മഹീന്ദ്രയും എംജിയും അങ്ങോട്ട് മാറിനിന്ന് കരഞ്ഞോ..! 2026-ല്‍ 3 'ഇലക്ട്രിഫയിംഗ്' ലോഞ്ചുകളുമായി ടാറ്റ

നിലവില്‍ ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് വാഹന ബ്രാന്‍ഡ് ആണ് ടാറ്റ മോട്ടോര്‍സ് (Tata Motors). 2019-ല്‍ നെക്‌സോണ്‍ ഇ-എസ്‌യുവി പുറത്തിറക്കിയാണ് ടാറ്റ ഇവി വിഭാഗത്തില്‍ അരങ്ങേറ്റം കുറിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് രണ്ടര ലക്ഷത്തിലേറെ ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ച് 66 ശതമാനം വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുകയാണ് ടാറ്റ. കമ്പനിയുടെ കന്നി ഇവിയായ നെക്‌സോണ്‍ ഇവി (Tata Nexon EV) ഇന്ത്യയില്‍ 1 ലക്ഷം യൂണിറ്റ് വില്‍പ്പന നേടുന്ന ആദ്യ ഇലക്ട്രിക് കാര്‍ എന്ന നേട്ടവും സ്വന്തമാക്കി.

നെക്‌സോണ്‍ ഇവിയെ കൂടാതെ ടിയാഗോ ഇവി, ടിഗോര്‍ ഇവി, പഞ്ച് ഇവി തുടങ്ങിയ എന്‍ട്രി ലെവല്‍ മോഡലുകളും കര്‍വ് ഇവി, ഹാരിയര്‍ ഇവി എന്നീ എസ്‌യുവി മോഡലുകളുമടക്കം മൊത്തം അരഡസന്‍ ഇവികളാണ് ടാറ്റ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇപ്പോള്‍ തങ്ങളുടെ അടുത്ത തലമുറ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ സമയമായെന്ന് അറിയിക്കുകയാണ് ടാറ്റ.

tata punch ev

തങ്ങളുടെ ഭാവി പദ്ധതികളുടെ ഭാഗമായി തയാറാക്കിയ ഇവി റൂട്ട്മാപ്പില്‍ 2026 കലണ്ടര്‍ വര്‍ഷം മുന്ന് പുതിയ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുമെന്ന് ടാറ്റ സ്ഥിരീകരിച്ചു. ഇന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില മോഡലുകള്‍ അതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇലക്ട്രിക് എസ്‌യുവിയായ പഞ്ച് ഇവിയുടെ പരിഷ്‌കരിച്ച പതിപ്പായിരിക്കും അടുത്ത വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന ഒരു മോഡല്‍. പഞ്ച് ഐസിഇ പതിപ്പ് പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

പഞ്ച് ഇവിയുടെ പുതിയ പതിപ്പിനൊപ്പം ടാറ്റ പ്രൊഡക്ഷന്‍-സ്‌പെക്ക് സിയറ ഇവിയും പുറത്തിറക്കും. സിയറയുടെ ഐസിഇ പതിപ്പിന് വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബുക്കിംഗ് തുടങ്ങിയ ആദ്യ ദിവസം തന്നെ 70000 ഓര്‍ഡറുകളാണ് സിയറ വാരിക്കൂട്ടിയത്. ഈ ഓളം മുതലെടുക്കാനായി രണ്ട് ബാറ്ററി പായ്ക്കുകളുമായി സിയറ ഇവി പുറത്തിറക്കാനാണ് ടാറ്റയുടെ നീക്കം. ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ച് നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന സിയറ ഇവി പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ലോഞ്ചാകാന്‍ സാധ്യതയുണ്ട്.

sierra ev teaser

സിയറ ഇവിയെ കൂടാതെ, 2026-ല്‍ ടാറ്റ തങ്ങളുടെ പ്രീമിയം ഇലക്ട്രിക് കാറായ അവിന്യയും അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഇത് മുമ്പ് നിരവധി തവണ കണ്‍സെപ്റ്റ് രൂപത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടാറ്റയുടെ ഭാവി പ്രീമിയം ഇവികള്‍ 'അവിന്യ' സബ് ബ്രാന്‍ഡിന് കീഴിലായിരിക്കും പുറത്തിറങ്ങുക. 2026 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ തങ്ങളുടെ ഇവി പോര്‍ട്ട്ഫോളിയോയുടെ മുകളില്‍ സ്ഥാനംപിടിക്കുന്ന അവിന്യ മോഡലുകള്‍ ടാറ്റ പുറത്തിറങ്ങും.

