അടിച്ചുകയറി ഹാരിയര്‍ ഇവി, വമ്പന്‍ ഡിമാന്‍ഡ്! കാത്തിരിക്കേണ്ടത് 30 ആഴ്ച വരെ
മികച്ച പ്രകടനം, സുരക്ഷിതത്വം, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയെല്ലാം ഒത്തുചേര്‍ന്ന ടാറ്റ ഹാരിയര്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ആനപ്പാറയില്‍ കയറ്റുന്ന ഒറ്റ പരസ്യം കൊണ്ട് പാന്‍ ഇന്ത്യ റീച്ച് നേടിയ ഹാരിയര്‍ ഇവിയുടെ വില നിര്‍ണയത്തിലും ടാറ്റ നിരാശപ്പെടുത്തിയില്ല. ഹാരിയര്‍ ഇവിയുടെ വരവിനെ തുടര്‍ന്ന് മഹീന്ദ്ര BE 6, XEV 9e എന്നീ മോഡലുകളില്‍ ചെറിയ ബാറ്ററി പായ്ക്ക് വരെ കൊണ്ടുവന്നു. ഇവി പുറത്തിറക്കി ഒരുമാസം കഴിഞ്ഞ 2025 ജൂലൈ രണ്ടിനാണ് ബുക്കിംഗ് ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ 10000 ബുക്കിംഗ് വാരിക്കൂട്ടി ഹാരിയര്‍ ഇവി ട്രെന്‍ഡിന്റെ സൂചന നല്‍കിയിരുന്നു.
ഇപ്പോള്‍ ഹാരിയര്‍ ഇവിക്കുള്ള ഡിമാന്‍ഡ് സൂചിപ്പിച്ച് കാത്തിരിപ്പ് കാലയളവ് വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനത്തിന് ആവശ്യക്കാര്‍ ഏറിയതോടെ ഹാരിയര്‍ ഇവിയുടെ കാത്തിരിപ്പ് കാലാവധി 12 മുതല്‍ 30 ആഴ്ച വരെയായി ഉയര്‍ന്നു. അതായത് കാറിന്റെ ചില വേരിയന്റുകള്‍ ബുക്ക് ചെയ്താല്‍ താക്കോല്‍ കൈയ്യില്‍ കിട്ടാന്‍ ആറ് മാസം വരെ എടുക്കും. ഹാരിയര്‍ ഇവി മോഡലുകളുടെ കാത്തിരിപ്പ് കാലാവധി വിശദമായി താഴെ വായിക്കാം.

അഡ്വഞ്ചര്‍, ഫിയര്‍ലെസ്+, എംപവേര്‍ഡ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഹാരിയര്‍ ഇവി പ്രധാനമായും ലഭ്യമാകുന്നത്. 21.49 ലക്ഷം രൂപ മുതല്‍ 27.49 ലക്ഷം രൂപ വരെയാണ് റിയര്‍ വീല്‍ ഡ്രൈവ് (RWD) മോഡലുകളുടെ വില. അതേസമയം ടാറ്റ QWD എന്ന് വിളിക്കുന്ന ഓള്‍വീല്‍ ഡ്രൈവ് (AWD) വേരിയന്റുകളുടെ വില 28.99 ലക്ഷം രൂപ മുതല്‍ 30.23 ലക്ഷം രൂപ വരെയാണ്.
ഇക്കൂട്ടത്തില്‍ അഡ്വഞ്ചര്‍, ഫിയര്‍ലെസ്+ വേരിയന്റുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലാവധിയുള്ളതെന്ന് മോട്ടോര്‍ അറീന തങ്ങളുടെ എക്‌സ് പേജില്‍ പങ്കുവെച്ച ചിത്രത്തില്‍ പറയുന്നു. ഹാരിയര്‍ ഇവി മോഡലുകളില്‍ ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലാവധിയുള്ളത് അഡ്വഞ്ചര്‍ 65, അഡ്വഞ്ചര്‍ 65 ACFC വേരിയന്റുകള്‍ക്കാണ്.
28 മുതല്‍ 30 ആഴ്ച വരെ, അതായത് ഏകദേശം 7 മാസത്തോളമാണ് ഈ രണ്ട് വേരിയന്റുകള്‍ക്കുമുള്ള കാത്തിരിപ്പ് കാലാവധി. അഡ്വഞ്ചര്‍ S65, അഡ്വഞ്ചര്‍ S 65 ACFC മോഡലുകള്‍ക്ക് 18 മുതല്‍ 21 ആഴ്ച വരെയാണ് കാത്തിരിപ്പ് കാലാവധി. അതായത് വേരിയന്റുകള്‍ ബുക്ക് ചെയ്ത് വണ്ടി കൈയ്യില്‍ കിട്ടാന്‍ ഏകദേശം 5 മാസത്തോളം കാത്തിരിക്കേണ്ടി വരും.
ഹാരിയര്‍ ഇവി ഫിയര്‍ലെസ്+ 65, ഫിയര്‍ലെസ്+ 65 ACFC, ഫിയര്‍ലെസ്+ 75, ഫിയര്‍ലെസ്+ 75 ACFC എന്നീ മോഡലുകള്‍ക്കും 18 മുതല്‍ 21 ആഴ്ച വരെയാണ് കാത്തിരിപ്പ് കാലാവധി.ഹാരിയര്‍ ഇവിയുടെ ടോപ്പ് സ്‌പെക്ക് എംപവേര്‍ഡ് വേരിയന്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വളരെ വേഗത്തില്‍ ഡെലിവറിയെടുക്കാം. ഇതില്‍ എഡബ്ല്യുഡി വേരിയന്റുകളും ഉള്‍പ്പെടുന്നു. ഏകദേശം 3.5 മാസമാണ് (12 മുതല്‍ 15 ആഴ്ച വരെ) ഈ മോഡലുകളുടെ വെയിറ്റിംഗ് പീരിയഡ്.

