വാഗണ്‍ആറിന്റെ ഇലക്ട്രിക് 'ഇരട്ട' ഇങ്ങെത്താറായി! 270Km റേഞ്ച്, വില കുറവായിരിക്കുമെന്ന് പറയേണ്ടതില്ലെല്ലോ...
വണ്ടിപ്രാന്തന്‍മാരുടെ ഉത്സവമാണ് ഓട്ടോ ഷോകള്‍. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോ മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നടക്കുന്ന ഓട്ടോ എക്‌സിബിഷനുകള്‍ സാകൂതം വീക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍. നമ്മുടെ രാജ്യത്ത് വരാന്‍ സാധ്യതയുള്ള പുത്തന്‍ കാറുകളെയും സാങ്കേതികവിദ്യകളെയും കുറിച്ച് അതുവഴി അറിയാന്‍ പറ്റും. ഈ വരുന്ന ഒക്‌ടോബര്‍ 25 മുതല്‍ നവംബര്‍ ഒമ്പത് വരെ 2025 ജാപ്പനീസ് മൊബിലിറ്റി ഷോ അരങ്ങേറാന്‍ പോകുകയാണ്. ടോക്കിയോ ബിഗ്‌സൈറ്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഷോയില്‍ സുസുക്കി തങ്ങളുടെ പുതിയ കാറുകളും കണ്‍സെപ്റ്റ് പതിപ്പുകളും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
ഇവന്റിന് മുന്നോടിയായി പുതിയ വാഹനങ്ങളുടെ വിവരങ്ങള്‍ കമ്പനി ഓണ്‍ലൈനില്‍ പങ്കുവെച്ചിട്ടുണ്ട്. സുസുക്കിയുടെ സ്റ്റാളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും വിഷന്‍ ഇ-സ്‌കൈ ഇലക്ട്രിക് കെയ് കാര്‍ (Suzuki Vision e-Sky Electric Concept). ഇത് വാഗണ്‍ആറിന്റെ ഇലക്ട്രിക് പതിപ്പായും പരിഗണിക്കപ്പെടുന്നു. ജാപ്പനീസ് കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറാണിത്.

സുസുക്കി വിഷന്‍ ഇ-സ്‌കൈ കണ്‍സെപ്റ്റ് ഇലക്ട്രിക് കെയ് കാറിന് 3,395 മില്ലിമീറ്റര്‍ നീളവും, 1,475 മില്ലിമീറ്റര്‍ വീതിയും, 1,625 മില്ലിമീറ്റര്‍ ഉയരവുമുണ്ട്. ഇതിന്റെ വലിപ്പം ജപ്പാനില്‍ വില്‍ക്കുന്ന പെട്രോള്‍ വാഗണ്‍ആറിന് സമാനമാണ്. വിഷന്‍ ഇ-സ്‌കൈയുടെ വീല്‍ബേസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് ഏകദേശം 2,450 മില്ലിമീറ്റര്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജപ്പാനില്‍ വില്‍പ്പനക്കെത്തുന്ന വാഗണ്‍ആറിന്റെ പെട്രോള്‍ പതിപ്പിന് സമാനമാണ് വിഷന്‍ ഇ-സ്‌കൈ കണ്‍സെപ്റ്റിന്റെ രൂപകല്‍പ്പന.
ഈ ഇലക്ട്രിക് കെയ് കാറിന് പുതിയ മുന്‍ഭാഗം ലഭിക്കുന്നു. ക്ലോസ്ഡ് ഗ്രില്ലും ഫ്‌ലാറ്റ് ബമ്പര്‍ സെക്ഷനുമുള്ള കുഞ്ഞന്‍ ഇവിക്ക് പിക്‌സല്‍ സ്‌റ്റൈല്‍ ലൈറ്റിംഗ് ഘടകങ്ങളും C-ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും ലഭിക്കുന്നു. വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ വീതിയേറിയ വീല്‍ ആര്‍ച്ചുകള്‍, റിട്രാക്ടബിള്‍ ഡോര്‍ ഹാന്‍ഡിലുകള്‍, പുതിയ വീലുകള്‍, ബ്ലാക്ക് A, B പില്ലറുകള്‍ എന്നിവ കാണാം.
പെട്രോള്‍ വാഗണ്‍ആറിന് ഫ്‌ലാറ്റായ റൂഫാണ് ലഭിക്കുന്നതെങ്കില്‍ വിഷന്‍ ഇ-സ്‌കൈ കണ്‍സെപ്റ്റ് ഇലക്ട്രിക് കെയ് കാറിന് നേരിയ ചരിവുള്ള റൂഫ് ആണുള്ളത്. ഇത് കാറിന് സ്‌പോര്‍ട്ടി രൂപം നല്‍കുന്നു. C-ആകൃതിയിലുള്ള ടെയില്‍ലൈറ്റുകള്‍, ഫ്‌ലാറ്റ് ബമ്പര്‍, വൈഡ് വിന്‍ഡ്‌സ്‌ക്രീന്‍, സ്‌പോയിലര്‍ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പുകള്‍ എന്നിവയാണ് റിയര്‍ എന്‍ഡിലുള്ളത്. സുസുക്കി വിഷന്‍ ഇസ്‌കൈ കണ്‍സെപ്റ്റിന് പുതിയതും ആകര്‍ഷകവുമായ കളര്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു.
വിഷന്‍ ഇ-സ്‌കൈ കണ്‍സെപ്റ്റിന്റെ അകത്തളത്തില്‍ പരമ്പരാഗത ജാപ്പനീസ് സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന ഡിസൈനാണ് സുസുക്കി അവതരിപ്പിക്കുന്നത്. ഡിജിറ്റല്‍ സ്‌ക്രീനുകള്‍ക്കും സെന്‍ട്രല്‍ കണ്‍സോളിനും മിറര്‍ തീം ഉപയോഗിച്ചിരിക്കുന്നു. ഏകദേശം 12 ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഡാഷ്‌ബോര്‍ഡിലും ഡോറുകളിലും ആംബിയന്റ് ലൈറ്റിംഗും കാണാം. ഫ്രണ്ട് സീറ്റുകള്‍ക്കിടയിലുള്ള ഫ്‌ലോട്ടിംഗ് കണ്‍സോളില്‍ വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിംഗ് പാഡ് നല്‍കിയിട്ടുണ്ട്.