ഈ ദശകത്തിന്റെ അവസാനത്തോടെ തങ്ങളുടെ ഇവി നിര ഗണ്യമായി വികസിക്കുമെന്ന് ടാറ്റ സ്ഥിരീകരിച്ചു. 2030-ഓടെ അഞ്ച് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ശ്രേണിയെ മത്സരാധിഷ്ഠിതമായി നിലനിര്‍ത്തുന്നതിനായി നിലവിലുള്ള മോഡലുകളിലുടനീളം ഒന്നിലധികം അപ്ഡേറ്റുകള്‍, ഫെയ്സ്ലിഫ്റ്റുകള്‍, ഫീച്ചര്‍ മെച്ചപ്പെടുത്തലുകള്‍ എന്നിവ നല്‍കും. പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിനൊപ്പം തന്നെ അടിസ്ഥാന സൗകര്യ വികസനത്തിനും കമ്പനി ഊന്നല്‍ കൊടുക്കും.

tata avinya

2030 ആകുമ്പോഴേക്കും ഇന്ത്യയിലുടനീളം 1 ദശലക്ഷം ചാര്‍ജിംഗ് പോയിന്റുകളുള്ള ഒരു ചാര്‍ജിംഗ് ഇക്കോ സിസ്റ്റം പടുത്തുയര്‍ത്താനാണ് ടാറ്റ ലക്ഷ്യമിടുന്നത്. അതില്‍ കുറഞ്ഞത് 1 ലക്ഷം പബ്ലിക് ചാര്‍ജറുകളെങ്കിലുമുണ്ടാകും. രാജ്യത്തെ ഏറ്റവും വിപുലവും ഏറ്റവും ആക്‌സസ് ചെയ്യാവുന്നതുമായ ഇവി ചാര്‍ജിംഗ് നെറ്റ്വര്‍ക്കുകളില്‍ ഒന്ന് സൃഷ്ടിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. സമര്‍പ്പിത ഇവി ബേകള്‍, പ്രത്യേക ബാറ്ററി റിപ്പയര്‍ സെന്ററുകള്‍, സപ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ വിപുലീകരണവും ടാറ്റയുടെ ഭാവി പരിപാടികളില്‍ ഉള്‍പ്പെടുന്നു.

ലക്ഷക്കണക്കിന് ഇവികള്‍ പുറത്തിറങ്ങിയതിനാല്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയെ പരിഗണിക്കുന്ന ചില തീരുമാനങ്ങളും ടാറ്റ കൈക്കൊള്ളുന്നു. സെക്കന്‍ഡ് ഓണേഴ്‌സിനായി ബാറ്ററി ഹെല്‍ത്ത് പരിശോധനകളും റീഫര്‍ബിഷ്‌മെന്റ് പരിഹാരങ്ങളും അവതരിപ്പിക്കുന്നുണ്ട് ടാറ്റ. സാനന്ദിലെ അഗ്രാസിന്റെ വരാനിരിക്കുന്ന ഗിഗാഫാക്ടറിയില്‍ നിന്ന് ഉയര്‍ന്ന വോള്‍ട്ടേജ് ബാറ്ററി സെല്ലുകള്‍ പ്രാദേശികമായി ലഭ്യമാക്കുന്നതും അടുത്ത ഘട്ടത്തിലെ പ്രധാന അജണ്ടയാണെന്ന് ടാറ്റ വ്യക്തമാക്കി.

നമ്പര്‍ 1 ആണെങ്കിലും സമീപകാലത്തായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ, മഹീന്ദ്ര എന്നീ ബ്രാന്‍ഡുകളില്‍ നിന്നുള്ള മോഡേണ്‍ ഇവികള്‍ ടാറ്റയുടെ കുത്തകയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മത്സരം ശക്തമാകുമ്പോള്‍ ഉല്‍പ്പന്ന നിര വികസിപ്പിക്കുന്നതടക്കമുള്ള പരിഹാരങ്ങളാണ് ടാറ്റ സ്വീകരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ പുത്തന്‍ ലോഞ്ചുകള്‍ നടത്തുന്നത് വിപണി വിഹിതം നിലനിര്‍ത്താന്‍ ടാറ്റയെ സഹായിക്കും. ടാറ്റയുടെ ഈ തന്ത്രം എതിരാളികള്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കും.

More from DriveSpark

Article Published On: Wednesday, December 24, 2025, 17:30 [IST]
English summary
Tata motors confirms launch of sierra ev updated punch ev avinya series to happen in 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X