ബലേനോയുടെ 'ബലംപിടുത്തം' കുറയും! ടാറ്റയുടെ ഒറ്റായാന്‍ എത്താറായി, നേരത്തെ ബുക്കിംഗ് എടുത്ത് ഷോറൂമുകാര്‍
ഈ മാസം വാഹനപ്രേമികള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ലോഞ്ചുകളില്‍ ഒന്നാണ് 2025 ടാറ്റ ആള്‍ട്രോസ്. പ്രീമിയം ഹാച്ച്ബാക്കിന്റെ മുഖംമിനുക്കിയ ലുക്ക് ടാറ്റ ഇതിനോടകം പുറത്ത് വിട്ടതിനാല്‍ മെയ് 22-ന് വില പ്രഖ്യാപനമായിരിക്കും നടക്കുക. അകത്തും പുറത്തും നിരവധി പരിഷ്‌കാരങ്ങളുമായി വരുന്ന പുത്തന്‍ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിനെ പുനര്‍നിര്‍ണയിക്കുന്ന താരത്തില്‍ നിരവധി സവിശേഷതകളുമായാണ് എത്തുന്നത്. പ്രധാന എതിരാളിയായ മാരുതി സുസുക്കി ബലേനോയില്‍ ഇല്ലാത്ത നിരവധി ഫീച്ചറുകള്‍ ഈ കാറില്‍ ടാറ്റ സജ്ജീകരിച്ചിട്ടുണ്ട്. 2025 ടാറ്റ ആള്‍ട്രോസ് വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു കാര്യമാണ് ഇനി പറയാന്‍ പോകുന്നത്.
2025 മെയ് 22 ന് വില്‍പ്പനയ്ക്കെത്താന്‍ പോകുന്ന മോഡലിന്റെ ബുക്കിംഗ് ടാറ്റ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലെങ്കിലും ചില ഡീലര്‍ഷിപ്പുകള്‍ ഓഫ്ലൈനായി റിസര്‍വ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സ്മാര്‍ട്ട്, പ്യുവര്‍, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് എസ്, അക്കംപ്ലഷ്ഡ് പ്ലസ് എസ് എന്നീ അഞ്ച് വേരിയന്റുകളില്‍ ഇത് ലഭ്യമാകും. 2025 ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് വാങ്ങാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കാറിനെ കുറിച്ച് അറിയേണ്ടതെല്ലാം പറഞ്ഞുതരാം.

ഡ്യൂണ്‍ ഗ്ലോ, എംബര്‍ ഗ്ലോ, പ്യുര്‍ ഗ്രേ, റോയല്‍ ബ്ലൂ, പ്രിസ്‌റ്റൈന്‍ വൈറ്റ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് ആള്‍ട്രോസ് വില്‍പ്പനക്കെത്തിക്കുക. ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി 2025 ടാറ്റ ആള്‍ട്രോസിന്റെ ഡിസൈനിംഗില്‍ സ്വാഭാവികമായും ചില പരിണാമങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പുതിയ ഡ്യുവല്‍-പോഡ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഐബ്രോ ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍, ഫ്യൂച്ചറിസ്റ്റിക് പിക്സല്‍-ടൈപ്പ് എല്‍ഇഡി ഫോഗ് ലാമ്പുകള്‍ എന്നിവയ്‌ക്കൊപ്പം മുന്നിലും പിന്നിലും ബ്ലാക്ക് ട്രീറ്റ്‌മെന്റുകളും നല്‍കി അല്‍പ്പം കൂടി സ്‌പോര്‍ട്ടിയറാക്കി മാറ്റിയിട്ടുണ്ട്.
ലോവര്‍ വകഭേദങ്ങളില്‍ സ്റ്റീല്‍ വീലുകളാണ് ഒരുക്കിയിരിക്കുന്നതെങ്കിലും ക്രിയേറ്റീവ് വേരിയന്റുകള്‍ മുതല്‍ 16 ഇഞ്ച് അലോയ് വീലുകള്‍ ടാറ്റ സമ്മാനിച്ചിട്ടുണ്ട്. ക്രിയേറ്റീവ് ട്രിം ലെവലില്‍ 16 ഇഞ്ച് ഹൈപ്പര്‍ സ്‌റ്റൈല്‍ ഡ്യുവല്‍ ടോണ്‍ വീലുകളും ടോപ്പില്‍ ഡ്രാഗ് കട്ട് R16 അലോയ് വീലുകള്‍ ഉണ്ടാകും. ഫ്രണ്ടില്‍ ഇല്യുമിനേറ്റഡ് ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ കൊണ്ടുവന്നതാണ് പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്. റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ സി പില്ലറുകളില്‍ തുടരുന്നു. അകത്തളത്തില്‍ സമൂലമായ മാറ്റങ്ങള്‍ ദൃശ്യമാണ്.