ഹാരിയര്‍ ഇവി എംപവേര്‍ഡ് 75 ACFC, എംപവേര്‍ഡ് ST 75ACFC, എംപവേര്‍ഡ് AWD 75 ACFC, എംപവേര്‍ഡ് AWD ST 75 FC, എംപവേര്‍ഡ് 75, എംപവേര്‍ഡ് ST 75, എംപവേര്‍ഡ് AWD 75, എംപവേര്‍ഡ് AWD ST 75 തുടങ്ങിയവയാണ് ഈ വേരിയന്റുകള്‍. കാത്തിരിപ്പ് കാലാവധി ഓരോ സ്ഥലങ്ങള്‍ക്കും ഡീലര്‍ഷിപ്പുകള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ടെന്ന കാര്യം ഇതിനൊപ്പം ചേര്‍ത്ത് വായിക്കുക.
ഹാരിയര്‍ ഇവി 65 kWh, 75 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓഫര്‍ ചെയ്യുന്നത്. ഉയര്‍ന്ന പതിപ്പായ എംപവേര്‍ഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള സ്റ്റെല്‍ത്ത് എഡിഷന്‍ 75 kWh ബാറ്ററി പായ്ക്കില്‍ മാത്രമാണ് വരുന്നത്. 65 kWh ബാറ്ററിയിലുള്ള റിയര്‍-വീല്‍ ഡ്രൈവിന് 538 കിലോമീറ്റര്‍ വരെയും, 75 kWh ബാറ്ററി പതിപ്പിന് 622 കിലോമീറ്റര്‍ വരെയും റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.റിയല്‍ വേള്‍ഡ് റേഞ്ച് 500 കിലോമീറ്ററില്‍ കൂടുതലായിരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ട്.

ഡ്യുവല്‍ മോട്ടോര്‍ ഓള്‍-വീല്‍-ഡ്രൈവ് സെറ്റപ്പ് നല്‍കിയിട്ടുള്ള ആദ്യത്തെ ഇലക്ട്രിക് കാര്‍ ആണ് ഹാരിയര്‍ ഇവി. ഇതില്‍ ഓരോ ആക്സിലിലും ഓരോ ഇലക്ട്രിക് മോട്ടോര്‍ ഉണ്ട്. ബൂസ്റ്റ് മോഡ് ഉപയോഗിച്ച് ഹാരിയര്‍ ഇവിക്ക് 6.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ഐസിഇ ഹാരിയറില്‍ നോര്‍മല്‍, റഫ്, വെറ്റ് എന്നിങ്ങനെ 3 ടെറൈന്‍ മോഡുകള്‍ മാത്രമാണുള്ളത്. എന്നാല്‍ ഇലക്ട്രിക് ഹാരിയറില്‍ ടാറ്റ മോട്ടോര്‍സ് മൊത്തം 6 മള്‍ട്ടി-ടെറൈന്‍ മോഡുകള്‍ നല്‍കി.
നോര്‍മല്‍, മഡ് റട്സ്, റോക്ക് ക്രാള്‍, സാന്‍ഡ്, സ്നോ/ഗ്രാസ്, കസ്റ്റം മോഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മോഡുകള്‍ പവര്‍ ഡെലിവറി, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ത്രോട്ടില്‍ റെസ്പോണ്‍സ് എന്നിവ മാറ്റി ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ സഹായകമാവുന്നു.ഹാരിയര്‍ ഇവിയില്‍ ഏറ്റവും വലിയ പുതിയ 14.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിച്ചു. സാംസങ് നിര്‍മ്മിച്ച നിയോ ക്യൂഎല്‍ഇഡി ഡിസ്‌പ്ലേ ഉപഭോക്താക്കള്‍ക്ക് മികച്ച കാഴ്ചാനുഭവം നല്‍കുന്നു.
ഹാരിയര്‍ ഇവിയില്‍ ഷാര്‍ക്ക് ഫിന്‍ ആന്റിനയില്‍ ഒരു അധിക ക്യാമറയുണ്ട്. ഈ ക്യാമറയില്‍ നിന്നുള്ള ഫീഡ് ഡിജിറ്റല്‍ ഐആര്‍വിഎമ്മില്‍ കാണാം. ഇത് കാറിന്റെ പിന്നില്‍ നിന്നുള്ള വ്യക്തമായ കാഴ്ച നല്‍കുന്നു. റെക്കോര്‍ഡിംഗ് ഫംഗ്ഷനുമുള്ള ഇത് സുരക്ഷയ്ക്കായി ഡാഷ്‌ക്യാമായും പ്രവര്‍ത്തിക്കുന്നു. ടാറ്റയുടെ സമീപകാലത്ത് പുറത്തിറങ്ങിയ മറ്റ് ഇവികളെ പോലെ ഹാരിയര്‍ ഇവി ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്.


Click it and Unblock the Notifications








