627KM റേഞ്ച്, ബേസില്‍ വരെ കൈനിറയെ ഫീച്ചര്‍! ഹാരിയര്‍ ഇവി RWD വേരിയന്റുകളുടെ വിലവിവര പട്ടിക ഇതാ...
ഇന്ത്യക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ഇലക്ട്രിക് കാര്‍ (Electric Car) ആണ് ടാറ്റ ഹാരിയര്‍ ഇവി (Tata Harrier EV). ഇലക്ട്രിക് എസ്‌യുവി കേരളത്തിലെ ഒരു മലകയറി അതിന്റെ ഓഫ്‌റോഡ് ശേഷി തെളിയിച്ചതിന്റെ ഓളം ഇതുവരെ വിട്ടുപോയിട്ടില്ല. ഇതിനോടകം തന്നെ ഒത്തിരി പേര്‍ ഹാരിയര്‍ ഇവി വാങ്ങാനായി പദ്ധതിയിട്ടിട്ടുണ്ട്. അവര്‍ക്കായി ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ റിയര്‍ വീല്‍ ഡ്രൈവ് (RWD) വേരിയന്റുകളുടെ വില പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ ഹാരിയര്‍ ഇവി RWD ഓപ്ഷനില്‍ അഞ്ച് വ്യത്യസ്ത ട്രിമ്മുകളില്‍ വാങ്ങാവുന്നതാണ്.
അഡ്വഞ്ചര്‍ 65 (Adventure 65), അഡ്വഞ്ചര്‍ എസ് 65 (Adventure S 65), ഫിയര്‍ലെസ്+ 65 (Fearless+ 65), ഫിയര്‍ലെസ്+ 75 (Fearless+ 75), എംപവേര്‍ഡ് 75 (Empowered 75) എന്നിവയാണ് അവ. ഹാരിയര്‍ ഇവി RWD വേരിയന്റുകളുടെ വില 21.49 ലക്ഷം മുതല്‍ 27.49 ലക്ഷം രൂപ വരെ പോകുന്നു.

2025 ജൂണ്‍ മൂന്നിന് അവതരിപ്പിച്ച വാഹനത്തിന്റെ ബുക്കിംഗ് ജൂലൈ രണ്ട് മുതല്‍ മാത്രമേ ആരംഭിക്കൂവെന്ന് കമ്പനി അറിയിച്ചിരുന്നു. ഹാരിയര്‍ ഇവിയിലൂടെ സൂപ്പര്‍കാറിന് സമാനമായ പ്രകടനവും ഓഫ്-റോഡ് ശേഷിയും ആഡംബര സൗകര്യങ്ങളും ഒത്തുചേര്‍ന്ന ഒരു എസ്യുവി അനുഭവം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവത്സ പറഞ്ഞു.
ടാറ്റ ഹാരിയര്‍ ഇവിയുടെ ഓരോ വേരിയന്റുകള്‍ക്കും എക്‌സ്-ഷോറൂം വില താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു.
| വേരിയന്റുകള്‍ | വില (എക്‌സ്-ഷോറൂം) |
| അഡ്വഞ്ചര്‍ 65 | 21.49 ലക്ഷം രൂപ |
| അഡ്വഞ്ചര്‍ എസ് 65 | 21.99 ലക്ഷം രൂപ |
| ഫിയര്‍ലെസ്+ 65 | 23.99 ലക്ഷം രൂപ |
| ഫിയര്‍ലെസ്+ 75 | 24.99 ലക്ഷം രൂപ |
| എംപവേര്‍ഡ് 75 | 27.49 ലക്ഷം രൂപ |
ഡിസൈനും ഫീച്ചറുകളും: ടാറ്റ ഹാരിയര്‍ ഇവിയുടെ രൂപകല്‍പ്പന അതിന്റെ ഐസി എഞ്ചിന്‍ പതിപ്പിന് സമാനമാണ്. എന്നാല്‍, ചില ഇവി നിര്‍ദിഷ്ഠ ഡിസൈന്‍ ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തുന്നതിനായി മുന്‍വശത്ത് ക്ലോസ്ഡ് ഗ്രില്ലും, ബാറ്ററി, മോട്ടോറുകള്‍ തുടങ്ങിയ ഇന്റേണല്‍ ഘടകങ്ങള്‍ തണുപ്പിക്കുന്നതിനായി വെര്‍ട്ടിക്കല്‍ സാറ്റിന്‍ സില്‍വര്‍ സ്ലാറ്റുകളുള്ള പുതിയ ബമ്പറും ഇതില്‍ നല്‍കിയിരിക്കുന്നു. സ്പ്ലിറ്റ് ഹെഡ്ലാമ്പ്‌സജ്ജീകരണം നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും കണക്ടഡ് ഡിആര്‍എല്ലുകളാണ് ഇവിക്ക് ലഭിക്കുന്നത്.
ഐസിഇ പതിപ്പുമായി സാമ്യമുണ്ടെങ്കിലും മികച്ച കാര്യക്ഷമതയ്ക്കായി വലിയ 18 ഇഞ്ച് അലോയ് വീലുകളാണ് ഹാരിയര്‍ ഇവിക്ക് നല്‍കിയിരിക്കുന്നത്. കര്‍വ്, ആള്‍ട്രോസ് ഫെയസ്‌സ്‌ലിഫ്റ്റ് എന്നീ മോഡലുകളില്‍ വരുന്ന ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ ഹാരിയര്‍ ഇവിയില്‍ കാണാനാകില്ല. ചെറിയ നവീകരണങ്ങള്‍ക്ക് വിധേയമായ ബമ്പറിനൊപ്പം പിന്നിലെ കണക്റ്റഡ് ടെയില്‍ ലൈറ്റ് സജ്ജീകരണം നിലനിര്‍ത്തിയിട്ടുണ്ട്.

