ടാറ്റയുടെ പെട്രോൾ പട എത്തുന്നു; സിയറ മുതൽ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് വരെ, പമ്പിലിനി ക്യൂ കൂടും
ഇന്ത്യയിൽ പണ്ട് ഡീസൽ വാഹനങ്ങളോടായിരുന്നു കൂടുതൽ ആളുകൾക്കും താത്പര്യമെങ്കിലും നിലവിൽ പെട്രോൾ കാറുകൾക്കാണ് ഏറെ ആവശ്യക്കാറുള്ളത്. ചെറു ഡീസൽ കാറുകൾ നിർത്തലാക്കിയതും കുറഞ്ഞ മെയിൻ്റനെൻസ് മാത്രമുള്ളതുമെല്ലാമാണ് ആളുകളെ പെട്രോൾ വാഹനങ്ങളിലേക്ക് അടുപ്പിക്കുന്നത്. ചെറിയ ഹാച്ച്ബാക്ക് മുതൽ സെഡാനുകളും വലിയ എസ്‌യുവികളും വരെയുള്ള പെട്രോൾ കാറുകൾ ഇന്ത്യയിലെ ഉപഭോക്താക്കളുടെ ദിവസേന ഉപയോഗത്തിനും സൗകര്യത്തിനും അനുയോജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു അവസരം മുതലാക്കി ടാറ്റ മോട്ടോർസ് തങ്ങളുടെ വരാനിരിക്കുന്ന പെട്രോൾ എസ്‌യുവികളുടെ (Petrol SUVs) ഒരു നീണ്ടനിര ഇപ്പോൾ പുറത്തിവിട്ടിരിക്കുകയാണ്.
ടാറ്റ സിയറ, സഫാരി, പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്, ഹാരിയർ തുടങ്ങിയ നാല് മോഡലുകളാണ് ഈ വർഷം അവസാനിക്കുന്നതോടെ വിപണിയിൽ എത്താൻ പോകുന്നത്. ഇത് ഒരു എസ്‌യുവി ലൈനപ്പ് എന്നതിലുപരി, പെട്രോൾ എഞ്ചിനോടെ പുതിയ തലമുറയിലേക്ക് ചുവടുവക്കാനുള്ള കമ്പനിയുടെ ഒരു വലിയ നീക്കവുംകൂടിയാണ്. മാത്രവുമല്ല പുത്തൽ ഇൻ്റീരിയറും മിനുക്കിയ സിസൈനുമായാണ് ഈ ഓരോ മോഡലും നിരത്തിലിറങ്ങാൻ പോകുന്നത്.

സിയറ: ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ലോഞ്ചാണ് ടാറ്റ സിയറയുടേത്. 1.5‑ലിറ്റർ ടർബോ പെട്രോൾ എഞ്ചിനോടെയായിരിക്കും ഇത് അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. മാത്രവുമല്ല ഏകദേശം 170 bhp കരുത്തും 280 Nm ടോർക്കും പ്രദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിനാൽ ഡ്രൈവിംങ് അനുഭവം മികച്ചതാക്കുമെന്നതിൽ യാതൊരു വിട്ടുവീഴ്ച്ചയും കാണുന്നില്ല. സിയറിലെ എഞ്ചിനോടൊപ്പം 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ലഭ്യമാകും.
അതേസമയം ഉയർന്ന വേരിയന്റുകളിൽ 7-സ്പീഡ് DCT ഓട്ടോമാറ്റിക് പതിപ്പും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ധനക്ഷമതയും യാത്രാ സൗകര്യവും പരിഗണിച്ചാൽ, ഏകദേശം 15-17 കിലോമീറ്റർ വരെ മൈലേജ് ലഭ്യമായേക്കും. ഈ പുതിയ പെട്രോൾ എഞ്ചിൻ സിയറയുടെ ആധുനിക ഡിസൈൻ, പ്രീമിയം ഇൻ്റീരിയർ, ട്രിപ്പിൾ സ്ക്രീൻ കൺസോൾ, ADAS സേഫ്റ്റി സിസ്റ്റങ്ങൾ എന്നിവയുമായി ചേർന്ന് ഒരു സമഗ്രവും ആധുനികവുമായ ഡ്രൈവിംഗ് അനുഭവം ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

