1 ലിറ്റര്‍ എണ്ണയടിച്ചാല്‍ ഇത്രയും മൈലേജോ? ടാറ്റ ആള്‍ട്രോസോ അതോ എതിരാളികളോ കൂടുതല്‍ മികച്ചത് ?
ഇന്ത്യക്കാര്‍ എല്ലാ കാലത്തും പരിഗണിക്കുന്ന ഒന്നാണ് മൈലേജ്. പുതിയതാണെങ്കിലും സെക്കന്‍ഡ് ഹാന്‍ഡ് ആണെങ്കിലും ആദ്യം ചോദിക്കുക 'എത്ര കിട്ടും' എന്നാണ്. അതിന്റെ അര്‍ത്ഥം ഇപ്പോഴും ഇന്ത്യക്കാര്‍ കാര്‍ വാങ്ങുമ്പോള്‍ മൈലേജ് പരിഗണിക്കുന്നു എന്നതാണ്. ഉയര്‍ന്ന മൈലേജ് നല്‍കുന്ന ഒരു കാര്‍ ഒരു മധ്യവര്‍ഗ കുടുംബത്തിന്റെ ചെലവ് ലാഭിക്കാനുള്ള ഒരു നല്ല മാര്‍ഗമാണ്. അതുകൊണ്ട് മികച്ച മൈലേജുള്ള കാറുകള്‍ പുറത്തിറക്കുന്ന കാര്യത്തില്‍ വാഹന നിര്‍മാതാക്കള്‍ മത്സരിക്കുന്നു. ഇക്കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ടാറ്റ ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മൈലേജ് കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ആള്‍ട്രോസിന്റെ എതിരാളികളുമായി മൈലേജ് കണക്കുകള്‍ താരതമ്യം ചെയ്ത് നോക്കാം.
ടാറ്റ ഇക്കഴിഞ്ഞ ആഴ്ചയാണ് അവരുടെ ഫെയ്സ്ലിഫ്റ്റ് ചെയ്ത ആള്‍ട്രോസ് കാര്‍ 6.89 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുറത്തിറക്കിയത്. അകത്തും പുറത്തും വമ്പന്‍ മാറ്റങ്ങളുമായി എത്തിയ 2025 ബലേനോ നിലവില്‍ സെഗ്മെന്റിലെ ഏറ്റവും ഫീച്ചര്‍ റിച്ച് ആയ കാര്‍ ആണ്. ഇന്ത്യന്‍ വിപണിയില്‍ മാരുതി ബലേനോ, ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാന്‍സ എന്നിവയുമായി ഈ കാര്‍ ഏറ്റുമുട്ടുന്നത്.

പുതിയ ടാറ്റ ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് പെട്രോള്‍, ഡീസല്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. പുതിയ ടാറ്റ ആള്‍ട്രോസ് കാറിന്റെ സിഎന്‍ജി വേരിയന്റില്‍ പരമാവധി മൈലേജ് കിലോഗ്രാമിന് 26.90 കിലോമീറ്റര്‍ ആണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സിഎന്‍ജി വേരിയന്റില്‍ 30.61 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന മാരുതി ബലേനോയ്ക്കും ടൊയോട്ട ഗ്ലാന്‍സയ്ക്കുമെതിരെ കട്ടയ്ക്ക് നില്‍ക്കാന്‍ ഇത് സഹായിക്കുന്നു.
ടാറ്റ ആള്‍ട്രോസ് സിഎന്‍ജി വേരിയന്റില്‍ 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. 73.5 PS പവറും 103 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ കാറില്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ ഓപ്ഷന്‍ മാത്രമേയുള്ളൂ. അതേസമയം ഹ്യുണ്ടായി i20-യില്‍ നിലവില്‍ സിഎന്‍ജി വേരിയന്റ് ഇല്ല.

മാരുതി ബലേനോയുടെയും ടൊയോട്ട ഗ്ലാന്‍സയുടെയും സിഎന്‍ജി വേരിയന്റില്‍ 1.2 ലിറ്റര്‍ ബൈ-ഫ്യുവല്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ എഞ്ചിന്‍ പരമാവധി 77.5 PS പവറും 98.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. മൈലേജ് കൂടുതലായതിനാല്‍ തന്നെ നിലവില്‍ മാരുതി ബലേനോയും ടൊയോട്ട ഗ്ലാന്‍സയും മികച്ച വില്‍പ്പന നേടുന്നു.
എന്നാല്‍ ടാറ്റ ആള്‍ട്രോസ് കാര്‍ തിരഞ്ഞെടുക്കാന്‍ ആളുകള്‍ക്ക് മറ്റ് നിരവധി കാരണങ്ങളുണ്ട്. ഈ കാറിന് 210 ലിറ്റര്‍ ബൂട്ട് സ്പേസ് ഉണ്ട്. ദീര്‍ഘദൂര യാത്രകളില്‍ ധാരാളം ലഗേജ് ഉള്‍ക്കൊള്ളിക്കാന്‍ ഇത് സൗകര്യപ്രദമായിരിക്കും. ഈ കാറില്‍ ഇരട്ട സിലിണ്ടര്‍ സജ്ജീകരണമുണ്ട്.ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുള്ള പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ ഏക കാര്‍ കൂടിയാണ് ടാറ്റ ആള്‍ട്രോസ്.

1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ഈ കാറില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ച് 23.60 കിലോമീറ്റര്‍ മൈലേജ് ഈ കാര്‍ വാഗ്ദാനം ചെയ്യുന്നു. മാരുതി ബലേനോ, ഹ്യുണ്ടായി i20 കാറുകള്‍ക്ക് മുമ്പ് ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ഉണ്ടായിരുന്നു. ഇത് ഇപ്പോള്‍ നിര്‍ത്തലാക്കി.ടാറ്റ ആള്‍ട്രോസ് പെട്രോള്‍ എഞ്ചിന്‍ കാര്‍ 18 മുതല്‍ 20 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു.
അതേസമയം, ബലേനോ മാനുവല്‍ പതിപ്പ് ലിറ്ററിന് 22.35 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം 5-സ്പീഡ് എഎംടി ഗിയര്‍ബോക്‌സിനൊപ്പം 22.94 കിലോമീറ്റര്‍ മൈലേജും നല്‍കുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റുകളില്‍ ഹ്യുണ്ടായി i20 കാര്‍ ലിറ്ററിന് 20 മുതല്‍ 21 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു.

ഇന്ധനക്ഷമത പരിശോധിക്കുമ്പോള്‍ ബലേനോയും ഗ്ലാന്‍സയും ആള്‍ട്രോസിനേക്കാള്‍ ഒരുപടി മുകളിലാണ്. സവിശേഷതകള്‍, ഡിസൈന്‍, സൗകര്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ടാറ്റ ആള്‍ട്രോസ് എതിരാളികളെ കവച്ച് വെക്കുന്നു. ഇപ്പോള്‍ ടാറ്റ മോട്ടോര്‍സ് പ്രീമിയം ഹാച്ച്ബാക്ക് ഷോറൂമുകളിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ കാര്‍ ഷോറൂമില്‍ എത്തിയാല്‍ കാണാം. 2025 ജൂണ്‍ രണ്ട് മുതല്‍ ബുക്ക് ചെയ്യാം.


Click it and Unblock the Notifications








