ഇന്ത്യന്‍ വേണോ അതോ ഫ്രഞ്ച് വേണോ? കര്‍വ് Vs ബസാള്‍ട്ട് ഡാര്‍ക്ക് എഡിഷനുകള്‍ മാറ്റുരയ്ക്കാം
ഒരു കാറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനും അതിനെ സവിശേഷമാക്കാനും ബ്രാന്‍ഡുകള്‍ പയറ്റുന്ന ഒരു തന്ത്രമാണ് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ കൊണ്ടുവരുന്നത്. അടുത്ത കാലത്തായി രാജ്യത്ത് ഡാര്‍ക്ക് എഡിഷന്‍ കാറുകളുടെ പ്രചാരം വര്‍ധിച്ചിരിക്കുകയാണ്. ഓരോ കമ്പനികളും അവരുടെ സ്‌പെഷ്യല്‍ എഡിഷന് വ്യത്യസ്ത പേരുകള്‍ നല്‍കുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയില്‍ രണ്ട് എസ്‌യുവി കൂപ്പെകള്‍ക്ക് ഡാര്‍ക്ക് എഡിഷനുകള്‍ ലഭിച്ചു. സിട്രണ്‍ ബസാള്‍ട്ട് ഡാര്‍ക്ക് എഡിഷനും ടാറ്റ കര്‍വ് ഡാര്‍ക്ക് എഡിഷനുമാണ് അവ. ഇന്ത്യയിലെ ആദ്യത്തെ മാസ് മാര്‍ക്കറ്റ് എസ്‌യുവി കൂപ്പെ ആയിരുന്നു സിട്രണ്‍ ബസാള്‍ട്ട് എങ്കില്‍ രാജ്യത്തെ ആദ്യത്തെ ബ്ലാക്ക്ഡ് ഔട്ട് എസ്‌യുവി കൂപ്പെ കര്‍വാണ്.
ഡാര്‍ക്ക് എഡിഷന്‍ മോഡലില്‍ സാധാരണ പതിപ്പില്‍ നിന്ന് കറുപ്പ് നിറത്തില്‍ മാത്രമാണ് വ്യത്യാസം. അതേസമയം സവിശേഷതകളിലും പവര്‍ട്രെയിനിലും മാറ്റമൊന്നും വരാറില്ല. ഈ സാഹചര്യത്തില്‍, ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ടാറ്റയുടെയും സിട്രണിന്റെയും കൂപ്പെ സ്‌റ്റൈല്‍ എസ്‌യുവികളുടെ ബ്ലാക്ക് എഡിഷന്‍ പതിപ്പുകള്‍ തമ്മില്‍ നമുക്ക് താരതമ്യം ചെയ്യാം.

ആദ്യം നമുക്ക് ഇരുകാറുകളുടെയും ഡിസൈന്‍ നോക്കാം. ടാറ്റ കര്‍വ് ബ്ലാക്ക് എഡിഷന്റെ എക്‌സ്റ്റീരിയര്‍ കാര്‍ബണ്‍ ബ്ലാക്ക് എന്ന് കമ്പനി വിശേഷിപ്പിക്കുന്ന കറുപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. എസ്‌യുവി കൂപ്പെയില്‍ ബ്ലാക്ക് കളറിലുള്ള ഫ്രണ്ട്, റിയര്‍ ബമ്പറുകളും ഉണ്ട്. ഇതിന് പുറമെ ടാറ്റ കര്‍വ് ബ്ലാക്ക് എഡിഷനില്‍ 18 ഇഞ്ച് കസ്റ്റം ഡാര്‍ക്ക് അലോയ് വീലുകളും നല്‍കിയിരിക്കുന്നു.
സിട്രണ്‍ ബസാള്‍ട്ട് ഡാര്‍ക്ക് എഡിഷനിലേക്ക് വന്നാല്‍ ഇതിന്റെ എക്‌സ്റ്റീരിയര്‍ പെര്‍ല നേര ബ്ലാക്ക് ഷെയ്ഡിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. എസ്‌യുവിയുടെ ബാഡ്ജ്, ഫ്രണ്ട് ഗ്രില്‍, ബോഡി സൈഡ് ക്ലാഡിംഗ് എന്നിവയും ഡാര്‍ക്ക് ക്രോമില്‍ പൊതിഞ്ഞിരിക്കുന്നു. എസ്‌യുവിയുടെ ബമ്പറും ഡോര്‍ ഹാന്‍ഡിലുകളും ഗ്ലോസ് ബ്ലാക്ക് നിറത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു.
വലിപ്പം നോക്കിയാല്‍ സിട്രണ്‍ ബസാള്‍ട്ടിന് 4,352 mm നീളമാണുള്ളത്. ഇത് ടാറ്റ കര്‍വിനേക്കാള്‍ 44 mm കൂടുതലാണ്. ടാറ്റ കൂപ്പെ എസ്‌യുവിക്ക് 1,810 mm വീതിയും 1,630 mm ഉയരവുമുണ്ട്. അതേസമയം ബസാള്‍ട്ടിന് 1,765 mm വീതിയും 1,593 mm ഉയരവുമാണുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ കര്‍വിന് ബസാള്‍ട്ടിനേക്കാള്‍ 45 mm വീതിയും 37 mm ഉയരവും കൂടുതലുണ്ട്.
