കച്ചോടം കുറഞ്ഞു, എതിരാളികള്‍ കൂടി! ഈ സ്‌റ്റൈലന്‍ കാര്‍ കുറഞ്ഞ വിലയില്‍ വിറ്റഴിച്ച് ടാറ്റ
ഒരു ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സെപ്റ്റ് രൂപത്തില്‍ അവതരിപ്പിക്കപ്പെട്ട അന്ന് മുതല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ പ്രതീക്ഷ ജനിപ്പിച്ച കാര്‍ ആയിരുന്നു ടാറ്റ കര്‍വ്. പിന്നീട് വന്ന പല എസ്‌യുവികളുടെയും ഡിസൈന്‍ സൂചകങ്ങള്‍ ഈ കാറില്‍ നിന്ന് കടംകൊള്ളുകയായിരുന്നു ടാറ്റ. കോംപാക്ട് എസ്‌യുവി വിഭാത്തില്‍ ടാറ്റ പ്രതീക്ഷിച്ച വില്‍പ്പ കര്‍വിന് കൊണ്ടുവരാന്‍ സാധിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരിക്കും ഉത്തരം. 2025 ജനുവരിയില്‍ കുറഞ്ഞ വില്‍പ്പനയാണ് ടാറ്റ കര്‍വ് രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌യുവി കൂപ്പെയ്ക്ക് ഈ മാസം കമ്പനി ആകര്‍ഷകമായ കിഴികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിന്റെ വിശദാംശങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.
2025 ജനുവരിയില്‍ വെറും 3,087 കര്‍വ് കാറുകള്‍ മാത്രമാണ് വിറ്റ് പോയത്. 2024 ഓഗസ്റ്റില്‍ വിപണിയിലെത്തിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര, കിയ സെല്‍റ്റോസ്, ടൊയോട്ട ഹൈറൈഡര്‍ എന്നിവയ്ക്ക് പിന്നില്‍ അഞ്ചാമതാണ് കര്‍വ്. ഈ സാഹചര്യത്തിലാണ് വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ടാറ്റ കാറിന്റെ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വേരിയന്റുകളില്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചത്.

നിങ്ങള്‍ ഒരു ടാറ്റ കര്‍വ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ ഇതായിരിക്കും ഏറ്റവും മികച്ച അവസരം. ആദ്യം നമുക്ക് കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വേരിയന്റുകളുടെ കിഴിവുകള്‍ പരിശോധിക്കാം. കര്‍വ് ഐസി എഞ്ചിന്‍ പതിപ്പുകളുടെ 2025 മോഡലിന് 20,000 രൂപ വരെ സ്‌ക്രാപ്പേജ് ബോണസ് വാഗ്ദാനം ചെയ്യുന്നു. ഈ മോഡലിന് 13,793 എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാന്‍ മാത്രമേ ഉപഭാക്താക്കള്‍ക്ക് സാധിക്കൂ.
കര്‍വ് 2025 മോഡലിന് ക്യാശ് ഡിസ്‌കൗണ്ട് ഒന്നും ലഭ്യമല്ല. അതേസമയം MY2024 മോഡലിന് ഇതിലും കൂടുതല്‍ കിഴിവ് ലഭ്യമാണ്. ഈ മോഡലിന് 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നു. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ 50,000 രൂപ വരെ ലാഭിക്കാന്‍ കഴിയും. ഇതിനുപുറമെ ഡീലര്‍ഷിപ്പ് തലത്തിലെ സ്റ്റോക്കിനെ ആശ്രയിച്ച് കൂടുതല്‍ ഓഫറുകള്‍ ലഭ്യമായേക്കാം. ഇതിനായി ഉടന്‍ തന്നെ തൊട്ടടുത്ത ടാറ്റ ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.

