ഹാരിയര്‍ ഇവി Vs XEV 9E; ഏത് വാങ്ങണമെന്ന് ഇത് വായിച്ചിട്ട് തീരുമാനിക്കാം...
ജൂണ്‍ ആദ്യവാരം ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയായ ഹാരിയര്‍ ഇവി പുറത്തിറക്കി. ആകര്‍ഷകമായ വിലയില്‍ പുറത്തിറക്കിയ ഈ ഇലക്ട്രിക് എസ്‌യുവി അഞ്ച് വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമാണ്. ഈ കാറിന്റെ QWD വേരിയന്റുകളുടെ വില കൂടിയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. മഹീന്ദ്രയുടെ XEV 9e എന്ന മോഡലുമായി ഹാരിയര്‍ ഇവി മാറ്റുരയ്ക്കുന്നു. പായ്ക്ക് വണ്‍, പായ്ക്ക് ടു, പായ്ക്ക് ത്രീ സെലക്ട്, പായ്ക്ക് ത്രീ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് മഹീന്ദ്ര ഇവി ഓഫര്‍ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ രണ്ട് ഇവികളും നമുക്ക് താരതമ്യം ചെയ്ത് നോക്കിയാലോ?
വില: ആദ്യം നമുക്ക് വിലയില്‍ നിന്ന് തുടങ്ങകം. ഹാരിയര്‍ ഇവിയുടെ ബേസ് അഡ്വഞ്ചര്‍ 65 വേരിയന്റിന് 21.49 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഇത് XEV യുടെ പ്രാരംഭവിലയായ 21.90 ലക്ഷം രൂപയെക്കാള്‍ 41,000 രൂപ കുറവാണ്. അതിനാല്‍ തന്നെ ഈ രണ്ട് എസ്യുവികളുടെയും അടിസ്ഥാന മോഡലുകള്‍ തമ്മില്‍ ഒരു താരതമ്യം നടത്തുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു.

വലിപ്പം: ഈ രണ്ട് എസ്‌യുവികളുടെ രൂപത്തിലും വലുപ്പത്തിലും കാര്യമായ വ്യത്യാസമുണ്ട്. ഹാരിയര്‍ ഇവി ഉയരംകൂടിയതും വീതിയുള്ളതുമായ കാര്‍ ആണ്. അതേസമയം XEV 9e നീളത്തിലും വീല്‍ബേസിലും മുന്നിട്ടുനില്‍ക്കുന്നു. കൂടുതല്‍ ബൂട്ട് സ്‌പേസും ഫ്രങ്ക് സ്‌പേസും മികച്ച ലെഗ്‌റൂമും മഹീന്ദ്ര XEV 9e ഓഫര്‍ ചെയ്യുന്നു.
മഹീന്ദ്ര XEV 9e മോഡലിന് 663 ലിറ്റര്‍ ബൂട്ട് സ്‌പേസ് ലഭിക്കുമ്പോള്‍ ഹാരിയര്‍ ഇവിക്ക് അത് 502 ലിറ്റര്‍ മാത്രമാണുള്ളത്. മഹീന്ദ്ര XEV 9e-യുടെ ഫ്രങ്ക് ശേഷി 150 ലിറ്ററാണ്. എന്നാല്‍ ടാറ്റ ഹാരിയര്‍ ഇവിക്ക് അത് 67 ലിറ്റര്‍ മാത്രമാണുള്ളത്.
| അളവുകള്‍ | ഹാരിയര്‍ ഇവി | XEV 9e |
| നീളം | 4,607 mm | 4,789 mm |
| വീതി | 1,922 mm | 1,907 mm |
| ഉയരം | 1,740 mm | 1,694 mm |
| വീല്‍ബേസ് | 2,741 mm | 2,775 mm |
ഡിസൈന്‍: ഹാരിയര്‍ ഇവി ഒരു സാധാരണ ഡിസൈനുമായാണ് വരുന്നത്. എളുപ്പത്തില്‍ പ്രവേശിക്കുന്നതിനായി ഇന്റഗ്രേറ്റഡ് സൈഡ് സ്റ്റെപ്പ്, പഡില്‍ ലാമ്പുകള്‍, ഓട്ടോ-ഫോള്‍ഡിംഗ് ഒആര്‍വിഎമ്മുകള്‍, എന്നിവ ഇതില്‍ ഉണ്ട്. ചരിഞ്ഞ റൂഫ്ലൈന്‍, ഇല്യുമിനേറ്റഡ് ഫ്രണ്ട്, റിയര്‍ ലോഗോകള്‍, ഫ്‌ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, റിയര്‍ സ്‌പോയിലര്‍, സിംഗിള്‍-ടോണ്‍ കളര്‍ എന്നിവയാണ് മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.
