മൈലേജ് വീരനായി 'ഹൈപ്പീരയന്‍'! ടാറ്റ ഹാരിയര്‍ പെട്രോളിന് കിട്ടിയത് 25.9 Kmpl, കൂട്ടിന് റെക്കോഡും
ഹൈപ്പീരിയന്‍ എന്ന പേരിലുള്ള ടാറ്റ മോട്ടോര്‍സിന്റെ പുതിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ സിയറ എസ്‌യുവിയിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. സിയറ മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള നാഷനല്‍ ഓട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്കില്‍ വെച്ച് നടത്തിയ 12 മണിക്കൂര്‍ എന്‍ഡ്യൂറന്‍സ് റണ്ണില്‍ ലിറ്ററിന് 29.9 കിലോമീറ്റര്‍ മൈലേജും മണിക്കൂറില്‍ 222 കിലോമീറ്റര്‍ ടോപ് സ്പീഡും കൈവരിച്ചു. ഈ എഞ്ചിന്‍ സജ്ജീകരിച്ചെത്തുന്ന ഹാരിയര്‍, സഫാരി എസ്‌യുവികളുടെ പുതിയ പെട്രോള്‍ പതിപ്പുകള്‍ കഴിഞ്ഞ ദിവസമാണ് കമ്പനി വെളിപ്പെടുത്തിയത്. ഇതേ ട്രാക്കില്‍ പരീക്ഷിച്ച ഹാരിയര്‍, സഫാരി പെട്രോള്‍ പതിപ്പുകളുടെ ഇന്ധനക്ഷമത, ടോപ് സ്പീഡ് കണക്കുകള്‍ വിശമായി പരിശോധിക്കാം.
പുതിയ എഞ്ചിന്റെ പെര്‍ഫോമന്‍സ്, ഉയര്‍ന്ന വേഗത, ഇന്ധനക്ഷമത എന്നിവ നിയന്ത്രിത സാഹചര്യങ്ങളില്‍ പ്രദര്‍ശിപ്പിക്കാനാണ് ടാറ്റ നാട്രാക്‌സില്‍ 12 മണിക്കൂര്‍ നീണ്ട ടെസ്റ്റ് നടത്തിയത്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളിലെ ഫലങ്ങള്‍ ഇതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഇന്‍ഡോറില്‍ നടത്തിയ ടെസ്റ്റിംഗിന്റെ വീഡിയോ ടാറ്റ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. വീഡിയോയില്‍ 'ഹൈപ്പീരിയന്‍' ബാഡ്ജിംഗോട് കൂടിയ ചുവന്ന ടാറ്റ ഹാരിയര്‍ ട്രാക്കില്‍ കാലിബ്രേഷന് ശേഷം മുന്നോട്ട് പായുന്നത് കാണാം.

ഇതേ എഞ്ചിന്‍ ഘടിപ്പിച്ച സഫാരിയുടെ റെഡ് ഡാര്‍ക്ക് എഡിഷനാണ് പരീക്ഷണത്തിനായി ട്രാക്കിലിറക്കിയത്. മണിക്കൂറില്‍ 216 കിലോമീറ്റര്‍ പരമാവധി വേഗതയാണ് സഫാരി രേഖപ്പെടുത്തിയതെന്ന് ടാറ്റ അറിയിച്ചു. വൈബ്രേഷന്‍ കുറയ്ക്കുന്നതിനുള്ള കാഠിന്യമുള്ള എഞ്ചിന്‍ ആര്‍ക്കിടെക്ചറും ക്യാബിനിലേക്കുള്ള ശബ്ദവും വൈബ്രേഷന്‍ ട്രാന്‍സ്ഫറും കുറയ്ക്കാന്‍ സഹായിക്കുന്ന ബില്‍റ്റ്-ഇന്‍ ഐസൊലേറ്ററുകളുള്ള ഫ്യുവല്‍ ഇന്‍ജക്ടറുകളും കാരണം പുതിയ ഹൈപ്പീരിയന്‍ എഞ്ചിന്‍ വളരെ നിശബ്ദമാണെന്ന് വീഡിയോയില്‍ പറയുന്നു.
നാട്രാക്‌സില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ടാറ്റ എസ്‌യുവികള്‍ ശ്രദ്ധേയമായ ഇന്ധനക്ഷമതാ കണക്കുകളും കൈവരിച്ചു. ഹാരിയര്‍ ലിറ്ററിന് 25.9 കിലോമീറ്ററും സഫാരി ലിറ്ററിന് 25 കിലോമീറ്ററുമാണ് മൈലേജ് കൈവരിച്ചത്. മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ പെട്രോള്‍ എസ്യുവിക്ക് ഇന്ത്യയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മൈലേജ് എന്ന നേട്ടം കൈവരിച്ച ഹാരിയര്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചു.

