രാജ്യത്തിൻ്റെ മുക്കിലും മൂലയിലും ചാർജിങ്ങ് പോയിൻ്റുകൾ തുടങ്ങാൻ ടാറ്റ; ഇനി റേഞ്ചിനെ പേടിക്കണ്ട
ഏതൊരു ഇവി ഉടമയുടേയും പേടിസ്വപ്നമാണ് ദൂരയാത്ര പോകുമ്പോൾ ചാർജിങ്ങ് സ്റ്റേഷനുകൾ കാണുമോ എന്നത്. എന്നാൽ ഇനി പേടിക്കണ്ട എന്നാണ് ടാറ്റയുടെ അഹ്വാനം. അത് മറ്റൊന്നുമല്ല 2027 ആകുമ്പോഴേക്കും രാജ്യത്ത് 4 ലക്ഷം ചാർജിങ്ങ് പോയിൻ്റുകൾ എന്ന ലക്ഷ്യത്തിലേക്കാണ് ടാറ്റ പദ്ധതി ഇട്ടിരിക്കുന്നത്. TATA.ev 2023-ൽ 'ഓപ്പൺ കൊളാബറേഷൻ' പദ്ധതി ആരംഭിച്ചിരുന്നു, ചാർജ് പോയിന്റ് ഓപ്പറേറ്റർമാർ (CPO-കൾ), ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (OMC-കൾ) എന്നിവയുമായി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. തടസ്സമില്ലാത്ത ദീർഘദൂര മൊബിലിറ്റി ഉറപ്പാക്കുന്നതിന്, പ്രധാന ഹോട്ട്‌സ്‌പോട്ടുകളിൽ, പ്രത്യേകിച്ച് ഹൈവേകളിൽ, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അതിൻ്റെ ഫലമായി ഇന്ത്യയിലെ പൊതു ചാർജിംഗ് പോയിന്റുകളുടെ എണ്ണം വെറും 15 മാസത്തിനുള്ളിൽ ഇരട്ടിയിലധികമായി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ചാർജിംഗ് പോയിന്റുകളുടെ എണ്ണം ഇരട്ടിയിലധികം 400,000 ആക്കുക എന്ന ലക്ഷ്യത്തോടെ TATA.ev ഇന്ത്യയുടെ ഇവി ചാർജിംഗ് സ്റ്റേഷനുകൾ വർധിപ്പിക്കുക എന്നതാണ് പദ്ധതി. ടാറ്റയുടെ ഇവി വിശേഷങ്ങളിലേക്ക് നോക്കിയാൽ പഞ്ച് ഇവി, ടിയാഗോ ഇവി, നെക്‌സോൺ ഇവി, കർവ് ഇവി തുടങ്ങിയ മോഡലുകൾക്കെല്ലാം ഗംഭീര വിലക്കുറവുമായി എത്തിയിരിക്കുകയാണ്.

വേരിയന്റ്, ചാർജർ ടൈപ്പ്, റേഞ്ച് എന്നിവ പരിഗണിക്കാതെ തന്നെ നെക്‌സോൺ ഇവിക്ക് 40,000 രൂപ വരെയാണ് ഈ മാസം ലഭിക്കുന്ന ആനുകൂല്യങ്ങൾ. എന്നാൽ 2024 മോഡൽ ഇയർ സ്റ്റോക്കിന് മാത്രമാവും ഈ ഓഫർ ലഭിക്കുകയെന്ന് കമ്പനി പ്രത്യേകം അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഇലക്ട്രിക് ലൈനപ്പിലെ ആദ്യത്തെ വാഹനമാണെങ്കിലും വലിയ 45kWh ബാറ്ററി പായ്ക്കും അടിപൊളി റേഞ്ചുമായിട്ടാണ് ഇലക്ട്രിക് എസ്‌യുവിയുടെ വരവ്.
അടുത്ത മോഡലായ പഞ്ച് ഇവിയുടെ കാര്യത്തിലേക്ക് വന്നാൽ സ്മാർട്ട്, സ്മാർട്ട് പ്ലസ് വേരിയന്റുകളിൽ 3.3 kW AC വാൾ ബോക്സ് ചാർജറുള്ളവയ്ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. 3.3kW ചാർജറുള്ള മറ്റെല്ലാ മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് വേരിയന്റുകൾക്കും 50,000 രൂപ വരെയാണ് ഓഫർ ലഭിക്കുക. 7.2kW AC ഫാസ്റ്റ് ചാർജർ തിരഞ്ഞെടുക്കുമ്പോൾ വിലയിൽ 70,000 രൂപ വരെ കിഴിവ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഇലക്ട്രിക് എസ്‌യുവിയുടെ മറ്റ് എല്ലാ വേരിയന്റുകൾക്കും 40,000 രൂപ വരെയാണ് ഡിസ്കൌണ്ട് ഒരുക്കിയിരിക്കുന്നത്.

ടാറ്റയുടെ നിലവിലെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് കാറായ കർവ് ഇവിയുടെ 2024 സ്റ്റോക്ക്, വിവിധ വകഭേദങ്ങളിൽ 70,000 രൂപ വരെ ഡിസ്കൌണ്ടിൽ വാങ്ങാം. 55kWh ബാറ്ററി പായ്ക്കും 167 bhp വരെ കരുത്ത് നൽകുന്ന ഇലക്ട്രിക് കൂപ്പെ എസ്‌യുവിയാണ് കമ്പനിയുടെ ഇവി ലൈനപ്പിൽ ഏറ്റവും വലിയ ബാറ്ററി ശേഷിയും ഏറ്റവും കൂടുതൽ പവറും നൽകുന്നത്. പുതിയ മോഡലായതിനാൽ തന്നെ ഈ വണ്ടി പലരുടേയും കണ്ണുടക്കിയിട്ടുണ്ടാവാം.
രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറുകളിൽ ഒന്നായ ടിയാഗോ ഇവിയുടെ മുഴുവൻ വേരിയന്റ് നിരയിലും 85,000 രൂപ വരെ വിലയുള്ള ഓഫറുകളാണ് ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരിക്കുന്നത്. 3.3kW ചാർജറുള്ള XT വേരിയന്റാണ് തെരഞ്ഞെടുക്കുന്നതെങ്കിലാണ് ഇത്രയും വലിയ വിലക്കിഴിവ് നൽകുന്നത്. ടോപ്പ്-സ്പെക്ക് XZ പ്ലസ് വേരിയന്റുകൾക്ക് 60,000 രൂപ വരെ ഓഫർ ലഭിക്കും. ഇനി ഏറ്റവും പുതിയ ടിയാഗോ ഇവി വാങ്ങാൻ എത്തുന്നവർക്ക് XZ+ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും 40,000 രൂപ വരെ ലാഭിക്കാൻ കഴിയും.

എന്നാൽ വേഗത കുറഞ്ഞ 3.3kW ചാർജറിൽ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ മാസം ടാറ്റയുടെ ഇലക്ട്രിക് ഹാച്ച്ബാക്കിന് ചില പരിഷ്ക്കാരങ്ങൾ കമ്പനി സമ്മാനിച്ചിരുന്നു. പുതുതായി ഡിസൈൻ ചെയ്‌തിരിക്കുന്ന ഗ്രില്ലും ഹെഡ്‌ലൈറ്റുകളും റീഡിസൈൻ ചെയ‌്ത 14 ഇഞ്ച് അലോയ് വീലുകളുമെല്ലാം കാറിന് പുതുമ സമ്മാനിക്കുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








