ഡീസലും കറണ്ടും വേണ്ട, 500 കി.മീ റേഞ്ച്! ഭാവിയുടെ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രക്കുമായി ടാറ്റ
ലോറി, ട്രക്ക് എന്നീ ഹെവി വാഹനങ്ങളില്‍ പൊതുവേ ഇന്ധനമായി ഉപയോഗിക്കുന്നത് ഡീസലാണ്. സമീപകാലത്തായി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ വാഹനങ്ങളും ചില കമ്പനികള്‍ പുറത്തിറക്കാന്‍ തുടങ്ങിയിട്ടുണ്ട്. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനായി ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറച്ച് ബദല്‍ ഇന്ധനങ്ങളിലേക്ക് മാറാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അകമഴിഞ്ഞ പ്രോത്സാഹനം നല്‍കി വരുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളില്‍ ഒന്നാണ് ടാറ്റ മോട്ടോര്‍സ്. ഇപ്പോള്‍ ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഹെവി ട്രക്കുകളുടെ പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്.
കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന്റെ നാഷനല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷനിന്റെ പിന്തുണയോടെയാണ് പരീക്ഷണം. ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ട്രക്കുകളുടെ വാണിജ്യ സാധ്യത വിലയിരുത്താനും അവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുമായാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് ടാറ്റയുടെ ഈ ഹൈഡ്രജന്‍ ട്രക്കുകളുടെ പരീക്ഷണം.

ഭാവിയുടെ ഇന്ധനമാണ് ഹൈഡ്രജന്‍ എന്നും ഇന്ത്യയുടെ ഗതാഗത മേഖലയെ പരിവര്‍ത്തനം ചെയ്യാനും ചെലവ് കുറയ്ക്കാനും ഊര്‍ജ്ജ സ്വാതന്ത്ര്യം മെച്ചപ്പെടുത്താനും ഇതിന് വളരെയധികം കഴിവുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഹൈഡ്രജന്‍ ട്രക്കുകളുടെ ഫ്‌ലാഗ്ഓഫ് ചടങ്ങില്‍ ഗഡ്കരിക്കൊപ്പം കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി, ടാറ്റ മോട്ടോര്‍സ് മാനേജിംഗ് ഡയറക്ടര്‍ ഗിരീഷ് വാച്ച്, നിരവധി വ്യവസായ പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഈ ഘട്ടത്തില്‍ വ്യത്യസ്ത ലോഡ് കപ്പാസിറ്റികളും കോണ്‍ഫിഗറേഷനുകളുമുള്ള 16 ഹൈഡ്രജന്‍-പവര്‍ ട്രക്കുകള്‍ മുംബൈ, പൂനെ, ഡല്‍ഹി-എന്‍സിആര്‍, സൂറത്ത്, വഡോദര, ജംഷഡ്പൂര്‍, കലിംഗനഗര്‍ തുടങ്ങിയ നഗരങ്ങളിലെ പ്രധാന വാണിജ്യ ഇടനാഴികളിലൂടെ പരീക്ഷണം നടത്തും. ഈ പരീക്ഷണത്തിനുള്ള ടെന്‍ഡര്‍ ടാറ്റ മോട്ടോര്‍സ് നേടിയിട്ടുണ്ട്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളിലെ പ്രകടനം വിലയിരുത്തുന്നതിന് ട്രക്കുകള്‍ ഹൈഡ്രജന്‍ കംബസ്റ്റന്‍ എഞ്ചിന്‍ (H2-ICE), ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിള്‍ (H2-FCEV) സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും.
ടാറ്റ പ്രൈമ സീരീസില്‍ വരുന്ന ട്രക്കുകളാണ് പരീക്ഷണത്തിനിറക്കുന്നത്. ആദ്യത്തെ പ്രൈമ H.55S H2 ഐസിഇ മോഡലായിരിക്കും. രണ്ടാമത്തെ പ്രൈമ H 55S എഫ്‌സിഇവി (ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിള്‍) ആയി പ്രവര്‍ത്തിക്കുന്നു. മൂന്നാമത്തെ മോഡല്‍ ടാറ്റ പ്രൈമ H.28 ഹൈഡ്രജന്‍ ടു ഐസിഇ ആയിരിക്കും. 300 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ചുള്ള ഈ ട്രക്കുകള്‍ ദീര്‍ഘദൂര ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു.
ഇത് ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ട്രക്കുകളെ വാണിജ്യ ഉപയോഗത്തിന് വിശ്വസനീയമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു. ഡ്രൈവര്‍മാരുടെ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ക്ഷീണം കുറയ്ക്കുക, ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യം വെച്ചുകൊണ്ട് മികച്ച സൗകര്യങ്ങളുമായി വരുന്നതാണ് പ്രൈമ ട്രക്കുകള്‍. ടാറ്റ മോട്ടോര്‍സിന്റെ ഈ ട്രക്കുകളില്‍ നൂതന ഡ്രൈവിംഗ് അസിസ്റ്റ് ഫീച്ചറുകളും വരുന്നുണ്ട്. ടാറ്റ മോട്ടോര്‍സ് ഇതിനകം തന്നെ 15 ഹൈഡ്രജന്‍ FCEV ബസുകള്‍ ഇന്ത്യന്‍ റോഡുകളില്‍ വിജയകരമായി വിന്യസിച്ചിട്ടുണ്ട്.
ഇപ്പോള്‍ അവര്‍ ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന മോഡലുകളുമായി ട്രക്ക് വിഭാഗത്തിലേക്ക് കടക്കുകയാണ്. ഇലക്ട്രിക്, സിഎന്‍ജി, എല്‍എന്‍ജി, ഹൈഡ്രജന്‍ കംബസ്റ്റന്‍ എഞ്ചിന്‍, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ തുടങ്ങിയവയില്‍ ടാറ്റ മോട്ടോര്‍സ് സജീവമായി ശ്രദ്ധ ചെലുത്തുന്നുണ്ട്. ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ ട്രക്കുകള്‍ മുതല്‍ വലിയ ബസുകള്‍ വരെ കമ്പനി ഇതിനകം വാഗ്ദാനം ചെയ്യുന്നു. ടാറ്റയുടെ ഇത്തരം ശ്രമങ്ങള്‍ ഹെവി വാണിജ്യ വാഹന മേഖലയെ സുസ്ഥിര മൊബിലിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








