ബുക്കിംഗ് പുനരാരംഭിക്കുന്നു, വണ്ടി കിട്ടാന്‍ 4 വര്‍ഷം കാത്തിരിപ്പ്! ഇന്ത്യക്കാര്‍ ജിംനി അര്‍ഹിക്കുന്നില്ലെന്ന്

ഇന്ത്യയില്‍ പ്രതിമാസം 1000 യൂണിറ്റ് വില്‍പ്പന പോലും നേടാന്‍ പാടുപെടുമ്പോള്‍ ഇവിടെ നിര്‍മിച്ച മാരുതി സുസുക്കി ജിംനി 5-ഡോര്‍ ആഗോള വിപണികളില്‍ വമ്പന്‍ വില്‍പ്പനയാണ് നേടുന്നത്. ജിപ്‌സിയുടെ പകരക്കാരനായി ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി കൊണ്ടുവരാന്‍ മുറവിളി കൂട്ടിയതും ഇന്ത്യക്കാരാണെങ്കിലും വാഹനം വിപണിയിലെത്തിയപ്പോള്‍ മുഖംതിരിഞ്ഞ് നിന്നതും അവര്‍ തന്നെയാണ്. സത്യം പറഞ്ഞാല്‍ ഇന്ത്യക്കാര്‍ ഈ ഐക്കണിക് വാഹനം അര്‍ഹിക്കുന്നുണ്ടോ എന്നാണ് ഇപ്പോള്‍ വിദേശികള്‍ ചോദിക്കുന്നത്. സുസുക്കിയുടെ ജന്മദേശമായ ജപ്പാനിലേക്ക് വന്നാല്‍ സ്ഥിതി വ്യത്യസ്തമാണ്. ജിംനി നൊമാഡ് (Suzuki Jimny Nomade) എന്ന പേരില്‍ പുറത്തിറക്കിയ മെയിഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നം അവിടെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി.

ഈ വര്‍ഷം ജനുവരിയിലാണ് ജിംനി നൊമാഡ് ജാപ്പനീസ് വിപണിയില്‍ അവതരിച്ചത്. വെറും 4 ദിവസത്തിനുള്ളില്‍ 50,000 യൂണിറ്റ് ബുക്കിംഗ് ആണ് ഓഫ്‌റോഡര്‍ വാരിക്കൂട്ടിയത്. കാത്തിരിപ്പ് കാലാവധി നാല് വര്‍ഷം വരെ എത്തിയതോടെ ജിംനി നൊമാഡിന്റെ ബുക്കിംഗ് സുസുക്കി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ ജപ്പാനിലെ ജിംനി ഫാന്‍സിന് സന്തേഷമേകിക്കൊണ്ട് എസ്‌യുവിയുടെ ബുക്കിംഗുകള്‍ പുനരാരംഭിക്കുന്നതായി സുസുക്കി പ്രഖ്യാപിച്ചു. എന്നാല്‍ അതിന് ഇനിയും കുറച്ച് ദിവസം കൂടി കാത്തിരിക്കണം.

suzuki jimny nomade booking re-open

2026 ജനുവരി 30 മുതലാണ് ജിംനി നൊമാഡിന്റെ ബുക്കിംഗ് പുനരാരംഭിക്കകയെന്ന് സുസുക്കി അറിയിച്ചു. ഒരു വര്‍ഷം മുമ്പ് ഇതേദിവസമാണ് ജപ്പാനില്‍ ജിംനി നൊമാഡിനായുള്ള ബുക്കിംഗ് വിന്‍ഡോ തുറന്നത്. ഈ വര്‍ഷം ജൂലൈയില്‍ വ്യക്തമല്ലാത്ത ചില കാരണങ്ങളാല്‍ ജിംനി നോമാഡിന്റെ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ കയറ്റുമതി പുനരാരംഭിച്ചു.

ഇപ്പോള്‍ ബുക്കിംഗുകളും ഉടന്‍ പുനരാരംഭിക്കുന്നതോടെ ജപ്പാനില്‍ ജിംനി നോമാഡ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല വാര്‍ത്തയാണ്. ഡിമാന്‍ഡ് കൊടുമുടി കയറിയതിനാല്‍ ജപ്പാനില്‍ ജിംനി നൊമാഡിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിച്ചിട്ടുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മാരുതി സുസുക്കിയുടെ പ്ലാന്റില്‍ മാത്രം നിര്‍മിക്കുന്നതിനാല്‍ ഡിമാന്‍ഡിന് അനുസരിച്ച് പ്രൊഡക്ഷന്‍ കൂട്ടാന്‍ സാധിക്കുന്നില്ല.

suzuki jimny nomade interior

മാത്രമല്ല ഇന്ത്യയില്‍ നിന്ന് ജപ്പാന്‍, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ചിലി, മെക്‌സിക്കോ, മിഡില്‍ഈസ്റ്റ് എന്നിവയടക്കും 100-ലേറ വിപണികളിലേക്ക് 5-ഡോര്‍ ജിംനി കയറ്റുമതി ചെയ്യുന്നുണ്ട്. ജിംനി നോമാഡ് ജപ്പാനില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിമാസ ഉത്പാദനം 1,200 യൂണിറ്റായിരുന്നു. 2025 ജൂലൈ ആയപ്പോഴേക്കും ഇത് പ്രതിമാസം ഏകദേശം 3,300 യൂണിറ്റായി വര്‍ധിച്ചു. ഈ വര്‍ഷം ആദ്യം കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ച സമയം ഒഴികെ ജപ്പാനിലേക്കുള്ള കയറ്റുമതി ക്രമാനുഗതമായി വര്‍ധിച്ചുവരികയാണ്.

ഭാവിയില്‍ കയറ്റുമതി വര്‍ധിച്ചാല്‍ 4 വര്‍ഷത്തെ കാത്തിരിപ്പ് കാലാവധി കുറയ്ക്കാന്‍ സാധിക്കും. ഉയര്‍ന്ന കാത്തിരിപ്പ് കാരണം ഉപഭോക്താക്കള്‍ മറ്റ് മോഡലുകളിലേക്ക് പോകുന്നത് തടയാനായി സുസുക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പാണ്. ഫ്രോങ്ക്‌സിന് ശേഷം മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന രണ്ടാമത്തെ മോഡലാണ് ജിംനി 5-ഡോര്‍. ഐതിഹാസിക ഓഫ്-റോഡറിന്റെ ചരിത്രത്തിലെ ആദ്യത്തെ 5-ഡോര്‍ കോണ്‍ഫിഗറേഷനാണ് ജിംനി നൊമാഡ്.

suzuki jimny nomade top view

ജപ്പാനിലെത്തുമ്പോഴും ജിംനി കുടുംബത്തിന്റെ മുഖമുദ്രകളായ 4WD സിസ്റ്റം, ലാഡര്‍ ഫ്രെയിം ഷാസി, ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ കേസ് നിലനിര്‍ത്തുന്നു. മെക്കാനിക്കലായി എസ്‌യുവി എഫ്ആര്‍ ലെഔട്ടും പാര്‍ട്ട്-ടൈം 4WD സിസ്റ്റവും 3-ലിങ്ക് റിജിഡ് ആക്സില്‍ സസ്പെന്‍ഷന്‍ സജ്ജീകരണവുമായി ജോടിയാക്കിയിരിക്കുന്നു. അധിക നീളവും ഭാരവും കൈകാര്യം ചെയ്യുന്നതിനായി ലാഡര്‍ ഫ്രെയിം ശക്തിപ്പെടുത്തിയിട്ടുണ്ട്. വീല്‍ബേസ് കൂടിയത് കാരണം ഹൈ-സ്പീഡ് സ്റ്റബിലിറ്റിയും റോഡിലെ മൊത്തത്തിലുള്ള പെരുമാറ്റവും മെച്ചപ്പെട്ടിട്ടുണ്ട്.

അപകടങ്ങള്‍ കുറയ്ക്കുന്നതിനായി സുസുക്കിയുടെ ഡ്യുവല്‍ ക്യാമറ ബ്രേക്ക് സപ്പോര്‍ട്ട് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡായി ജിംനി നൊമാഡില്‍ സജ്ജീകരിച്ചിരിക്കുന്നു, അതേസമയം ഓട്ടോമാറ്റിക് പതിപ്പുകളില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ ലഭിക്കും. ജിംനി എന്ന ഇതിഹാസത്തിന്റെ കാലാതീതമായ ജനപ്രീതിക്കുള്ള തെളിവാണ് ജപ്പാനില്‍ പുതിയ മോഡലിനുള്ള സ്വീകാര്യത. ഇന്ത്യയില്‍ ഫ്ലോപ്പാണെങ്കിലും ആഗോള വിപണിയില്‍ ജിംനി 5 ഡോര്‍ ഇനിയും കുറേ കാലം ഹൗസ്ഫുളായി ഓടുമെന്നാണ് ട്രെന്‍ഡ് സൂചിപ്പിക്കുന്നത്.

More from DriveSpark

Article Published On: Tuesday, October 28, 2025, 15:00 [IST]
English summary
Suzuki jimny nomade bookings re opening in japan from 2026 january up to 4 years waiting period
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X