ഏത് ആനപ്പാറയും കാല്‍ച്ചുവട്ടിലാക്കാം! ഹാരിയര്‍ ഇവിയുടെ 'ചീപ്പ്' AWD വേരിയന്റുകള്‍ വരുന്നു

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ സമീപകാലത്ത് തരംഗം സൃഷ്ടിച്ച ഇലക്ട്രിക് എസ്‌യുവികളില്‍ ഒന്നാണ് ടാറ്റ ഹാരിയര്‍ ഇവി (Tata Harrier EV). അതിന്റെ സെഗ്‌മെന്റില്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഡ്യുവല്‍-മോട്ടോര്‍ അധിഷ്ഠിത ഓള്‍ വീല്‍ ഡ്രൈവ് (AWD) സജ്ജീകരണവുമായി ഈ വര്‍ഷം ജൂണിലാണ് ഹാരിയര്‍ ഇവി പുറത്തിറങ്ങിയത്. ഇലക്ട്രിക് എസ്‌യുവിയുടെ ബേസ് വേരിയന്റിന് 21.49 ലക്ഷം രൂപയാണെങ്കിലും ഏറ്റവും താങ്ങാനാവുന്ന AWD വേരിയന്റിന് 28.99 ലക്ഷം രൂപ മുടക്കേണ്ടിയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ കുറഞ്ഞ വിലയില്‍ ഹാരിയര്‍ ഇവിയുടെ AWD വേരിയന്റുകള്‍ വാങ്ങാനാകുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അത് എങ്ങിനെയെന്ന് പറഞ്ഞ് തരാം.

ടാറ്റ മോട്ടോര്‍സ് അതിന്റെ AWD സജ്ജീകരണത്തെ 'QWD' എന്നാണ് വിശേഷിപ്പിക്കുന്നത്. 'ക്വാഡ് വീല്‍ ഡ്രൈവ്' എന്നതിന്റെ ചുരുക്കപ്പേരാണിത്. നാല് വീലുകള്‍ക്കും പവര്‍ ലഭിക്കുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ S, ഫിയര്‍ലെസ്+, എംപവേര്‍ഡ് എന്നിങ്ങനെ നാല് പ്രധാന ട്രിം ലെവലുകളിലാണ് ഹാരിയര്‍ ഇവി ഓഫര്‍ ചെയ്യുന്നത്. ബാറ്ററി, പവര്‍ട്രെയിന്‍ കോണ്‍ഫിഗറേഷനുകള്‍ അടിസ്ഥാനമാക്കി ആകെ 12 വേരിയന്റുകളുമുണ്ട്.

tata harrier ev

നിലവില്‍ എംപവേര്‍ഡ് (Empowered) ട്രിമ്മില്‍ മാത്രമാണ് QWD ലഭ്യമായിട്ടുള്ളത്. ഹാരിയര്‍ ഇവി QWD വേരിയന്റുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ടാറ്റയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവത്സ പുതിയ സിയറ എസ്‌യുവിയുടെ അവതരണ വേളയില്‍ ഓട്ടോകാര്‍ ഇന്ത്യയോട് പ്രതികരിച്ചിരുന്നു. ടോപ്പ്-റേഞ്ച് വേരിയന്റുകളില്‍ മാത്രം ലഭ്യമായിരുന്നിട്ടും 35 ശതമാനത്തിലധികം ഉടമകളും QWD സജ്ജീകരണമുള്ളവയാണ് തിരഞ്ഞെടുത്തതെന്ന് ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

മൊത്തം വില്‍പ്പനയുടെ 20 ശതമാനം മാത്രം പ്രതീക്ഷിച്ചിരുന്ന കമ്പനിക്ക് ഇത് ലോട്ടറിയായിരുന്നു. QWD വേരിയന്റുകള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യതയെ തുടര്‍ന്ന് ഇത് കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാന്‍ പോകുകയാണ് ടാറ്റ. ഫിയര്‍ലെസ്+ ട്രിമ്മിലാണ് QWD ടെക് ഉടന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. നാല് വേരിയന്റുകളാണ് ഈ മിഡ്സ്പെക്ക് ട്രിമ്മിലുള്ളത്. 65kWh, 75kWh ബാറ്ററി പായ്ക്കും AC ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടും കൂടിയും അല്ലാതെയും ഫിയര്‍ലെസ് + വാങ്ങാം.

പണത്തിനൊത്ത മൂല്യമുള്ള മികച്ച പാക്കേജുമായി വരുന്ന ഫിയര്‍ലെസ്+ ട്രിമ്മില്‍ QWD സിസ്റ്റം കൂടി ചേര്‍ക്കുന്നതോടെ വില്‍പ്പന കൂടുമെന്നാണ് പ്രതീക്ഷ. 75kWh പതിപ്പിന് മാത്രമായിരിക്കും ഡ്യുവല്‍-മോട്ടോര്‍ സജ്ജീകരണം ലഭിക്കുക. ഫിയര്‍ലെസ്+ 75 QWD, ഫിയര്‍ലെസ്+ 75 QWD ACFC എന്നീ രണ്ട് വേരിയന്റുകള്‍ കൂടി നിലവിലെ ശ്രേണിയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധ്യതയുണ്ട്.