ഇന്റീരിയറും ടെക്‌നോളജിയും: ഹാരിയര്‍ ഇവിയുടെ ക്യാബിന്‍ ഡീസല്‍ മോഡലിന് സമാനമാണ്. കൂടാതെ, വേരിയന്റുകള്‍ക്കനുസരിച്ച് ഡ്യുവല്‍-ടോണ്‍ ഫിനിഷും നല്‍കിയിട്ടുണ്ട്. 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം 14.5 ഇഞ്ച് സാംസങ് നിയോ ക്യുഎല്‍ഇഡി ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതിലുണ്ട്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയും പിന്തുണയുമുണ്ട്.
മാപ്പുകള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലേക്ക് പ്രൊജക്റ്റ് ചെയ്യാന്‍ പറ്റുന്നത് യാത്രക്കാര്‍ക്ക് ഏറെ സൗകര്യമായിരിക്കും. കൂടാതെ, നോര്‍മല്‍, സാന്‍ഡ്, മഡ് റട്ട്‌സ്, സ്‌നോ/ഗ്രാസ്, റോക്ക് ക്രോള്‍, കസ്റ്റം എന്നിങ്ങനെ ആറ് ടെറൈന്‍ മോഡുകള്‍ തിരഞ്ഞെടുക്കാന്‍ ഡ്രൈവര്‍മാരെ അനുവദിക്കുന്ന ഒരു റോട്ടറി ഡയല്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. വ്യത്യസ്ത ഭൂപ്രദേശങ്ങളിലെ ഡ്രൈവിംഗ് കൂടുതല്‍ എളുപ്പമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഫുള്‍ചാര്‍ജില്‍ 627 കിലേമീറ്റര്‍ വരെയാണ് ക്ലെയിംഡ് റേഞ്ച്. ആഗോള സാങ്കേതിക പങ്കാളിത്തവും വികസിച്ചുകൊണ്ടിരിക്കുന്ന ഇവി എക്കോസിസ്റ്റം കാഴ്ചപ്പാടുകളും ഉള്‍ക്കൊണ്ട് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഇലക്ട്രിക് വാഹന നിര വിപുലീകരിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഹാരിയര്‍ ഇവിയുടെ അവതരണത്തിലൂടെ വ്യക്തമാക്കുന്നത്. ജൂലൈ ആദ്യ വാരം ബുക്കിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി ഓള്‍-വീല്‍ ഡ്രൈവ് (AWD) വേരിയന്റുകളുടെ വിലയും അറിയാന്‍ പറ്റും.


Click it and Unblock the Notifications