കുറഞ്ഞ ഫിസിക്കല്‍ ബട്ടണുകള്‍ ഉപയോഗിച്ച് അകത്തളത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നതിനൊപ്പം ലൈറ്റ നിറങ്ങളുള്ള മള്‍ട്ടി-കളര്‍ തീം ശാന്തമായ ക്യാബിന്‍ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ വ്യക്തമായി കാണാനായി 3-സ്‌പോക്ക് സ്റ്റിയറിംഗ് ചതുരാകൃതിയില്‍ നല്‍കിയയിരിക്കുന്നു. പ്രായോഗികമായ നിരവധി സ്റ്റോറേജ് സൗകര്യങ്ങളുള്ള ട്രേ-സ്‌റ്റൈല്‍ ഡാഷ്‌ബോര്‍ഡാണ് ഈ കണ്‍സെപ്റ്റ് മോഡലില്‍ നല്‍കിയിട്ടുള്ളത്.
സുസുക്കി വിഷന്‍ ഇ-സ്‌കൈ ഇലക്ട്രിക് കെയ് കാര്‍ കണ്‍സെപ്റ്റിന്റെ ബാറ്ററി, മോട്ടോര്‍, റേഞ്ച് തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, ഈ ഇലക്ട്രിക് കാറിന് 270 കിലോമീറ്ററിലധികം റേഞ്ച് ഉണ്ടാകുമെന്ന് സുസുക്കി അറിയിച്ചിട്ടുണ്ട്. വിഷന്‍ ഇ-സ്‌കൈ ഇന്ത്യയിലെത്താന്‍ സാധ്യതയില്ലെങ്കിലും, മാരുതി ഇവിടെ മറ്റൊരു സബ്-4-മീറ്റര്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചേക്കാം.
ഇന്ത്യയില്‍ പേറ്റന്റ് നേടിയ eWX ഇലക്ട്രിക് ഹാച്ച്ബാക്ക് ആയിരിക്കാം ഇത്. ബോക്‌സി, ടോള്‍ബോയ് ലുക്കില്‍ വിഷന്‍ ഇ-സ്‌കൈ കണ്‍സെപ്റ്റിനും പെട്രോള്‍ വാഗണ്‍ആറിനും സമാനമായി വരുന്ന eWx ഇലക്ട്രിക് ഹാച്ച്ബാക്കായിരിക്കും അത്. മാരുതി സുസുക്കി ഈ ഇവി ഇതിനോടകം പേറ്റന്റ് നേടിയിട്ടുണ്ട്. മാരുതി eWX ഇന്ത്യന്‍ വിപണിയില്‍ എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറുകളായ ടാറ്റ ടിയാഗോ ഇവി, എംജി കോമെറ്റ് ഇവി എന്നിവയുമായി ഏറ്റുമുട്ടും.


Click it and Unblock the Notifications