മറുവശത്ത് XEV പായ്ക്ക് വണ്ണില്‍ 19 ഇഞ്ച് സ്റ്റീല്‍ വീലുകളാണ് ഉള്ളതെങ്കില്‍ഹാരിയര്‍ ഇവിക്ക് 18 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുന്നു. രണ്ട് വാഹനങ്ങളിലെയും ഹെഡ്ലാമ്പുകളും ടെയില്‍ ലാമ്പുകളും എല്‍ഇഡി യൂണിറ്റുകളാണ്. ഇവ രണ്ടിലും സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ലഭ്യമല്ല. XEV 9e-ല്‍ ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകളും വൈപ്പറുകളും അടിസ്ഥാന വേരിയന്റില്‍ തന്നെയുണ്ട്, എന്നാല്‍ ഹാരിയര്‍ ഇവിയുടെ ബേസ് വേരിയന്റില്‍ ഇത് ലഭ്യമല്ല.

ഇന്റീരിയറും ഫീച്ചറുകളും: അകത്തളത്തിലേക്ക് കടന്നാല്‍ സാങ്കേതികവിദ്യയുടെ കാര്യത്തിലും XEV 9e മുന്നിട്ടുനില്‍ക്കുന്നു. ഇതിന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഡ്രൈവര്‍ ഡിസ്പ്ലേയ്ക്കും വലിയ സ്‌ക്രീനുകള്‍ ഉണ്ട്. ഇവ ഓരോന്നും 12.3 ഇഞ്ച് യൂണിറ്റുകളാണ്. അതേസമയം ഹാരിയര്‍ ഇവിക്ക് 10.25 ഇഞ്ച് യൂണിറ്റുകളാണ് ലഭിക്കുന്നത്. കൂടാതെ XEV-യുടെ ബേസ് വേരിയന്റില്‍ ഫ്രണ്ടിലെ പാസഞ്ചര്‍ക്കായി മൂന്നാമതൊരു 12.3 ഇഞ്ച് സ്‌ക്രീന്‍ കൂടി നല്‍കിയിരിക്കുന്നു.
ഹാരിയര്‍ ഇവിയില്‍ വയര്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയാണുള്ളതെങ്കില്‍. XEV 9e ബേസ് വേരിയന്റില്‍ പോലും വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുണ്ട്. ഈ രണ്ട് എസ്യുവികളുടെയും അടിസ്ഥാന വേരിയന്റുകളില്‍ ഓട്ടോമാറ്റിക് എസി, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റുകള്‍, ടൈപ്പ്-സി ഫാസ്റ്റ് ചാര്‍ജിംഗ് പോര്‍ട്ടുകള്‍, ഫ്രണ്ട് ആംറെസ്റ്റ്, കണക്റ്റഡ് കാര്‍ ടെക്‌നോളജി, OTA അപ്ഡേറ്റ് പിന്തുണ, ടില്‍റ്റ്/ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീലുകള്‍ എന്നിവയുണ്ട്.
XEV 9e പായ്ക്ക് വണില്‍ പിന്നിലെ സീറ്റുകള്‍ക്ക് റീക്ലൈനിംഗ് സീറ്റ് ബാക്ക് ക്രമീകരണവും റിയര്‍ ആംറെസ്റ്റുകളും ലഭ്യമാണെങ്കിലും ഹാരിയറിന്റെ ബേസ് വേരിയന്റില്‍ ഇവ ലഭ്യമല്ല. അതേസമയം മഹീന്ദ്ര ഇവിയില്‍ ലഭ്യമല്ലാത്ത ഓണ്‍ബോര്‍ഡ് നാവിഗേഷന്‍ ടാറ്റ ഹാരിയര്‍ ഇവിയുടെ അടിസ്ഥാന വേരിയന്റില്‍ തന്നെയുണ്ട്.
