കൊറിയക്കാര്‍ ഇന്ത്യയില്‍ ആളാവണ്ട... ഹ്യുണ്ടായിയെ തൂക്കിയെറിഞ്ഞ് ടാറ്റയുടെ പടയോട്ടം
2025 നവംബര്‍ മാസം പിറന്നതോടെ വാഹന നിര്‍മാതാക്കള്‍ ഒക്‌ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വിടാന്‍ തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനം പ്രാബല്യത്തില്‍ വന്ന ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ഗുണം കമ്പനികള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചത് പക്ഷേ ഒക്‌ടോബറിലാണ്. ജിഎസ്ടി കട്ടിനൊപ്പം ഇരട്ടി മധുരമായി ബ്രാന്‍ഡുകള്‍ ഉത്സവകാല ഓഫറുകള്‍ കൂടി പ്രഖ്യാപിച്ചതോടെ ഒക്‌ടോബര്‍ മാസം ഷോറൂമുകള്‍ നിറഞ്ഞ് കവിഞ്ഞു. പോയ മാസവും 2 ലക്ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ വിറ്റ് മാരുതി സുസുക്കി തന്നെയാണ് വില്‍പ്പന പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് സ്വദേശി ബ്രാന്‍ഡുകളോടാണിപ്പോള്‍ പ്രിയമെന്നാണ് തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ സൂചിപ്പിക്കുന്നത്.
വാഹന്‍ പുറത്തുവിട്ട ഏറ്റവും പുതിയ പാസഞ്ചര്‍ വാഹന റീട്ടെയില്‍ വില്‍പ്പന കണക്കുകള്‍ പ്രകാരം 2025 ഒക്ടോബറില്‍ ടാറ്റ മോട്ടോര്‍സ് ഹ്യുണ്ടായിയെയും മഹീന്ദ്രയെയും വലിയ മാര്‍ജിനില്‍ മറികടന്നു. 2025 ഒക്ടോബറില്‍ മാരുതി സുസുക്കിക്ക് പിന്നില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിക്കൊണ്ട് ടാറ്റ 74,705 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചു. മഹീന്ദ്രയെക്കാള്‍ 7,905 യൂണിറ്റുകളും ഹ്യുണ്ടായിയെക്കാള്‍ 9,660 യൂണിറ്റുകളും കൂടുതല്‍ വിറ്റഴിച്ചാണ് ടാറ്റ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവച്ചത്.

