ടാറ്റയാടാ താഴത്തില്ലെടാ! ഡിസംബർ വിൽപ്പനയിൽ കൊറിയൻ ബ്രാൻഡിനെ മലത്തിയടിച്ച് ഇന്ത്യൻ ഭീമൻ
മാരുതിയെ വെട്ടിച്ച് ഇന്ത്യൻ വിപണിയിൽ ഒന്നാം സ്ഥാനത്ത് എത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ അതിനു തൊട്ടു താഴെ രണ്ടാം സ്ഥാനത്തിനായി വൻ മത്സരമാണ് ഓരോ മാസവും നടക്കുന്നത്. മിക്കവാറും ഈ സ്ഥാനം കൈവരിക്കുന്ന ദക്ഷിണകൊറിയൻ വാഹന ഭീമനായ ഹ്യുണ്ടായി ആയിരിക്കും, എന്നാൽ 2024 ഡിസംബറിലെ വളരെ ശക്തമായ വിൽപ്പന പ്രകടനത്തെത്തുടർന്ന് ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കൾ എന്ന സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
തദ്ദേശീയ വാഹന നിർമ്മാതാക്കൾ കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 43,471 യൂണിറ്റ് വിൽപ്പന എന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ 1.7 ശതമാനം വളർച്ച രേഖപ്പെടുത്തിക്കൊണ്ട് 44,221 യൂണിറ്റ് പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ചു. പഞ്ച്, നെക്‌സോൺ തുടങ്ങിയ ജനപ്രിയ മോഡലുകളുടെ വിജയത്താലാണ് ബ്രാൻഡ് മുന്നേറുന്നത്. 13.8 ശതമാനം വിപണി വിഹിതമാണ് കാർ നിർമ്മാതാക്കൾക്ക് ഇപ്പോൾ ഇന്ത്യയിൽ ഉള്ളത്.

അതേസമയം, ഡിസംബറിൽ 42,208 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വാർഷികാടിസ്ഥാനത്തിൽ 1.3 ശതമാനം ഇടിവാണ് ദക്ഷിണ കൊറിയൻ ബ്രാൻഡിന് നേരിടേണ്ടി വന്നത്. ഇതൊക്കെയാണെങ്കിലും, ഹ്യുണ്ടായി തങ്ങളുടെ എക്കാലത്തെയും ഉയർന്ന വാർഷിക ആഭ്യന്തര വിൽപ്പന കൈവരിച്ചു എന്നത് ശ്രദ്ധേയമാണ്, 2024 കലണ്ടർ വർഷത്തിൽ 6,05,433 യൂണിറ്റുകളുടെ വിൽപ്പ കമ്പനി രേഖപ്പെടുത്തി.
ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി ക്രെറ്റ മാറ്റമില്ലാതെ തുടരുന്നു. അതിനു പിന്നാലെ വെന്യു, എക്‌സ്‌റ്റർ, ഗ്രാൻഡ് i10 എന്നിവയുമുണ്ട്. ശ്രദ്ധേയമായി, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി എന്നിവ ഡിസംബറിൽ യഥാക്രമം 6.0 ശതമാനവും 12.5 ശതമാനവും പ്രതിമാസ (MoM) വിൽപ്പന ഇടിവ് നേരിട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസംബറിൽ ഇരു ബ്രാൻഡുകളും തമ്മിലുള്ള വിൽപ്പന വിടവ് വെറും 2,013 യൂണിറ്റുകൾ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്.

2024 ഡിസംബറിൽ 41,424 യൂണിറ്റ് വിൽപ്പന കരസ്ഥമാക്കിക്കൊണ്ട് പ്രാദേശിക യൂട്ടിലിറ്റി വാഹന ഭീമനായ മഹീന്ദ്ര & മഹീന്ദ്ര ശക്തമായ പ്രകടനം തുടർന്നു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM), കിയ, എംജി, ഹോണ്ട എന്നിവ യഥാക്രമം അഞ്ച്, ആറ്, ഏഴ്, എട്ട് സ്ഥാനങ്ങൾ സ്വന്തമാക്കി. ഫോക്‌സ്‌വാഗണും സ്‌കോഡയും 4,000 യൂണിറ്റ് വിൽപന എന്ന മാർക്ക് മറികടന്നു,
അതേസമയം റെനോയും നിസാനും 2,000 യൂണിറ്റുകൾ വീതം വിൽപ്പന രേഖപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്. സിട്രൻ ജീപ്പ് എന്നീ ബ്രാൻഡുകളും ഡിസംബറിൽ മൂന്നക്ക വിൽപ്പന കണക്കുകൾ രേഖപ്പെടുത്തി എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആകെ മൊത്തത്തിൽ 2024 ഡിസംബർ എന്നത് മിക്ക വാഹന നിർമ്മാതാക്കളേയും സംബന്ധിച്ചിടത്തോളം വലിയ കുഴപ്പമില്ലാത്ത ഒരു മാസമായിരുന്നു എന്ന് പറയാം.

മുമ്പോട്ട് പോവുമ്പോൾ ടാറ്റ മോട്ടോർസും ഹ്യുണ്ടായിയും വളറെ ആവേശകരമായ പുത്തൻ മോഡൽ ലോഞ്ചുകളുമായി 2025 ആഘോഷപൂർവ്വം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിൽ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹാരിയർ ഇവിയെ അവതരിപ്പിക്കും, അതേസമയം ഹ്യുണ്ടായി തങ്ങ ക്രെറ്റ ഇവി അവതരിപ്പിക്കും.
രണ്ട് ഇലക്ട്രിക് എസ്‌യുവികളും ഈ മാസം ന്യൂഡൽഹിയിൽ നടക്കുന്ന 2025 ഭാരത് മൊബിലിറ്റി ഷോയിൽ ഔദ്യോഗിക അരങ്ങേറ്റം കുറിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ വില ജനുവരി 17 -ന് പ്രഖ്യാപിക്കും എന്നും നിർമ്മാതാക്കൾ സൂചിപ്പിച്ചിട്ടുണ്ട്, അതേസമയം ടാറ്റ ഹാരിയർ ഇവി 2025 മാർച്ചിൽ വിൽപ്പനയ്‌ക്ക് എത്തും. രണ്ട് ഇലക്ട്രിക് എസ്‌യുവികളുടെയും വിശദമായ സവിശേഷതകളും ഫീച്ചറുകളും ഓട്ടോ എക്‌സ്‌പോയിൽ വെളിപ്പെടുത്തും.


Click it and Unblock the Notifications








