ഇന്ത്യ കാത്തിരുന്ന ഇലക്ട്രിക് കാറിന്റെ ഉത്പാദനം ആരംഭിച്ചു! ആജീവനാന്ത ബാറ്ററി വാറണ്ടിയും 627KM റേഞ്ചും
ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ ജനപ്രീതി വര്‍ധിച്ച് വരികയാണ്. ഏതാനും വര്‍ഷങ്ങളായി ടാറ്റ മോട്ടോര്‍സാണ് ഈ വിഭാഗം ഭരിക്കുന്നത്. ടിയാഗോ ഇവി, ടിഗോര്‍ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, കര്‍വ് ഇവി എന്നിങ്ങനെ അഞ്ച് കാറുകള്‍ ആണ് ടാറ്റ ഇതിനോടകം വിപണിയില്‍ എത്തിച്ചിരുന്നത്. കഴിഞ്ഞ മാസമാണ്ഇന്ത്യയിലെ ഇലക്ട്രിക് വാഹനപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഹാരിയര്‍ ഇവി ടാറ്റ പുറത്തിറക്കിയത്. ജൂലൈ രണ്ടിന് ടാറ്റ ഹാരിയര്‍ ഇവി ഇലക്ട്രിക് കാറിനായുള്ള ബുക്കിംഗുകളും ഔദ്യോഗികമായി ആരംഭിച്ചു. ഇപ്പോള്‍ പൂനെയിലെ ടാറ്റയുടെ നിര്‍മ്മാണശാലയില്‍ ഹാരിയര്‍ ഇവിയുടെ ഉത്പാദനം ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്.
ടാറ്റ പ്ലാന്റില്‍ പിറവിയെടുത്ത ആദ്യത്തെ ഹാരിയര്‍ ഇവിയുടെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഹാരിയര്‍ ഇവിയുടെ ഡെലിവറി ഈ മാസം തന്നെ ആരംഭിക്കുമെന്നാണ് വിവരം. ടാറ്റ ഹാരിയര്‍ ഇവി ഇലക്ട്രിക് എസ്‌യുവിക്കായി അക്ഷമരായി കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇത്. കാരണം കാറിന്റെ അവതരണം കഴിഞ്ഞ് ഒരു മാസത്തോളമാണ് അവര്‍ ബുക്ക് ചെയ്യാന്‍ കാത്തിരുന്നത്.

ഹാരിയര്‍ ഇവി അഡ്വഞ്ചര്‍, ഫിയര്‍ലെസ്, എംപവേര്‍ഡ് എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹാരിയര്‍ ഇവിയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള വേരിയന്റായ അഡ്വഞ്ചര്‍ 65-ന് 21.49 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന വേരിയന്റായ ഹാരിയര്‍ ഇവി എംപവേര്‍ഡ് QWD 75 സ്‌റ്റെല്‍ത്ത് ACFC വേരിയന്റിന്റെ വില 30.23 ലക്ഷം രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.
നൈനിറ്റാള്‍ നോക്‌റ്റേണ്‍, എംപവേര്‍ഡ് ഓക്‌സൈഡ്, പ്യുവര്‍ ഗ്രേ, പ്രിസ്‌റ്റൈന്‍ വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഒപ്പം മാറ്റ് ബ്ലാക്ക് ഫിനിഷുകളും ഡാര്‍ക്ക്-തീം ഇന്റീരിയറുകളും ഉള്ള സ്റ്റെല്‍ത്ത് എഡിഷനും തെരഞ്ഞെടുക്കാം. 65kWh, 75kWh എന്നിങ്ങനെരണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ടാറ്റ ഹാരിയര്‍ ഇവി ഇലക്ട്രിക് കാര്‍ ഓഫര്‍ ചെയ്യുന്നത്. ഇതില്‍ 65kWh ബാറ്ററിയോടൊപ്പം റിയര്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ മാത്രമേ ലഭ്യമാകൂ.

