ഇന്ത്യക്കാര്‍ക്ക് വേണ്ടാത്ത ജിംനിക്കായി ജപ്പാനില്‍ 'ഇടി'! 4 ദിവസത്തില്‍ 50000 ഓര്‍ഡര്‍, ബുക്കിംഗ് നിര്‍ത്തി
2023 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് മാരുതി സുസുക്കി ജിംനി 5 ഡോര്‍ എസ്‌യുവി അവതരിപ്പിച്ചത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വില പ്രഖ്യാപനവും നടന്നു. എന്നാല്‍ ഹൈപ്പിനെ നീതീകരിക്കുന്ന വില്‍പ്പന ഇന്ത്യയില്‍ നിന്ന് നേടാന്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിക്ക് സാധിച്ചിരുന്നില്ല. തുടക്കത്തിലുണ്ടായിരുന്ന തരക്കേടില്ലാത്ത ബുക്കിംഗ് തുടര്‍ന്നുള്ള മാസങ്ങളില്‍ കുറഞ്ഞ് വന്നു. മറുവശത്ത് മഹീന്ദ്ര ഥാര്‍ വില്‍പ്പനയിലെ അന്തരം ഓരോ മാസവും ഉയര്‍ത്തി. നിലവില്‍ ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ള മാരുതി കാറുകളില്‍ ഒന്നാണ് ജിംനി 5 ഡോര്‍. മാരുതിയുടെ മൊത്തത്തിലുള്ള വില്‍പ്പനയില്‍ 1 ശതമാനത്തില്‍ താഴെ മാത്രമാണ് ഇതിന്റെ സംഭാവന.
ജിംനി വിറ്റഴിക്കാനായി മാരുതി ലക്ഷങ്ങളുടെ കിഴിവുകള്‍ വാഗ്ദാനം ചെയ്‌തെങ്കിലും അതൊന്നും സെയില്‍സ് ചാര്‍ട്ടില്‍ പ്രതിഫലിച്ചില്ല. ജിംനി 5 ഡോറിന്റെ വികസനത്തിനായി കോടികളാണ് കമ്പനി നിക്ഷേപിച്ചത്. ഇത് മുതലെടുക്കാനായി ബ്രാന്‍ഡ് 5 ഡോര്‍ ജിംനി നിരവധി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ലാറ്റിനമേരിക്ക, തെക്കു-കിഴക്കന്‍ ഏഷ്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മികച്ച സ്വീകരണം ഏറ്റുവാങ്ങിയ ജിംനി 5 ഡോര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ജപ്പാനില്‍ ലോഞ്ച് ചെയ്തത്.

സ്വന്തം നാടായ ജപ്പാനില്‍ സുസുക്കിയെ പോലും ഞെട്ടിക്കുന്ന പ്രതികരണമാണ് ജിംനി 5 ഡോറിന് ലഭിക്കുന്നത്. ജിംനി നൊമാഡ് എന്ന് പേരിട്ടിരിക്കുന്ന 5 ഡോര്‍ മോഡല്‍ ഇന്ത്യയില്‍ നിര്‍മിച്ച് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ അപ്രതീക്ഷിതമായ ഡിമാന്‍ഡ് മൂലം ജിംനി നൊമാഡിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍. വെറും 4 ദിവസം കൊണ്ട് മെയിഡ് ഇന്‍ ഇന്ത്യ ജിംനി 5 ഡോര്‍ അരലക്ഷം ബുക്കിംഗ് ആണ് വാരിക്കൂട്ടിയത്.
ഇത്രയും വലിയ ഓര്‍ഡര്‍ തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കൂടുതലാണെന്നും ഈ സാഹചര്യം കണക്കിലെടുത്ത് ബുക്കിംഗ് സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി കമ്പനി തിങ്കളാഴ്ച അറിയിച്ചു. ജിംനിയുടെ 5 ഡോര്‍ വേരിയന്റ് ഹരിയാനയിലെ മാരുതി സുസുക്കിയുടെ പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. ഗ്ലോബല്‍ ഓഫ്-റോഡര്‍ എസ്‌യുവി എന്ന നിലയില്‍ ശക്തമായ പാരമ്പര്യം അവകാശപ്പെടാനുള്ള ജിംനി ഏകദേശം 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.