സെപ്റ്റംബര്‍ മാസം മഹീന്ദ്രയും ഹ്യുണ്ടായിയുമായുള്ള വില്‍പ്പന വ്യത്യസം യഥാക്രമം 3492, 5339 യൂണിറ്റുകള്‍ ആയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ടാറ്റയുടെ വില്‍പ്പന വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2025 ഓഗസ്റ്റില്‍ 38,286 യൂണിറ്റും സെപ്റ്റംബറില്‍ 41,151 യൂണിറ്റുമായിരുന്നു റീട്ടെയില്‍ ചെയ്തത്. ഒക്ടോബറില്‍ 74,705 പുതിയ ഉപഭോക്താക്കളെ കൂടി ലഭിച്ചതോടെ വെറും മൂന്ന് മാസത്തിനുള്ളില്‍ 1.9 മടങ്ങ് വളര്‍ച്ചയാണ് നേടാനായത്. ഒക്ടോബറിലെ വമ്പന്‍ വളര്‍ച്ചയ്ക്ക് പിന്നില്‍ ഉത്സവ സീസണും ജിഎസ്ടി ഇളവുകളും ഒരുപോലെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്നതോടെ ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 1.55 ലക്ഷം രൂപ വരെ വില കുറഞ്ഞത് വില്‍പ്പന ഗണ്യമായി വര്‍ധിപ്പിച്ചു. ഈ കാലയളവില്‍ മഹീന്ദ്രയും ഹ്യുണ്ടായിയും വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തി. സെപ്റ്റംബറിലെ 37,659 യൂണിറ്റുകളില്‍ നിന്ന് മഹീന്ദ്രയുടെ വില്‍പ്പന ഒക്ടോബറില്‍ 66,800 യൂണിറ്റായി ഉയര്‍ന്നു. ഇത് 77 ശതമാനം വര്‍ധനവാണ്. ഹ്യുണ്ടായിയുടെ വില്‍പ്പന 35,812 യൂണിറ്റുകളില്‍ നിന്ന് 65,045 യൂണിറ്റായി വര്‍ധിച്ച് 81 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് വാഹന ഓപ്ഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിശാലമായ മോഡല്‍ ശ്രേണിയാണ് ടാറ്റയെ ഈ നേട്ടത്തിലെത്തിച്ചത്. കൂടാതെ, പുതിയ സവിശേഷതകള്‍, മെച്ചപ്പെട്ട ഡിസൈന്‍, വിശാലമായിഇവി നിര എന്നിവ സാങ്കേതികത്തികവുറ്റ കാറുകള്‍ തേടുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിച്ചു. വിശാലമായ പ്രൈസ് റേഞ്ചില്‍ വൈവിധ്യമാര്‍ന്ന പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഓഫര്‍ ചെയ്യുന്ന നെക്സോണ്‍, പഞ്ച് എന്നീ കോംപാക്ട് എസ്‌യുവികളാണ് ബ്രാന്‍ഡിന് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുത്തത്.
നവരാത്രി മുതല്‍ ദീപാവലി വരെയുള്ള കാലയളവില്‍ 38,000 യൂണിറ്റിലധികം വില്‍പ്പനയുമായാണ് നെക്‌സോണ്‍ ഉത്സവ സീസണ്‍ തൂക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ഉത്സവ സീസണുമായി താരതമ്യപ്പെടുത്തുമ്പോള്‍ നെക്‌സോണിന്റെ വില്‍പ്പന കുറഞ്ഞത് 73% വര്‍ധിച്ചു. ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ഇപ്പോഴും ടാറ്റ മോട്ടോര്‍സ് തന്നെയാണ് മുന്നില്‍. നെക്സണിന്റെയും പഞ്ചിന്റെയും ഇലക്ട്രിക് പതിപ്പുകള്‍ വില്‍പ്പനയില്‍ അര്‍ത്ഥവത്തായ സംഭാവന നല്‍കി.

വരും ദിവസങ്ങളില്‍ ടാറ്റ മോട്ടോര്‍സ് വില്‍പ്പന കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ വാഹനപ്രേമികള്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്ന ചില കാറുകള്‍ ഉടന്‍ പുറത്തിറങ്ങാന്‍ പോകുകയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സിയറ എസ്‌യുവിയാണ്. ഈ ബോഡിസ്‌റ്റൈലിലുള്ള കാറുകള്‍ ഇത്രകണ്ട് പ്രചാരത്തിലില്ലായിരുന്ന കാലത്ത് ഇന്ത്യന്‍ നിരത്തുകള്‍ അടക്കി ഭരിച്ച സിയറ അതിന്റെ ഡിഎന്‍എ നിലനിര്‍ത്തിക്കൊണ്ട് പുത്തന്‍ രൂപത്തിലും ഭാവത്തിലുമായി നവംബര്‍ 25-ന് പുറത്തിറങ്ങും.
ഐസിഇ, ഇലക്ട്രിക് പതിപ്പുകളില്‍ വാഹനം ഒരുങ്ങുന്നുണ്ടെങ്കിലും പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ആയിരിക്കും ആദ്യം പുറത്തിറങ്ങുക. ഇതിനൊപ്പം ടാറ്റ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി വരുന്ന ഹാരിയറും സഫാരിയും വിപണിയിലെത്തിക്കും. എസ്‌യുവി ഇരട്ടകള്‍ നിലവില്‍ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ മാത്രമേ ലഭ്യമാകുന്നുള്ളൂ. വില നിര്‍ണയത്തില്‍ സ്വധീനം ചെലുത്തുന്ന ഈ അപ്‌ഡേറ്റ് ഹാരിയറിന്റെയും സഫാരിയുടെയും ആകര്‍ഷണവും ഒപ്പം വില്‍പ്പനയും വര്‍ധിപ്പിക്കും. ഇതോടൊപ്പം പഞ്ച് മൈക്രോ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും പൈപ്പ്‌ലൈനിലുണ്ട്.


Click it and Unblock the Notifications








