ഹാരിയറിന്റെ കരുത്തില്‍ ഇവികള്‍ക്ക് റെക്കോഡ് വില്‍പ്പന! ഇന്ത്യയില്‍ ടാറ്റക്ക് വില്‍പ്പന ഇടിവ്
ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം ഇപ്പോള്‍ 2025 ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഒന്നാം സ്ഥാനം മാരുതി സുസുക്കിയാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. അതേസമയം രണ്ടാം സ്ഥാനത്തിന് വേണ്ടി ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര എന്നീ മോഡലുകള്‍ കടിപിടി കൂടുകയാണ്. സമീപമാസങ്ങളില്‍ മഹീന്ദ്ര ടാറ്റക്കും ഹ്യുണ്ടായിക്കും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ ഈ മൂന്ന് കമ്പനികളുടെയും വില്‍പ്പന കണക്കുകള്‍ അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാകും. ടാറ്റ മോട്ടോര്‍സ് കഴിഞ്ഞ ദിവസം 2025 ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു. മൊത്തം 39,521 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചത്.
2024 ജൂലൈ മാസത്തെ കണക്കുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പന കുറവാണെങ്കിലും, തൊട്ടുമുമ്പത്തെ 2025 ജൂണ്‍ മാസത്തെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് ടാറ്റ മോട്ടോര്‍സ് കാഴ്ചവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 44,725 യൂണിറ്റ് വിറ്റ സ്ഥാനത്ത്, ഈ ജൂലൈയില്‍ 39,521 വാഹനങ്ങളാണ് ആഭ്യന്തര വിപണിയില്‍ ടാറ്റാ മോട്ടോര്‍സ് വിറ്റഴിച്ചത്. ഇത് 5,204 യൂണിറ്റിന്റെ കുറവും 11.64 ശതമാനം ഇടിവുമാണ്.

2025 ജൂണ്‍ മാസത്തെ 37,083 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍, 2,438 യൂണിറ്റ് വര്‍ധനവും 6.57 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. കയറ്റുമതി വിഭാഗത്തില്‍ ടാറ്റാ മോട്ടോര്‍സ് മികച്ച പ്രകടനം കാഴ്ചവെച്ചു. 2025 ജൂലൈയില്‍ 654 യൂണിറ്റ് വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 229 യൂണിറ്റ് മാത്രമായിരുന്നു ഇത്. 425 യൂണിറ്റിന്റെ വര്‍ധനവോടെ 185.59 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാരുതി സുസുക്കിയുമായി താരതമ്യം ചെയ്യുമ്പോള്‍ ടാറ്റക്ക് കയറ്റുമതി ബിസിനസ് കുറവാണെന്ന് പറയാം. ടാറ്റയുടെ വില്‍പ്പന പരിശോധിക്കുമ്പോള്‍ അതില്‍ എടുത്തുപറയേണ്ടത് ഇലക്ട്രിക് വാഹനങ്ങള്‍ നടത്തിയ മുന്നേറ്റമാണ്. 2025 ജൂലൈയില്‍ ടാറ്റ മോട്ടോര്‍സ് 7,124 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് 5,027 യൂണിറ്റായിരുന്നു. 2,097 യൂണിറ്റിന്റെ വര്‍ദ്ധനവോടെ 41.71 ശതമാനം വളര്‍ച്ചയാണ് ടാറ്റ ഇലക്ട്രിക് പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ രേഖപ്പെടുത്തിയത്.

ഏറ്റവും പുതുതായി ലോഞ്ച് ചെയ്ത ഹാരിയര്‍ ഇവിയാണ് എക്കാലത്തെയും മികച്ച ഇവി വില്‍പ്പന നേടാന്‍ ടാറ്റയെ സഹായിച്ചത്. ഇക്കഴിഞ്ഞ ആഴ്ച മാത്രമാണ് ഫ്‌ലാഗ്ഷിപ്പ് ഇവിയുടെ വിതരണം ആരംഭിച്ചത്. ഇതിനോടകം 10000 യൂണിറ്റിലധികം യൂണിറ്റുകളുടെ ഓര്‍ഡര്‍ തീര്‍പ്പാക്കാനുണ്ട്. നിര്‍മാണം സാധാരണ നിലയിലാകുന്നതോടെ ടാറ്റയുടെ ഇവി വില്‍പ്പനയില്‍ വരുംനാളുകളില്‍ വന്‍ ബൂസ്റ്റ് നല്‍കുക ഹാരിയര്‍ ഇവിയായിരിക്കും.
പല വിഭാഗങ്ങളിലായിട്ടുള്ള വില്‍പ്പന പരിശോധിക്കുമ്പോള്‍, പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ടാറ്റാ മോട്ടോര്‍സ് കഴിഞ്ഞ മാസം 40,175 യൂണിറ്റുകള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ 44,854 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 4,679 യൂണിറ്റിന്റെ കുറവാണ്. മൊത്തത്തില്‍ 10.43 ശതമാനം ഇടിവാണ് ഈ വിഭാഗം നേരിട്ടത്.

വാണിജ്യ വാഹന വിഭാഗം നേരിയ വളര്‍ച്ച രേഖപ്പെടുത്തി. 2025 ജൂലൈയില്‍ 28,956 വാണിജ്യ വാഹനങ്ങള്‍ വിറ്റഴിച്ച കമ്പനി 2024 ജൂലൈയിലെ 27,042 യൂണിറ്റിനെ അപേക്ഷിച്ച് 7 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചു. ഹെവി, ലൈറ്റ്, പാസഞ്ചര്‍ കാരിയര്‍, പിക്കപ്പ് തുടങ്ങിയ വാഹനങ്ങളുടെ വില്‍പ്പന ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
ചുരുക്കത്തില്‍ ടാറ്റാ മോട്ടോര്‍സിന്റെ ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍ സമ്മിശ്ര പ്രതികരണമാണ് നല്‍കുന്നത്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് വില്‍പ്പന വര്‍ധിച്ചെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വില്‍പ്പന മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ടാറ്റ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്സവസീസണ്‍ പടിവാതിലില്‍ എത്തിനില്‍ക്കുന്നതിനാല്‍ വരുംനാളുകളില്‍ കമ്പനി ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