ജപ്പാനില്‍ 5 ഡോര്‍ ജിംനിയുടെ ലോഞ്ച് മാരുതി സുസുക്കിയുടെ കയറ്റുമതി തന്ത്രത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ഫ്രോങ്ക്‌സിന് ശേഷം ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവിയാണിത്. ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന രണ്ടാമത്തെ മാരുതി സുസുക്കി മോഡലാണ് ജിംനി. നിലവില്‍ ജാപ്പനീസ് വിപണിയിലേക്കുള്ള ഉല്‍പ്പാദന വിഹിതം പ്രതിമാസം 1,200 യൂണിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഇത് അതേപടി തുടരുന്നാല്‍ ജപ്പാനില്‍ ജിംനി നൊമാഡിനുള്ള കാത്തിരിപ്പ് കാലയളവ് ഏകദേശം 41 മാസം അല്ലെങ്കില്‍ 3.5 വര്‍ഷമായിരിക്കും. ജിംനി നോമാഡിന്റെ ബുക്കിംഗ് സുസുക്കി താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും റിസര്‍വേഷന്‍ എന്ന് പുനരാരംഭിക്കുമെന്ന് നിലവില്‍ ഒരു വിവരവുമില്ല. എന്നിരുന്നാലും, ബുക്കിംഗുകളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ കൃത്യമായ അവസരത്തില്‍ പുറത്തുവിടുമെന്ന് സുസുക്കി ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കി.

ജിംനി നൊമെഡിനുള്ള ഞെട്ടിക്കുന്ന ഡിമാന്‍ഡ് കാരണം എസ്‌യുവിയുടെ ജപ്പാനിലെ പ്രമോഷന്‍ പരിപാടികളും സുസുക്കി റദ്ദാക്കി. ഡിമാന്‍ഡ് നിറവേറ്റാനും കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനുമായി സുസുക്കി ജിംനി നൊമാഡിന്റെ ഉത്പാദനം കൂട്ടുമോ എന്നാണ് ഇനി അറിയേണ്ടത്. മഹീന്ദ്ര പരീക്ഷിച്ച് വിജയിച്ച തന്ത്രമാണിത്. ഏപ്രില്‍ മൂന്ന് മുതലാണ് ജപ്പാനില്‍ ജിംനി നൊമാഡിന്റെ ഡെലിവറി ആരംഭിക്കുക.
ജിംനി നൊമാഡിനെ കുറിച്ച് പറയുമ്പോള്‍ ഇതിന് വ്യത്യസ്ത ബാഡ്ജിംഗുകളും മറ്റ് ചില ചെറിയ മാറ്റങ്ങള്‍ ലഭിച്ചേക്കുമെങ്കിലും കളര്‍ ഓപ്ഷന്‍സും ഫീച്ചര്‍ പട്ടികയും ഇന്ത്യ സ്‌പെക്കിന് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 101 bhp പവറും 134 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന അതേ 1.5 ലിറ്റര്‍ K15B, ഫോര്‍ സിലിണ്ടര്‍, പെട്രോള്‍ എഞ്ചിനാണ് ഈ എസ്‌യുവിയുടെ ഹൃദയം.
ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ എല്ലാ വേരിയന്റുകളിലും സുസുക്കി ഓള്‍-ഗ്രിപ്പ് പാര്‍ട്ട്-ടൈം 4WD സജ്ജീകരിക്കുകയും ചെയ്യും. ജിംനി നൊമാഡിന്റെ 5സ്പീഡ് മാനുവല്‍ വേരിയന്റിന് 2,651,000 യെന്‍ (14.88 ലക്ഷം രൂപ) മുതല്‍ വില ആരംഭിക്കുന്നു. ഓട്ടോമാറ്റിക് വേരിയന്റിന് 2,750,000 യെന്‍ അതായത് 15.43 ലക്ഷം രൂപ വിലവരും.


Click it and Unblock the Notifications