75kWh ബാറ്ററിയോടൊപ്പം റിയര്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് ഓപ്ഷനുകളും ലഭ്യമാണ്. കമ്പനി പറയുന്നതനുസരിച്ച് 65kWh/റിയര്‍ വീല്‍ ഡ്രൈവ് വേരിയന്റുകളുടെ ഡ്രൈവിംഗ് റേഞ്ച് 538 കിലോമീറ്റര്‍ ആണ്. അതേസമയം 75kWh/റിയര്‍ വീല്‍ ഡ്രൈവ് വേരിയന്റുകളുടെ ഡ്രൈവിംഗ് റേഞ്ച് 627 കിലോമീറ്ററും, 75kWh/ഓള്‍ വീല്‍ ഡ്രൈവ് വേരിയന്റിന്റെ ഡ്രൈവിംഗ് റേഞ്ച് 622 കിലോമീറ്ററുമാണ്.
RWD പതിപ്പുകളുടെ പവര്‍ പിന്‍പുട്ട് 238bhp, 315Nm ആണ്. അതേസമയം AWD വേരിയന്റ് 313 bhp പവറും 504Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ശക്തമായ ഇലക്ട്രിക് എസ്‌യുവികളില്‍ ഒന്നായി ഹാരിയര്‍ ഇവിയെ മാറ്റുന്നു. 15 മിനിറ്റ് ഫാസ്റ്റ് ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ ഇവിക്ക് കഴിയും.

വെന്റിലേറ്റഡ്, പവാര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, വോയ്സ്-ആക്ടിവേറ്റഡ് പനോരമിക് സണ്‍റൂഫ്, മാനുവല്‍ റിയര്‍ സണ്‍ഷേഡുകള്‍, റിയര്‍ ഹെഡ്റെസ്റ്റുകള്‍, പിന്‍ ലെഗ്റൂമിനായി പവര്‍ ബോസ് മോഡ് എന്നിവയുമായി വരുന്ന ഹാരിയറിന്റെ സെനിത്ത് പ്രീമിയം ക്യാബിന്‍ അനുഭവം വാഗ്ദാനം ചെയ്യുന്നു. ഡ്രൈവ് മോഡുകള്‍ക്കും മ്യൂസിക്കിനും അനുസൃതമായി വരുന്ന ആംബിയന്റ് ലൈറ്റിംഗ് ക്യാബിന്‍ വൈബ് വേറെ ലെവലാക്കുന്നു.
502 ലിറ്ററുള്ള ഇവിയുടെ റിയര്‍ ബൂട്ട് ശേഷി 999 ലിറ്ററാക്കി ഉയര്‍ത്താം. കൂടാതെ QWD വേരിയന്റുകളില്‍ 35 ലിറ്ററും RWD വേരിയന്റില്‍ 67 ലിറ്ററുമാണ് ഫ്രങ്ക് ശേഷി. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ 20-ലധികം സവിശേഷതകളുള്ള ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് (ADAS) ഫീച്ചറുകളും എസ്‌യുവിക്ക് ലഭിക്കുന്നു.

കാല്‍മുട്ട് സംരക്ഷണത്തിനുള്ളത് ഉള്‍പ്പെടെ ഏഴ് എയര്‍ബാഗുകള്‍, i-VBAC ഉള്ള ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം ( ESP), അക്കൌസ്റ്റിക് വെഹിക്കിള്‍ അലേര്‍ട്ട് സിസ്റ്റം (AVAS), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ഹെഡ്ലാമ്പുകള്‍, SOS എമര്‍ജന്‍സി കോള്‍ സിസ്റ്റം എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍.
ഉപഭോക്താക്കളുടെ ആത്മവിശ്വാസം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനായി ടാറ്റ ഹാരിയര്‍ ഇവിയില്‍ ആജീവനാന്ത ബാറ്ററി വാറണ്ടി വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര XEV 9e പോലുള്ള ഇലക്ട്രിക് കാറുകള്‍ക്ക് ടാറ്റ ഹാരിയര്‍ ഇവി ഒരു മികച്ച ബദലായി കണക്കാക്കപ്പെടുന്നു. ഈ രണ്ട് ഇലക്ട്രിക് കാറുകളും തമ്മില്‍ വരും മാസങ്ങളില്‍ കടുത്ത മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം വലിയ ബാറ്ററി പായ്ക്ക് പേര്‍ത്ത് XEV 9e പായ്ക്ക് 2 ട്രിം മഹീന്ദ്ര അപ്‌ഡേറ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications








