സ്വന്തം വിൽപ്പന കണ്ട് കണ്ണുത്തളളി ടാറ്റ! എല്ലാ സെഗ്മെൻ്റിലും കുതിച്ചു ചാട്ടവുമായി ബ്രാൻഡ്
കഴിഞ്ഞ രണ്ട് മാസങ്ങളായി വാഹന ബ്രാൻഡുകളെല്ലാം തന്നെ മികച്ച വിൽപ്പനയാണ് നേടുന്നത്. അതിൽ പ്രധാനിയായി ഇന്ത്യൻ ബ്രാൻഡായ ടാറ്റ മോട്ടോർസ് റെക്കോർഡ് വർധനവാണ് കരസ്ഥമാക്കിയിരിക്കുന്നത്. നവംബറിലെ പുറത്ത് വന്ന കണക്കുകൾ പ്രകാരം ടാറ്റാ മോട്ടോഴ്‌സ് 2025 നവംബറിൽ 59,199 പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. ഇത് 2024 നവംബറിലെ 47,117 യൂണിറ്റുകളെക്കാൾ 26 ശതമാനം വാർഷിക വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന 57,436 യൂണിറ്റായി ഉയർന്നിട്ടുണ്ട്, ഇത് മുൻവർഷം 47,063 യൂണിറ്റായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.
ടാറ്റയുടെ ഇലക്ട്രിക് വാഹന വിഭാഗം നവംബറിൽ 7,911 ഇലക്ട്രിക് മോഡലുകൾ വിറ്റ് വലിയ മുന്നേറ്റമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. മുൻവർഷത്തെ 5,202 യൂണിറ്റുകളെ അപേക്ഷിച്ച് 52.2 ശതമാനത്തിൻ്റെ വളർച്ചയാണിത്. നെക്സോൺ, പഞ്ച്, ടിയാഗോ, ടിഗോർ ഇവി മോഡലുകളാണ് ടാറ്റയുടെ ഈ നേട്ടത്തിന് പ്രധാന കാരണം, ഇത് ഇലക്ട്രിക് വിഭാഗത്തിൽ ടാറ്റയുടെ ആധിപത്യം വീണ്ടും വീണ്ടും ഉറപ്പിക്കുകയാണ്.

ഇനി കയറ്റുമതിയിലേക്ക് വന്നാലും ടാറ്റ വൻ വർദ്ധനവാണ് സ്വന്തമാക്കിയിരിക്കുന്നത്. 2025 നവംബറിൽ 1,763 യൂണിറ്റുകൾ കയറ്റുമതി ചെയ്തപ്പോൾ, കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 54 യൂണിറ്റുകളിൽ നിന്ന് 3,160 ശതമാനമാണ് വാർഷിക വളർച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം മികച്ച പ്രകടനം കാഴ്ചവെച്ച വിഭാഗങ്ങളിലൊന്നായി ഇത് മാറുകയും ചെയ്തിട്ടുണ്ട്.
വാണിജ്യ വാഹന വിഭാഗത്തിലേക്ക് നോക്കിയാൽ ടാറ്റ മോട്ടോഴ്സ് 35,539 യൂണിറ്റുകൾ വിറ്റഴിച്ച് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇത് 2024 നവംബറിലെ 27,636 യൂണിറ്റുകളെക്കാൾ 29 ശതമാനത്തിൻ്റെ വാർഷിക വളർച്ചയാണ്. കാർഗോ കാരിയറുകൾ, ചെറുകിട വാണിജ്യ വാഹനങ്ങൾ, ഹെവി ട്രക്കുകൾ എന്നിവയുടെ വർധിച്ച് വരുന്ന ഡിമാൻ്റാണ് ഇതിന് കാരണമായി എടുത്തു പറയാനുളളത്.

ഹെവി ട്രക്കുകളുടെ (HCV) വിൽപ്പന മുൻവർഷത്തെ 7,586 യൂണിറ്റുകളിൽ നിന്ന് 34 ശതമാനം വർദ്ധിച്ച് 10,181 യൂണിറ്റിലെത്തിയിട്ടുണ്ട്. ലൈറ്റ്, മീഡിയം ഡ്യൂട്ടി ട്രക്കുകൾ (ILMCV) 35 ശതമാനം ഉയർന്ന് 5,905 യൂണിറ്റും, പാസഞ്ചർ കാരിയറുകൾ 11 ശതമാനം വർദ്ധിച്ച് 3,340 യൂണിറ്റും, ചെറുകിട കാർഗോ, പിക്കപ്പ്/SCV (SCV) വിൽപ്പന 19 ശതമാനം വർദ്ധിച്ച് 13,327 യൂണിറ്റുമായി.
ആഭ്യന്തര വാണിജ്യ വാഹന വിൽപ്പന 2024 നവംബറിലെ 26,183 യൂണിറ്റുകളിൽ നിന്ന് 25 ശതമാനത്തോളം വർദ്ധിച്ച് 32,753 യൂണിറ്റുകളായി. കയറ്റുമതിയിൽ, അന്താരാഷ്ട്ര വാണിജ്യ വാഹന കയറ്റുമതി മുൻവർഷത്തെ 1,453 യൂണിറ്റുകളിൽ നിന്ന് 92 ശതാമനത്തിൻ്റെ കുതിച്ചുചാട്ടത്തോടെ 2,786 യൂണിറ്റിലെത്തിയതും ടാറ്റയുടെ മുന്നേറ്റത്തിന് കാരണമായി പറയേണ്ടതാണ്.

വർഷാവസാനം ടാറ്റ മോട്ടോഴ്‌സ് വിൽപ്പനയുടെ കാര്യത്തിൽ ബഹുദൂരം മുന്നിലാണ്. 2026-ന്റെ തുടക്കത്തിൽ പുറത്തിറങ്ങുന്ന അടുത്ത തലമുറ പെട്രോൾ ഹാരിയർ, സഫാരി,അതോടൊപ്പം തന്നെ സിയറ എന്നിവ ടാറ്റയുടെ കിരീടത്തിലെ പൊൻതൂവലുകളായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. കൂടുതലും ഇലക്ട്രിക് വാഹനങ്ങളിൽ നിന്നാണ് ടാറ്റയ്ക്ക് വിൽപ്പന കൂടിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇവികളിൽ കൂടുതലായി ശ്രദ്ധ ചെലുത്താനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് വേണം മനസിലാക്കാൻ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