സഫാരി: വരാനിരിക്കുന്ന ടാറ്റാ സഫാരി പെട്രോൾ മോഡൽ ടാറ്റാ മോട്ടോർസ് ലൈനപ്പിലെ ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റുകളിലൊന്നാണ്. ഇതുവരെ ഡീസൽ എഞ്ചിൻ മാത്രമുണ്ടായിരുന്ന സഫാരി, ഇപ്പോൾ പുതിയ തലമുറ 1.5-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായി എത്താനിരിക്കുകയാണ്. സിയറയിലെപ്പോലെ തന്നെ ഈ എഞ്ചിൻ ഏകദേശം 170 bhp കരുത്തും 280 Nm ടോർക്കുമാണ് ഉൽപാദിപ്പിക്കുന്നത്. കൂടാതെ വരാനിരിക്കുന്ന സഫാരിയിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്സും 6-സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനും ലഭിക്കുന്നതായിരിക്കും എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്: ഏറ്റവും കൂടുതൽ ശ്രദ്ധ നേടാൻ ഒരുങ്ങുന്ന പുതിയ അപ്ഡേറ്റാണ് പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്. പഞ്ച് ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചെറിയ എസ്‌യുവികളിൽ ഒന്നാണ്. അതിനാൽ പുതിയ ഫെയ്‌സ്‌ലിഫ്റ്റിൽ കമ്പനി കൂടുതൽ ആധുനിക ഡിസൈൻ, മികച്ച ഫീച്ചറുകൾ, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ചേർക്കുന്നതായിരിക്കും. പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൽ അതേ 1.2 ലിറ്റർ, 3 സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെ ഉപയോഗിക്കും.

പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ 88 bhp കരുത്തും 115 Nm ടോർക്കും നൽകുന്നുണ്ട്. ഇത് സിറ്റിയാത്രകൾക്കും ദൈനംദിന ഡ്രൈവിംങിനും മതിയായ പ്രകടനം ഉറപ്പുവരുത്തുന്നു. ട്രാൻസ്മിഷൻ ഓപ്ഷനായി 5-സ്പീഡ് മാനുവൽ കൂടാതെ 5-സ്പീഡ് AMT ഓട്ടോമാറ്റിക് പതിപ്പുകളും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാത്രവുമല്ല മാനുവൽ മോഡലിന് ഏകദേശം 20.09 കിലോമീറ്റർ വരെയും AMT മോഡലിന് ഏകദേശം 18.80 കിലോമീറ്റർ വരെയും മൈലേജ് ലഭിക്കാൻ സാധ്യതയുണ്ട്.
ഹാരിയർ: ഡിസൈൻ, ഇൻ്റീരിയർ ഫീച്ചറുകൾ, ADAS തുടങ്ങിയ പല മേഖലകളിലും ഹാരിയർ ഇപ്പോൾ തന്നെ ശക്തമായ സ്ഥാനം പിടിച്ചിട്ടുണ്ട്. പെട്രോൾ വകഭേദം കൂടിവന്നുക്കഴിഞ്ഞാൽ അതിന്റെ വിപണിപ്രാപ്തി കൂടുതൽ ഉയരുമെന്നതിൽ യാതൊരു സംശയവുമില്ല. സിയറയിലെയും സഫാരിയിലെയും പോലെതന്നെ 170 bhp കരുത്തും 280 Nm ടോർക്കും നൽകുന്ന 1.5-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഹാരിയറിലും വരാൻപോകുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളായി 6-സ്പീഡ് മാനുവൽ ഗിയർബോക്സും 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഉണ്ടായിരിക്കും.


Click it and Unblock the Notifications