സുഗമമായ ഡ്രൈവിംഗും, കരുത്തും, നവീകരണവും മികച്ച രീതിയില്‍ സമന്വയിപ്പിക്കുന്ന എഞ്ചിനാണ് ഇത്. അഡ്വാന്‍സ്ഡ് കംബഷന്‍ സിസ്റ്റം, ടോര്‍ക്ക്-റിച്ച് പെര്‍ഫോമന്‍സ് ബാന്‍ഡ്, ലോ-ഫ്രിക്ഷന്‍ ആര്‍ക്കിടെക്ചര്‍, ദീര്‍ഘകാലത്തേക്ക് സ്ഥിരതയാര്‍ന്നതും കാര്യക്ഷമവുമായ ഇന്ധന വിതരണം എന്നിവയാണ് സാങ്കേതികമായി നോക്കുമ്പോള്‍ പുത്തന്‍ എഞ്ചിന്റെ എടുത്ത് പറയേണ്ട പ്ലസുകള്‍. ഈ പരീക്ഷണങ്ങളെല്ലാം നിയന്ത്രിത സാഹചര്യങ്ങളിലായിരുന്നെന്നും യഥാര്‍ത്ഥ ലോകത്തെ ഡ്രൈവിംഗ് ഫലങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നും ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്.
എസ്‌യുവി ഇരട്ടകളുടെ 1.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 170 hp പവറും 280 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. അടുത്ത മാസം അതായത് 2026 ജനുവരിയില്‍ ഹാരിയര്‍, സഫാരി പെട്രോള്‍ പതിപ്പുകളുടെ ഔദ്യോഗിക ലോഞ്ചും വില പ്രഖ്യാപനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഡീസല്‍ പതിപ്പുകളെ അപേക്ഷിച്ച് രണ്ട് മോഡലുകളുടെയും പെട്രോള്‍ പതിപ്പുകള്‍ക്ക് വില കുറവായിരിക്കും. ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍ സഫാരി പെട്രോള്‍ മഹീന്ദ്ര XUV700, ഹ്യുണ്ടായി അല്‍കാസര്‍, എംജി ഹെക്ടര്‍ പ്ലസ് എന്നിവയുമായി മത്സരിക്കും. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, എന്നിവയടങ്ങുന്ന മിഡ്‌സൈസ് എസ്‌യുവികളായിരിക്കും ഹാരിയറിന്റെ എതിരാളികള്‍.
നാട്രാക്‌സില്‍ നടന്ന സിയറയുടെ എന്‍ഡ്യൂറന്‍സ് റണ്‍ പിക്സല്‍ മോഷന്‍ ടീമാണ് നടത്തിയത്. ഡ്രൈവര്‍മാര്‍ മാറാനായി ചെറിയ ഇടവേളകള്‍ മാത്രമെടുത്ത ടെസ്റ്റില്‍ ശരാശരി 65-70 കിലോമീറ്റര്‍ വേഗതയിലാണ് വാഹനം ഓടിച്ചത്. 65-70 കിലോമീറ്റര്‍ വേഗത സ്ഥിരമായി നിലനിര്‍ത്തുന്നത് എഞ്ചിനെ ഏറ്റവും കാര്യക്ഷമമായ ആര്‍പിഎം ശ്രേണിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിനാല്‍ യഥാര്‍ത്ഥ റോഡ് സാഹചര്യങ്ങളെ അപേക്ഷിച്ച് മൈലേജ് മെച്ചപ്പെടുന്നു. മൈലേജ് ടെസ്റ്റിനായി 12 മണിക്കൂറിനുള്ളില്‍ ഏകദേശം 800 കിലോമീറ്ററാണ് സിയറ പിന്നിട്ടത്.


Click it and Unblock the Notifications