ഡ്രൈവിംഗ് ടെക്‌നോളജിയും ഫീച്ചറുകളും: ഈ രണ്ട് ഇലക്ട്രിക് എസ്യുവികളും നിരവധി ഡ്രൈവിംഗ് ടെക്‌നോളജികളും ഫീച്ചറുകളുമായിട്ടാണ് വരുന്നത്. അടിസ്ഥാന മോഡലുകളുടെ കാര്യമെടുത്താല്‍ ഹാരിയര്‍ ഇവിക്കാണ് ഇവിടെ മേല്‍ക്കൈ. നോര്‍മല്‍, വെറ്റ്/റെയ്ന്‍, റഫ് റോഡ് എന്നിങ്ങനെ ഒന്നിലധികം ടെറൈന്‍ മോഡുകള്‍ ഇതിലുണ്ട്. ടോപ് സ്‌പെക് വേരിയന്റുകളില്‍ ടെറെയ്ന്‍ മോഡുകളുടെ എണ്ണം ആറ് ആണ്.

മറുവശത്ത് XEV 9e എസ്‌യുവിക്ക് സ്‌നോ മോഡ് മാത്രമേ ലഭിക്കുന്നുള്ളൂ. ഹാരിയര്‍ ഇവിയില്‍ വെഹിക്കിള്‍-ടു-വെഹിക്കിള്‍, വെഹിക്കിള്‍-ടു-ലോഡ് ചാര്‍ജിംഗ് സൗകര്യങ്ങളുണ്ടെങ്കിലും മഹീന്ദ്ര ഇവിയുടെ ഉയര്‍ന്ന വേരിയന്റില്‍ പോലും ഇത് ലഭ്യമല്ല. ഹാരിയര്‍ ഇവിയില്‍ ഒരു ഡെഡിക്കേറ്റഡ് ഡ്രിഫ്റ്റ് മോഡും ഉണ്ട്. അതേസമയം XEV-യില്‍ ഒരു ബൂസ്റ്റ് മോഡാണ് നല്‍കിയിരിക്കുന്നത്. ഈ രണ്ട് വാഹനങ്ങളിലും സെലക്ടബിള്‍ ഡ്രൈവ് മോഡുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
സുരക്ഷ: രണ്ട് ഇലകട്രിക് എസ്‌യുവികളും സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. എന്നിരുന്നാലും ടാറ്റ മോഡലില്‍ ഹില്‍ അസെന്റ്, ഡിസെന്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ അധിക ഫീച്ചറുകള്‍ ഉള്ളതിനാല്‍ അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ കൂടുതല്‍ സുരക്ഷ നല്‍കുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ ഹാരിയര്‍ ഇവി 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. മഹീന്ദ്ര XEV 9e മോഡലും BNCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയിട്ടുണ്ട്.
ഈ രണ്ട് ഇലക്ട്രിക് എസ്‌യുവികളില്‍ ഏതാണ് വാങ്ങേണ്ടത് എന്ന് തീരുമാനിക്കാന്‍ സാധിക്കാത്തവര്‍ക്കായി കാര്യങ്ങള്‍ ചുരുക്കി പറയാം. പണം അല്‍പ്പം കൂടുതല്‍ മുടക്കുണ്ടെങ്കിലും ഡിസൈനിന്റെയും ഫീച്ചറുകളുടെയും കാര്യത്തില്‍ XEV മികച്ച് നില്‍ക്കുന്നു. സുരക്ഷയുടെയും ഡ്രൈവിംഗ് ടെക്‌നോളജിയുടെയും കാര്യത്തില്‍ ഹാരിയറിനാണ് മേല്‍ക്കൈ. കൂടുതല്‍ ഉപയോഗപ്രദമായ ക്യാബിന്‍ സ്‌പേസും ബൂട്ട് സ്‌പേസും XEV 9e ഓഫര്‍ ചെയ്യുന്നു.

ഹാരിയര്‍ ഇവിക്ക് വലിയ ബാറ്ററി പായ്ക്ക് (65 kWh) ലഭിക്കുമ്പോള്‍ XEV9e-യില്‍ താരതമ്യേന ചെറിയ 59 kWh ബാറ്ററി പായ്ക്ക് ആണുള്ളത്. ഈ കാര്യങ്ങള്‍ പരിഗണിച്ച് നിങ്ങള്‍ക്ക് ഉചിതമായത് തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കള്‍ ഉടനെ ഒരു ഇലക്ട്രിക് കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