ടാറ്റ കര്‍വിന് 2,560 mm വില്‍ബേസ് ലഭിക്കുമ്പേള്‍ എതിരാളിക്ക് ഇത് 2,651 mm ആണ്. 470 ലിറ്ററാണ് ബസാള്‍ട്ടിന്റെ ബൂട്ട് ശേഷി. എന്നാല്‍ കര്‍വിന് 30 ലിറ്റര്‍ ലഗേജ് അധികം സജ്ജീകരിക്കവുന്ന 500 ലിറ്റര്‍ ശേഷിയുള്ള ബൂട്ട് സ്‌പെയ്‌സ് ലഭിക്കുന്നു. രണ്ട് എസ്‌യുവികളും അതിശയിപ്പിക്കുന്ന സവിശേഷതകളാല്‍ സജ്ജീകരിച്ചിരിക്കുന്നു.

ടാറ്റ കര്‍വ് ഡാര്‍ക്ക് എഡിഷന്റെ മൊത്തത്തിലുള്ള ക്യാബിന്‍ നിലനിര്‍ത്തുന്നുണ്ടെങ്കിലും ബ്ലാക്ക് തീമിലാണ് ഇത് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഹെഡ്റെസ്റ്റുകളില്‍ ഡാര്‍ക്ക് ബാഡ്ജിംഗ് നല്‍കിയിരിക്കുന്നു. ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍, ഡോര്‍ ട്രിമ്മുകള്‍ എന്നിവയില്‍ ബ്ലാക്ക് ട്രീറ്റ്‌മെന്റ് ലഭിക്കുന്നു. മാത്രമല്ല നീല ആംബിയന്റ് ലൈറ്റിംഗും നല്‍കിയിരിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് കര്‍വിന് സമാനമായ ഫീച്ചര്‍ ലിസ്റ്റാണ് കര്‍വ് ഡാര്‍ക്ക് എഡിഷനിലും ടാറ്റ ഓഫര്‍ ചെയ്യുന്നത്.
വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 12.30 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഒമ്പത് സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് പ്രധാന ഹൈലൈറ്റുകള്‍.
ബ്ലാക്ക് തീമില്‍ തന്നെയാണ് ബസാള്‍ട്ടിന്റെ അകത്തളവും പൂര്‍ത്തിയാക്കിയിരിക്കുന്നത്. കസ്റ്റം സീറ്റ് കവറുകള്‍, ഡാര്‍ക്ക് ക്രോം മോള്‍ഡിംഗുകള്‍, ഗ്രില്‍ എംബ്ലം തുടങ്ങിയ ഘടകങ്ങള്‍ കുറഞ്ഞപ്പോള്‍ മെട്രോപൊളിറ്റന്‍ ബ്ലാക്ക് ലെതറെറ്റ് സീറ്റുകള്‍, ലെതറെറ്റ് പൊതിഞ്ഞ ഇന്‍സ്ട്രുമെന്റ് പാനല്‍, റെഡ് കോണ്‍ട്രാസ്റ്റിംഗ് സ്റ്റിച്ചിംഗ് ഉള്ള കാര്‍ബണ്‍ ബ്ലാക്ക് ഇന്റീരിയറുകള്‍ എന്നിവ ബസാള്‍ട്ട് ഡാര്‍ക്ക് എഡിഷന്റെ ഇന്റീരിയറിലെ പ്രധാന ആകര്‍ഷണങ്ങളാകുന്നു.
7് ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, 10.25 ഇഞ്ച് ഫ്‌ലോട്ടിംഗ് ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, റിയര്‍ എയര്‍ വെന്റുകളുള്ള ഒരു ഓട്ടോമേറ്റഡ് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവ ബസാള്‍ട്ട് ഡാര്‍ക്ക് എഡിഷനില്‍ ഫ്രഞ്ച് കമ്പനി സജ്ജീകരിച്ചിരിക്കുന്നു.
ടാറ്റ കര്‍വ് ഡാര്‍ക്ക് എഡിഷനില്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമുണ്ട്. ണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 7സ്പീഡ് ഡ്യുവല്‍-ക്ലാച്ച് ഓട്ടോമാറ്റിക്കുമായി ജോടിയാക്കാം. ഉയര്‍ന്ന വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ ബസാള്‍ട്ട് ഡാര്‍ക്ക് എഡിഷനില്‍ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുക. 6-സ്പീഡ് മാനുവല്‍, ടോര്‍ക്ക് കോണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരുന്നു.
കര്‍വ് ബ്ലാക്ക് എഡിഷന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 16.49 ലക്ഷം രൂപ മുതല്‍ 19.52 ലക്ഷം രൂപ വരെയാണ്. അതേസമയം സിട്രണ്‍ ബസാള്‍ട്ട് ഡാര്‍ക്ക് എഡിഷന്റെ എക്‌സ്-ഷോറൂം വില 12.80 ലക്ഷം രൂപയാണ്. ബസാള്‍ട്ട് ഡാര്‍ക്ക് എഡിഷന് കര്‍വിനേക്കാള്‍ വില കുറവാണെന്നത് നേര് തന്നെ, എന്നാല്‍ കൂടുതല്‍ ഫീച്ചറുകളും വൈവിധ്യമാര്‍ന്ന എഞ്ചിന്‍-ട്രാന്‍സ്മിഷന്‍ ചോയ്‌സുകളും വേണ്ടവര്‍ക്ക് കര്‍വ് തന്നെ ശരണം. ഈ കരിമ്പുലികള്‍ രണ്ട് മോഡലുകളുടെയും വില്‍പ്പന വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