നിലവില്‍, 75kWh ബാറ്ററി പായ്ക്കുള്ള ഫിയര്‍ലെസ്+ വേരിയന്റുകള്‍ക്ക് യഥാക്രമം 24.99 ലക്ഷം രൂപയും 25.48 ലക്ഷം രൂപയുമാണ് (AC ഫാസ്റ്റ് ചാര്‍ജര്‍) എക്സ്-ഷോറൂം വില. പുതിയ വേരിയന്റുകള്‍ക്ക് എംപവേര്‍ഡ് 75 RWD വേരിയന്റിന് സമാനമായ വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനര്‍ത്ഥം 2 ലക്ഷം രൂപയെങ്കിലും കുറച്ച് QWD വേരിയന്റ് ലഭിക്കുമെന്നതാണ്.

tata harrier ev qwd

ഹാരിയര്‍ ഇവിയുടെ QWD വേരിയന്റുകളെ കുറിച്ച് പറയുമ്പോള്‍ ഇവയുടെ ഓരോ ആക്സിലിലും ഓരോ ഇലക്ട്രിക് മോട്ടോറുകള്‍ വീതം ലഭിക്കുന്നു. 238 hp പവര്‍ നല്‍കുന്ന പിന്‍വശത്തെ പെര്‍മനന്റ് മാഗ്നറ്റ് സിന്‍ക്രണസ് മോട്ടോറാണ് പ്രധാന മോട്ടോര്‍. 158 hp ഫ്രണ്ട് ഇന്‍ഡക്ഷന്‍ മോട്ടോര്‍ ഉപയോഗിച്ച് 313 hp
പവര്‍ ഉത്പാദിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. പരമാവധി ടോര്‍ക്ക് 540 Nm ആണ്.

75kWh ബാറ്ററി പായ്ക്കില്‍ നിന്ന് പവര്‍ എടുക്കുന്ന ഇവി QWD വേരിയന്റുകള്‍ 622 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്നു. വെറും 6.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്ക് സാധിക്കും. കൂടാതെ, കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലും ഓഫ്-റോഡിംഗിനും ആവശ്യമായ ട്രാക്ഷനും ഇത് നല്‍കുന്നു. നോര്‍മല്‍, സ്നോ/ഗ്രാസ്, മഡ്-റട്ട്സ്, സാന്‍ഡ്, റോക്ക് ക്രോള്‍, കസ്റ്റം എന്നിങ്ങനെ 6 സെലക്ടബിള്‍ ടെറെയ്ന്‍ മോഡലുകളും QWD വേരിയന്റുകളില്‍ നല്‍കിയിട്ടുണ്ട്.

tata harrier ev qwd

ഇതില്‍ എത്ര മോഡുകള്‍ ഫിയര്‍ലെസ്+ വേരിയന്റിന് സമ്മാനിക്കുമെന്ന് അറിയില്ല. എംപവേര്‍ഡ് QWD വേരിയന്റുകളില്‍ ഓഫ്റോഡിംഗില്‍ സഹായിക്കുന്ന 540-ഡിഗ്രി ക്യാമറയും ലഭിക്കുന്നുണ്ട്. ഫിയര്‍ലെസ് QWD വേരിയന്റുകള്‍ക്ക് ഇത് നല്‍കുമോ എന്ന കാര്യവും കണ്ടറിയണം. വിപണിയിലെത്തി ആറുമാസത്തിനുശേഷവും ഈ വിഭാഗത്തിലെ ഓഫ്-റോഡ് ശേഷിയുള്ള ഒരേയൊരു ഇലക്ട്രിക് എസ്‌യുവിയാണ് ഹാരിയര്‍ ഇവി.

ഡ്യുവല്‍-മോട്ടോര്‍ AWD ഫീച്ചര്‍ ചെയ്യുന്ന മറ്റ് ഇലക്ട്രിക് എസ്‌യുവികള്‍ ഉണ്ടെങ്കിലും ഹാരിയര്‍ ഇവിയെ പോലെ ഓഫ്-റോഡിംഗില്‍ മികവ് പുലര്‍ത്താന്‍ കഴിഞ്ഞെന്ന് വരില്ല. കേരളത്തിലെ ആനപ്പാറ കീഴടക്കുന്ന ഹാരിയര്‍ ഇവിയുടെ വീഡിയോ ലോഞ്ച് സമയത്ത് തരംഗമായിരുന്നു. കാറിന്റെ സര്‍വ ശേഷിയും തെളിയിക്കുന്നതായിരുന്നു ആ വീഡിയോ. ഏതായാലും വില്‍പ്പനക്ക് ഉത്തേജനമേകാന്‍ സാധ്യതയുള്ള ഈ മാറ്റവുമായി ഹാരിയര്‍ ഇവി എന്ന് പുറത്തിറങ്ങുമെന്ന കാര്യം വരും ദിവസങ്ങളില്‍ കമ്പനി വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, December 4, 2025, 18:00 [IST]
English summary
Tata harrier ev lower more affordable variants to get awd system soon all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X