1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ (120 PS/170 Nm), 1.2 ലിറ്റര്‍ ഹൈപ്പീരിയന്‍ പെട്രോള്‍ (125 PS/225 Nm), 1.5 ലിറ്റര്‍ ഡീസല്‍ (118 PS/260 Nm) എന്നിവയുള്‍പ്പെടെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടാറ്റ കര്‍വ് വാഗ്ദാനം ചെയ്യുന്നത്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് DCA ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളാണ് കാറില്‍ വരുന്നത്.
ഇനി ടാറ്റ കര്‍വ് ഇവിയിലേക്ക് കടന്നാല്‍ MY2025 മോഡലിന് 20,000 രൂപ വരെ സ്‌ക്രാപ്പേജ് ബോണസ് കമ്പനി വാഗ്ദാനം ചെയ്യുന്നു. അതേസമയം 19,048 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്. ഇവിടെയും രണ്ടില്‍ ഒരു ഓപ്ഷന്‍ തെരഞ്ഞെടുക്കാനുള്ള നിര്‍വാഹമേയുള്ളൂ. മാത്രമല്ല ടാറ്റ കര്‍വ് ഇവിയുടെ പുതിയ സ്‌റ്റോക്കിന് ക്യാശ് ഡിസ്‌കൗണ്ടും ലഭ്യമല്ല. ടാറ്റ കര്‍വ് ഇവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്.

430 കിലോമീറ്റര്‍ റേഞ്ച് പറയുന്ന 45kWh ബാറ്ററി പായ്ക്ക് ആണ് ആദ്യത്തേത്. രണ്ടാമത്തെ ബാറ്ററി പായ്ക്ക് 55kWh ആണ്. ഇത് 502 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ടാറ്റ കര്‍വ് ഇവി ഫുള്‍ചാര്‍ജില്‍ 330 മുതല്‍ 425 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് പ്രതീക്ഷിക്കാം. ഏാതായാലും ഈ ഓഫറുകള്‍ സ്ഥലത്തിനും സ്‌റ്റോക്കിന്റെ ലഭ്യതയ്ക്കും അനുസരിച്ച് വ്യത്യാസപ്പെടുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
വില്‍പ്പന കുറയുന്നത് മാത്രമല്ല കോംപാക്ട് എസ്‌യുവി സ്‌പെയ്‌സില്‍ ഓരോ ദിവസം ചെല്ലുമ്പോഴും മത്സരം കടുക്കുന്നതും കര്‍വിന് ഡിസ്‌കൗണ്ട് നല്‍കാന്‍ ടാറ്റയെ പ്രേരിപ്പിച്ചതായി നമുക്ക് മനസ്സിലാക്കാം. പ്രത്യേകിച്ചും കര്‍വ് ഇവിയുടെ എതിരാളികളുടെ എണ്ണം ഇപ്പോള്‍ കൂടിയിട്ടുണ്ട്. മാരുതി ഇ-വിറ്റാര, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6 എന്നിവയ്‌ക്കൊപ്പം ടൊയോട്ട അര്‍ബര്‍ ക്രൂയിസര്‍ ഇവിയും വരാനിരിക്കുന്നു. ഇതില്‍ മാരുതിയുടെ കന്നി ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല.
എന്നാല്‍ മഹീന്ദ്ര BE 6 ആദ്യ ദിവസം തന്നെ 13,279 ബുക്കിംഗുകള്‍ വാരിക്കൂട്ടി വലിയ ഓളം സൃഷ്ടിച്ചിരിക്കുകയാണ്. വില മാത്രമല്ല ഫ്യൂചറിസ്റ്റിലക് ഡിസൈന്‍, സവിശേഷതകള്‍ എന്നിവയടക്കം ഒട്ടുമിക്ക മേഖലകളിലും മികവ് പുലര്‍ത്തിയെത്തുന്ന ഈ കാറുകളോട് മത്സരിക്കാന്‍ ടാറ്റ സ്വന്തം മോഡല്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതായുണ്ട്. മാത്രമല്ല വിലയുടെ കാര്യത്തിലും പുനര്‍വിചിന്തനം നടത്തേണ്ടി വരും. പുത്തന്‍ കാറുകള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്ന മുറയ്ക്ക് ഇവയില്‍ പലതും യാഥാര്‍ത്ഥ്യമാകുന്നത് ഒരുപക്ഷേ നമുക്ക് കാണാനാകും.


Click it and Unblock the Notifications