പുതിയ ബീജ് അപ്‌ഹോള്‍സ്റ്ററി ക്യാബിന്‍ അല്‍പ്പം കൂടി പ്രീമിയമാക്കി മാറ്റുന്നു. പിന്‍ സീറ്റ് ആംറെസ്റ്റില്‍ ഇപ്പോള്‍ രണ്ട് കപ്പ് ഹോള്‍ഡര്‍ സ്ലോട്ടുകള്‍ ലഭിക്കുന്നു. ഔട്ട്‌ഗോയിംഗ് മോഡലില്‍ ഇത് ഇല്ലായിരുന്നു. മോഡേണ്‍ ലുക്കിലുള്ള ഡാഷ്ബോര്‍ഡ് ഡിസൈനും 2-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ഇല്യുമിനേറ്റഡ് ടാറ്റ ലോഗോ എന്നിവ കാണാം. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനൊപ്പം അപ്‌ഡേറ്റഡ് ആള്‍ട്രോസിന് സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറായിക്കൊണ്ട് പുതിയ 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ ലഭിക്കുന്നു.
പുതിയ ടച്ച് അധിഷ്ഠിത എസി കണ്‍ട്രോള്‍ പാനലും കാറില്‍ ടാറ്റ നല്‍കിയിരിക്കുന്നു. 10.25 ഇഞ്ച് സൈസിലുള്ള ഇരട്ട സ്‌ക്രീനുകള്‍ക്ക് പുറമേ 2025 ടാറ്റ ആള്‍ട്രോസില്‍ സിംഗിള്‍-പെയിന്‍ സണ്‍റൂഫ്, റിയര്‍ വെന്റുകളുള്ള ഓട്ടോ എസി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ-ഫോള്‍ഡിംഗ് ഒആര്‍വിഎമ്മുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നീ സൗകര്യങ്ങളും ലഭ്യമാണ്. എല്ലാ ടാറ്റ കാറുകളെയും പോലെ ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റും സേഫ്റ്റിയുടെ കാര്യത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍ നല്‍കുന്നതോടൊപ്പം ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററുള്ള 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ചൈല്‍ഡ് സെറ്റ് ആങ്കറേജുകള്‍, എല്ലാ യാത്രക്കാര്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവയുള്‍പ്പെടുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും ക്രാഷ് ടെസ്റ്റില്‍ സ്റ്റാറുകള്‍ വാരിക്കൂട്ടുമെന്നുറപ്പാണ്.
2025 ആള്‍ട്രോസിന്റെ എഞ്ചിന്‍ ഓപ്ഷനുകള്‍ ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 1.2 ലിറ്റര്‍ NA പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, ട്വിന്‍ സിലിണ്ടര്‍ പെട്രോള്‍-സിഎന്‍ജി ബൈ-ഫ്യുവല്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാവും തുടര്‍ന്നും ആള്‍ട്രോസിന് തുടിപ്പേകാനെത്തുക. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉണ്ടാകും.
ടൊയോട്ട ഗ്ലാന്‍സ, മാരുതി ബലേനോ, ഹ്യുണ്ടായി i20 തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്കുകളുമായി മത്സരിക്കുന്ന ആള്‍ട്രോസിന് ഏകദേശം 7 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു. ഡീസല്‍ ഓപ്ഷനില്‍ വാങ്ങാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകളില്‍ ഒന്നായ ആള്‍ട്രോസിന്റെ അപ്‌ഡേറ്റഡ് പതിപ്പ് വില്‍പ്പന ഉയര്‍ത്തുമെന്ന് തന്നെയാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ ഈ കാര്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏറ്റവും അടുത്ത ടാറ്റ ഷോറൂമില്‍ അതിനുള്ള സൗകര്യം ലഭ്യമാണോയെന്ന് അന്വേഷിക്കുക.


Click it and Unblock the Notifications








