ടാറ്റ എന്ത് ഭാവിച്ചാണെന്ന് എതിരാളികൾ! മലകയറ്റത്തിന് ശേഷം 23 ടൺ ഭാരമുള്ള ടാങ്ക് കെട്ടിവലിച്ച് ഹാരിയർ ഇവി
ടാറ്റ ഒരു മോഡൽ അവതരിപ്പിക്കുക എന്നാൽ അത് എതിരാളികളുടെ ചങ്കിൽ ഒരു കത്തി കുത്തിയിറക്കുന്നത് പോലെ ആയിരിക്കും. അമ്മാതിരി പരസ്യവീഡിയോ ആണ് ബ്രാൻഡ് ഇറക്കി വിടുന്നത്. ടാറ്റ ഹാരിയർ ഇവി അവതരിപ്പിക്കുന്നതിന് മുൻപ് ബ്രാൻഡ് ഇവി മലകയറുന്ന ഒരു പരസ്യവീഡിയോ പുറത്തിറക്കിയിരുന്നു. എല്ലാവരുടേയും കണ്ണുത്തളളി പുറത്തുവന്നു എന്ന് പറഞ്ഞാലും അതിശയിക്കാനില്ല. കാരണം കേരളത്തിലെ വളരെ ഉയർന്ന ഒരു മലയിലേക്ക് ഒരു ഇവി കയറി പോകുക എന്നത് ചിന്തിക്കാൻ പോലും കഴിയില്ല. അപ്പോഴാണ് ആനമലയിലേക്ക് ഇവി ഓടിച്ചു കയറ്റിയത്.
ഇപ്പോഴിതാ ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടിൽ സംഘടിപ്പിച്ച ഈ ഇലക്ട്രിക് എസ്‌യുവിയുടെ പ്രമോഷണൽ പരിപാടിയിൽ, ഹാരിയർ.ഇ.വി 23 ടൺ ബുള്ളറ്റ് പ്രൂഫ് ടാങ്ക് എളുപ്പത്തിൽ കെട്ടിവലിച്ചു കൊണ്ട് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും (TASL) ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയും (DRDO) ഒരുമിച്ച് വികസിപ്പിച്ചെടുത്ത WHAP 8X8 എന്ന പ്രോട്ടോടൈപ്പ് 23-27 ടൺ ഭാരമുള്ള ടാങ്ക് ഹാരിയർ.ഇവി അനായാസമായി വലിക്കുന്നത് കാണാം.

21.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ടാറ്റ ഹാരിയർ ഇലക്ട്രിക് എസ്‌യുവി എത്തിയത്. ഇതൊരു ആമുഖവിലയായിരിക്കുമെന്നും കമ്പനി പ്രത്യേകം ഓർമിപ്പിച്ചിട്ടുണ്ടേ. ആക്‌ടി ഡോട്ട് ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പണികഴിച്ചിരിക്കുന്ന ഇവിക്ക് ഓൾവീൽ ഡ്രൈവ് സവിശേഷത വരെയുണ്ടെന്നതാണ് ശ്രദ്ധേയം. കാലങ്ങൾക്ക് ശേഷമാണ് ടാറ്റയുടെ വാഹന നിരയിലേക്ക് ഈയൊരു ഫീച്ചർ കടന്നുവരുന്നത്.
ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് ജൂലൈ രണ്ടിന് ആരംഭിക്കും. മഹീന്ദ്ര XEV 9e പോലുള്ള മോഡലുകളുമായിട്ടാവും ഹാരിയർ ഇവിയുടെ മത്സരം. ഒപ്പം എംജിയുടെ വിൻഡ്‌സർ ഇവി പ്രോ പോലുള്ള ടോപ്പ് സെല്ലിംഗ് മോഡലുകൾക്കും ഹാരിയർ ഇലക്ട്രിക്കിന്റെ വരവ് ഭീഷണിയാണ്. ഡിസൈനിന്റെ കാര്യത്തിൽ ടാറ്റ ഹാരിയർ ഡീസലിന്റെ അതേ രൂപമാണ് ഇവിയും സ്വീകരിച്ചിരിക്കുന്നത്.

എങ്കിലും കറണ്ടിലോടുന്ന കാറാണെന്ന് അറിയിക്കാനുള്ള ഇവി നിർദ്ദിഷ്ട ഡിസൈൻ വിശദാംശങ്ങളും എക്സ്റ്റീരിയറിൽ കാണാം. മുൻവശത്ത് എയറോഡൈനാമിക്സ് കാര്യക്ഷമതക്കായി ക്ലോസ്-ഓഫ് ഗ്രില്ലാണ് ഹാരിയർ ഇവിയിൽ കൊടുത്തിരിക്കുന്നത്. ഇതിന് താഴെയായി ബാറ്ററി പായ്ക്ക്, മോട്ടോറുകൾ തുടങ്ങിയ ആന്തരിക ഘടകങ്ങളെ തണുപ്പിക്കുന്നതിനായി ഫ്രണ്ട് ബമ്പറിൽ വെർട്ടിക്കൽ സാറ്റിൻ സിൽവർ സ്ലാറ്റുകൾ ഉപയോഗിച്ചതും കാണാം.
സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകളും ഹാരിയർ ഇവിയുടെ പ്രീമിയം ലുക്ക് വർധിപ്പിക്കുന്നുണ്ട്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ എയറോഡെനാമിക് സ്റ്റൈലിലുള്ള വലിയ 18 ഇഞ്ച് അലോയ് വീലുകളാണ് പ്രധാന ആകർഷണം. ഫ്ലഷ്-സ്റ്റൈൽ ഡോർ ഹാൻഡിലുകൾ പോലുള്ള ഗിമ്മിക്കുകളും ഇലക്ട്രിക് എസ്‌യുവിയിൽ കൊടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പിൻവശത്ത് കണക്റ്റഡ് ടെയിൽ ലൈറ്റ് സജ്ജീകരണമാണ് ഹൈലൈറ്റായി പറയാനാവുന്നത്.
അകത്തളത്തിലേക്ക് കയറിയാൽ ഡ്യുവൽ-ടോൺ ഇന്റീരിയർ ഫിനിഷ് പ്രീമിയംനെസ് വർധിപ്പിക്കുന്ന കാര്യമാണ്. തെരഞ്ഞെടുക്കുന്ന വകഭേദത്തെ ആശ്രയിച്ച് നിറങ്ങളിലും വ്യത്യാസമുണ്ടാവും. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം പുതിയ 14.5 ഇഞ്ച് സാംസങ് നിയോ QLED ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇൻബിൽറ്റ് മാപ്പുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
നോർമൽ, സാൻഡ്, മഡ് റട്ട്‌സ്, സ്നോ/ഗ്രാസ്, റോക്ക് ക്രാൾ, കസ്റ്റം എന്നീ ആറ് വ്യത്യസ്ത റെറെയ്‌ൻ മോഡുകൾ സെലക്‌ട് ചെയ്യാനുള്ള പുതിയ റോട്ടറി ഡയലും കിടിലമാണ്. ടാറ്റ ഹാരിയർ ഇവിയിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകളും ലഭ്യമാണ്. ഹാരിയർ ഇവിയുടെ താഴ്ന്ന വകഭേദങ്ങൾ 65 kWh ബാറ്ററി പായ്ക്കാണ് നൽകുന്നത്. അതേസമയം ടോപ്പ് വേരിയന്റുകൾക്ക് 75 kWh ബാറ്ററിയും കിട്ടും.


Click it and Unblock the Notifications








