ഒരു മുഴം മുന്നേ എറിഞ്ഞ് ടാറ്റ മോട്ടോർസ്! നെക്സോൺ ഇവിക്ക് ലെവൽ 2 അഡാസ് വരുന്നു
കളം അറിഞ്ഞ് കളിക്കാൻ ടാറ്റ മോട്ടോർസിനെ കഴിഞ്ഞേ ഉളളു വേറെയാരും. അത് പലപ്പോഴും ബ്രാൻഡ് തെളിയിച്ചിട്ടുമുളളതാണ്. കനത്ത മത്സരം നേരിടുന്ന സാഹചര്യങ്ങളിൽ വളരെ ബുദ്ധിപരമായി നീങ്ങാൻ ടാറ്റയ്ക്ക് കഴിയുമെന്ന് വീണ്ടും ബ്രാൻഡ് കാണിച്ചിരിക്കുകയാണ്. ടാറ്റയുടെ ലൈനപ്പുകളിൽ തന്നെ ഏറ്റവും കൂടുതൽ വിൽപ്പനയുളള മോഡലായ നെക്സോൺ ഇവിക്ക് ഒരു കിടിലൻ അപ്ഡേറ്റാണ് നൽകിയിരിക്കുന്നത്. അതും ഇപ്പോൾ എല്ലാവരും കൂടുതലായി ചോദിക്കുന്ന സേഫ്റ്റി ഫീച്ചറായ ലെവൽ 2 അഡാസ്. നെക്സോണിൻ്റെ സേഫ്റ്റിയിലേക്ക് ലെവൽ 2 അഡാസ് കൂടി വരുന്നതോടെ ഇനി വാഹനത്തെ പിടിച്ചാൽ കിട്ടൂല്ല എന്ന കാര്യം ഉറപ്പാണ്.
ലെവൽ 2 അഡാസിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ,ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, അതോടൊപ്പം തന്നെ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗുള്ള ഫോർവേഡ് കൊളീഷൻ വാണിംഗ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഹൈ ബീം അസിസ്റ്റ് എന്നിവയൊക്കെയാണ് ലഭിക്കുന്നത്. നെക്സോണിലേക്ക് നോക്കിയാൽ ടാറ്റയുടെ ഈ ഇലക്ട്രിക് കാറിന് ഫുള്‍ ചാര്‍ജില്‍ 437 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും.

ഇതിനും 40.5 kWh ബാറ്ററി പായ്ക്കാണ് ഘടിപ്പിച്ചിരിക്കുന്നത്. ടാറ്റ നെക്സോണ്‍ ഇവി ഡാര്‍ക്ക് എഡിഷന്‍ പരമാവധി 141 bhp പവറും 250 Nm ടോര്‍ക്കും ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുന്നത്. ഈ കാറിൽ നിങ്ങൾക്ക് V2L, V2V ടെക്നോളജികൾ ലഭ്യമാണ്. ജനപ്രിയന്റെ മീഡിയം റേഞ്ച്, 45 വേരിയന്റുകൾ മാത്രമേ ഇനി ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങാനാവൂ.
നെക്‌സോൺ ഇവി മീഡിയം റേഞ്ച് മോഡലുകൾക്ക് 12.49 ലക്ഷം മുതൽ വില ആരംഭിക്കുമ്പോൾ നെക്‌സോൺ ഇവി 45 മോഡലിന് 13.99 ലക്ഷം മുതലാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്. പനോരമിക് സൺറൂഫ്, നൂതന V2L, V2V ചാർജിംഗ് സാങ്കേതികവിദ്യകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ഈ എസ്‌യുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്വന്തം ബാറ്ററി ശേഷി ഉപയോഗിച്ച് മറ്റ് ഉപകരണങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും വൈദ്യുതി നൽകാൻ ഈ സാങ്കേതികവിദ്യകൾ നെക്‌സോൺ ഇവിയെ പ്രാപ്തമാക്കുന്നു. കൂടാതെ 60 kW ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ ഏകദേശം 40 മിനിറ്റിനുള്ളിൽ നെക്‌സോൺ ഇവിക്ക് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.
ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ISOFIX ചൈൽഡ് സീറ്റ് ആങ്കർ പോയിൻ്റുകൾ, എല്ലാ യാത്രക്കാർക്കും റിമൈന്ററുള്ള 3-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, 360-ഡിഗ്രി മോണിറ്ററിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഉൾക്കൊള്ളുന്ന ടാറ്റ നെക്സോൺ ഇവിയുടെ ടോപ്പ്-സ്പെക്ക് എംപവേർഡ് പ്ലസ് LR വേരിയന്റായിരുന്നു BNCAP എന്നറിയപ്പെടുന്ന ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ പരീക്ഷിച്ച് ഫൈവ് സ്റ്റാർ നേടിയിരുന്നു.

നെക്സോൺ ഇവിയുടെ പുതിയ 45kWh പതിപ്പ് അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷനിൽ (AOP) 32-ൽ 29.86 പോയിൻ്റും ചൈൽഡ് ഒക്കപ്പൻ്റ് പ്രൊട്ടക്ഷൻ (COP)-ൽ 49-ൽ 44.95 പോയിൻ്റുമാണ് സ്കോർ ചെയ്‌തിരിക്കുന്നത്. അതേസമയം ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16.00 പോയിൻ്റിൽ 14.26 പോയിൻ്റും, സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ എസ്‌യുവി 16.00 പോയിൻ്റിൽ 15.60 പോയിൻ്റും നേടി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








