾ കളിക്കാനും ഈ സ്ക്രീനുകൾ ഉപയോഗിക്കാം. ഇൻഫോടെയ്ൻമെൻ്റ്, എൻ്റർടെയ്ൻമെൻ്റ് സ്ക്രീനുകൾ രണ്ടും ടച്ച്‌സ്‌ക്രീൻ യൂണിറ്റുകളാണ്.

ഈ വർഷം നവംബറിൽ വിപണിയിലെത്തിയ മഹീന്ദ്രയുടെ ആദ്യ മൂന്ന്-വരി ഇലക്ട്രിക് എസ്‍യുവിയായ XEV 9S മോഡലിലും ഇതേ സവിശേഷതകളോടെ എത്തുന്നുണ്ട്. ഇതിലും മൂന്ന് 12.3 ഇഞ്ച് സ്ക്രീനുകളാണുള്ളത്. ഇവ ഒരൊറ്റ വലിയ സ്ക്രീൻ പോലെയാണ് ക്രമീകരിച്ചിരിക്കുന്നത്. XEV 9e-യിലേതിന് സമാനമായ ക്രമീകരണമാണിത്. ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററായും പ്രധാന ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനായുള്ള ടച്ച്‌സ്‌ക്രീനായും കോ-ഡ്രൈവർക്കുളള വിനോദത്തിന് വേണ്ടി ഈ ഡിസ്‌പ്ലേകൾ പ്രവർത്തിക്കുന്നു. ഇ-കൂപ്പെയെപ്പോലെ XEV 9S-ൻ്റെ എല്ലാ വേരിയൻ്റുകളിലും ഈ ക്ലസ്റ്റർ സജ്ജീകരണം നൽകിയിട്ടുണ്ട്.
2026 ജനുവരി 5-ന് മഹീന്ദ്ര XUV700-ൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് XUV 7XO എന്ന് പേര് മാറ്റുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. XEV 9S-ന് സമാനമായ ട്രിപ്പിൾ-സ്ക്രീൻ ക്ലസ്റ്ററുമായി ഈ എസ്‍യുവി എത്തുമെന്ന് ടെസ്റ്റ് മ്യൂൾ ചിത്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനും ഒരുപക്ഷേ 12.3 ഇഞ്ച് സ്ക്രീനുകൾ തന്നെയാകാൻ സാധ്യതയുണ്ട്. കൃത്യമായ സ്ക്രീൻ വലുപ്പങ്ങളും മറ്റ് വിവരങ്ങളും അവതരണ വേളയിൽ മാത്രമേ അറിയാൻ സാധിക്കു.

സമീപകാലത്ത് പുറത്തിറക്കിയ ടാറ്റ സിയറ , ഇതിന്റെ ഉൾഭാഗത്തും മൂന്ന് സ്ക്രീനുകളുണ്ട്. സെൻട്രൽ ടച്ച്‌സ്‌ക്രീനും കോ-ഡ്രൈവർക്കുളള എൻറ്ർടെയ്ൻമെൻ്റ് സ്ക്രീനും 12.3 ഇഞ്ച് വലുപ്പമുള്ളവയാണ്. എന്നാൽ, ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ 10.25 ഇഞ്ച് വലിപ്പമുള്ള ചെറിയ ഡിസ്‌പ്ലേയാണ്. ഈ മൂന്ന്-സ്ക്രീൻ ക്ലസ്റ്റർ അക്കംപ്ലിഷ്‌ഡ്+ (Accomplished+) വേരിയൻ്റിൽ മാത്രമാണ് ലഭ്യമാകുന്നത്. മുൻ യാത്രക്കാരൻ്റെ ഇയർഫോൺ പ്ലഗ് ഇൻ ചെയ്യാനും ആകർഷകമായ വിനോദ അനുഭവം ആസ്വദിക്കാനും ഈ എസ്‍യുവിയിൽ സൗകര്യമുണ്ട്.
പുതിയ സിയറയുടെ ഓൾ-ഇലക്ട്രിക് പതിപ്പ് ടാറ്റ മോട്ടോഴ്‌സ് 2026-ൻ്റെ തുടക്കത്തിൽ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ പതിപ്പിലും ട്രിപ്പിൾ-സ്ക്രീൻ സജ്ജീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ചിനോട് അടുക്കുമ്പോൾ മാത്രമേ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ഐസിഇ (ഇൻ്റേണൽ കംബസ്ഷൻ എഞ്ചിൻ) മോഡലിന് സമാനമായ സ്ക്രീൻ വലുപ്പങ്ങളായിരിക്കും ഇലക്ട്രിക് പതിപ്പിനുമുള്ളത്.

മുകളിൽ പറഞ്ഞ എല്ലാ വാഹനങ്ങളിലും ഇൻഫോടെയ്ൻമെൻ്റ്, ഇൻസ്ട്രുമെൻ്റേഷൻ ആവശ്യങ്ങൾക്കായി മൂന്ന് വ്യത്യസ്ത സ്ക്രീനുകളാണ് നമ്മൾ കണ്ടത്. എന്നാൽ, മൂന്ന് ഡിസ്‌പ്ലേകൾ തികച്ചും വ്യത്യസ്തമായ രീതിയിൽ നൽകിയിട്ടുള്ള മോഡലുകളും ഉണ്ട്. ഇത്തരം കാറുകളിൽ മറ്റ് എസ്‍യുവികളിലെപ്പോലെ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും സെൻട്രൽ ടച്ച്‌സ്‌ക്രീനും ലഭ്യമാണ്. എന്നാൽ, ഇതിനടുത്ത് സ്ഥാപിച്ചിരിക്കുന്ന മൂന്നാമത്തെ സ്ക്രീൻ എയർ കണ്ടീഷനിംഗ് (ക്ലൈമറ്റ് കൺട്രോൾ) വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ളതാണ്.
കിയ സൈറോസാണ് ഈ സജ്ജീകരണത്തിന് തുടക്കമിട്ടത്. 30 ഇഞ്ച് 'ട്രിനിറ്റി പനോരമിക് ഡിസ്‌പ്ലേയുമായാണ്' ഇത് വരുന്നത്. വാഹനം, രണ്ട് 12.3 ഇഞ്ച് സ്ക്രീനുകളും, അവയ്ക്കിടയിൽ 5 ഇഞ്ച് വലിപ്പമുള്ള ഒരു ക്ലൈമറ്റ് കൺട്രോൾ ഡിസ്‌പ്ലേയും ഇതിലുണ്ട്. 12.3 ഇഞ്ച് യൂണിറ്റുകളിലൊന്ന് വാഹനത്തിൻ്റെ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററായും മറ്റൊന്ന് സെൻട്രൽ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമായും പ്രവർത്തിക്കുന്നു. ഈ ഡിസ്‌പ്ലേകൾ ഒരു വലിയ ബെസലിൽ സ്ഥാപിച്ചിരിക്കുന്നത് കൊണ്ട്, ഇത് ഒരു വലിയ പനോരമിക് സ്ക്രീനിൻ്റെ പ്രതീതി നൽകുന്നു. ഈ സജ്ജീകരണം സൈറോസിൻ്റെ ഉയർന്ന വേരിയൻ്റുകളിൽ ലഭ്യമാണ്.


Click it and Unblock the Notifications








