ജനങ്ങള്‍ ആവശ്യപ്പെട്ട മാറ്റം നടപ്പാക്കുന്നതോടെ വില കുറയും; ഡിസംബർ മുതൽ ടാറ്റ ഷോറൂമില്‍ കൂടുതല്‍ ആളുകയറും
ഉത്സവ സീസണ്‍ അവസാനിച്ചെങ്കിലും ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള ലോഞ്ച് മേളങ്ങള്‍ അവസാനിച്ചിട്ടില്ല. ഈ മാസം 25-ാം തീയതി ടാറ്റ പുതിയ സിയറ എസ്‌യുവി അവതരിപ്പിക്കാന്‍ പോകുകയാണ്. സിയറയുടെ അവതാരപ്പിറവി കണ്ട് കോരിത്തരിച്ച് നില്‍ക്കുന്ന ഫാന്‍സിന് മുന്നിലേക്ക് അധികം വൈകാതെ അടുത്ത ഐറ്റം അങ്ങ് ഇറക്കി വിടും. പറഞ്ഞ് വരുന്നത് രാജ്യത്തെ എസ്‌യുവി പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഹാരിയര്‍, സഫാരി എസ്‌യുവികളുടെ പെട്രോള്‍ പതിപ്പുകളെ കുറിച്ചാണ്. ജനപ്രിയ എസ്‌യുവികളുടെ പെട്രോള്‍ പതിപ്പുകളുടെ ലോഞ്ച് തീയതി ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. എസ്‌യുവികളുടെ പെട്രോള്‍ പതിപ്പുകളില്‍ നമുക്ക് എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
അഞ്ച് വര്‍ഷമായി വികസനത്തിലുള്ള 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡയരക്റ്റ് ഇഞ്ചക്ഷന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 2023 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ മോട്ടോര്‍സ് പ്രദര്‍ശിപ്പിച്ചിരുന്നു. നിലവില്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രം വില്‍ക്കുന്ന ഹാരിയര്‍, സഫാരി എസ്‌യുവി ഇരട്ടകള്‍ക്ക് ഈ എഞ്ചിന്‍ ലഭിക്കുമെന്നും ടാറ്റ വെളിപ്പെടുത്തിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം പുത്തന്‍ ഹൃദയവുമായി ജനപ്രിയര്‍ പുറത്തിറങ്ങാന്‍ പോകുകയാണ്.

ടാറ്റയുടെ ഹൈപ്പീരിയന്‍ സീരീസില്‍ വരുന്ന പുത്തന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ സജ്ജീകരിച്ചെത്തുന്ന സഫാരിയും ഹാരിയറും ഈ മാസം അവസാനമോ അല്ലെങ്കില്‍ ഡിസംബറിലോ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇപ്പോള്‍ എസ്‌യുവികളുടെ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പതിപ്പുകള്‍ ഡിസംബര്‍ 9 മുതല്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഹൈപ്പീരിയന്‍ സീരീസില്‍ വരുന്ന ഈ എഞ്ചിന്‍ ഘടിപ്പിച്ചെത്തുന്ന ആദ്യത്തെ കാര്‍ നമ്മള്‍ മുകളില്‍ പറഞ്ഞ ടാറ്റ സിയറ എസ്‌യുവിയായിരിക്കും. നവംബര്‍ 25-നാണ് ഈ കാറിന്റെ ഗ്ലോബല്‍ പ്രീമിയര്‍.
ഈ കാറുകളും പിന്നാലെ വരും. ഈ ഹൈപ്പീരിയന്‍ ടര്‍ബോ TGI എഞ്ചിന്‍ 5000 ആര്‍പിഎമ്മില്‍ 170 bhp പവറും 5000 ആര്‍പിഎമ്മില്‍ 280 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. ഒരേ ട്യൂണിംഗിലായിരിക്കും ഹാരിയര്‍, സഫാരി പെട്രോള്‍ പതിപ്പുകള്‍ക്ക് ഇത് ലഭിച്ചേക്കുക. ഈ ശക്തമായ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന്റെ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ അല്ലെങ്കില്‍ ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിയറയുടെ അവതരണ വേളയില്‍ ട്രാന്‍സ്മിഷന്‍ ചോയ്‌സുകളെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കും. സിയറയുടെ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്ക് 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനുകള്‍ ലഭിക്കുന്നുണ്ട്. പക്ഷേ, ഹാരിയറിനും സഫാരിക്കും നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കാന്‍ സാധ്യതയില്ല.
അതേസമയം, ഈ പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തങ്ങളുടെ കോമ്പസിനും മെറിഡിയനും നല്‍കാനായി ജീപ്പ് ടാറ്റയില്‍ നിന്നും കടംവാങ്ങാന്‍ സാധ്യതയുണ്ട്. വലിയ കാറുകള്‍ വാങ്ങുന്ന പലരും നല്ല പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നതിനാല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഹാരിയറിലും സഫാരിയിലും ഡീസല്‍ ഓപ്ഷന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പെട്രോള്‍ ഓപ്ഷന്‍ കൂടി വരുന്നതോടെ ഈ കാറുകളുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. വിപണിയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ഈ അപ്‌ഡേറ്റ് കൊണ്ട് സാധിച്ചേക്കാം.

മുന്‍നിര മോഡലുകളില്‍ പെട്രോള്‍ എഞ്ചിന്‍ ഉള്‍പ്പെടുത്താനുള്ള ടാറ്റയുടെ നീക്കം തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. അതുപോലെ കമ്പനി അതിന്റെ ഡീസല്‍ എഞ്ചിനിലും ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ഹാരിയര്‍, സഫാരി പെട്രോള്‍ മോഡലുകളുടെ വില ഡീസല്‍ വേരിയന്റുകളേക്കാള്‍ അല്‍പ്പം കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹാരിയറിന് നിലവില്‍ 14 ലക്ഷം മുതല്‍ 25.25 ലക്ഷം രൂപ വരെയാണ് വില, അതേസമയം സഫാരിക്ക് 14.66 ലക്ഷം മുതല്‍ 25.96 ലക്ഷം രൂപ വരെയാണ് വില.
ടാറ്റയുടെ 5 സീറ്റര്‍ ഫ്‌ലാഗ്ഷിപ്പ് മോഡലുകള്‍ ജീപ്പ് കോമ്പസ്, എംജി ഹെക്ടര്‍ എന്നിവയുമായി മത്സരിക്കുന്നു. അതേസമയം മൂന്ന് നിര പതിപ്പുകള്‍ മഹീന്ദ്ര XUV700, ഹ്യുണ്ടായി അല്‍കാസര്‍, ജീപ്പ് മെറിഡിയന്‍ എന്നിവയുമായി മത്സരിക്കുന്നു. മുകളില്‍ പറഞ്ഞ ജീപ്പ് എസ്‌യുവികള്‍ ഒഴികെ, മറ്റ് എല്ലാ എതിരാളികള്‍ക്കും പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഉണ്ട്, കൂടാതെ ഹാരിയറിന്റെയും സഫാരിയുടെയും പെട്രോള്‍ പതിപ്പുകള്‍ ഉപയോഗിച്ച് ടാറ്റക്ക് അതിന്റെ മോഡല്‍ നിരയിലെ ഈ വിടവ് നികത്താന്‍ കഴിയും.


Click it and Unblock the Notifications








