തനിയെ ഓടും കാർഗോ വാനുമായി ടാറ്റ; പേറ്റൻ്റ് എടുത്തു മക്കളേ, കൂടുതൽ കരുത്തനാവാൻ ഒരുങ്ങി ബ്രാൻഡ്
ടാറ്റ മോട്ടോർസ് വിൽപ്പനയിൽ അൽപ്പം പിന്നോട്ട് പോയി എന്നുളള വാർത്തകളും റിപ്പോർട്ടുകളും പുറത്ത് വരുന്ന സാഹചര്യത്തിൽ രണ്ടടി പിന്നോട്ട് വച്ചത് 10 അടി മുന്നിലേക്ക് ചാടാനാണ് എന്ന ചൊല്ല് അന്വർത്ഥമാക്കും വിധമുളള ഒരു വാർത്ത ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. അത് മറ്റൊന്നുമല്ല സെൽഫ് ഡ്രൈവ് കാർഗോ വാനിന് വേണ്ടിയുളള പേറ്റൻ്റ് ടാറ്റ സ്വന്തമാക്കിയിരിക്കുകയാണ് എന്നതാണ് സന്തോഷ വാർത്ത. ടാറ്റ യു എന്ന് പേര് നൽകിയിരിക്കുന്ന ആശയത്തിന് പിന്നിൽ അൻസുമാൻ മല്ലിക്കും ആത്മജ് വർമ്മയുമാണ്. ചരക്ക് വസ്തുക്കളും അത് പോലെ തന്നെ ആളുകൾക്കും യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു മോഡലാണ് ടാറ്റ യു എന്നത്.
മൊത്തത്തിൽ ഇ വാഹനം ഒരു ഓട്ടോണോമസ് സെൽഫ് ഡ്രൈവിങ്ങ് വാഹനമായിരിക്കും എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. വാഹനത്തിൻ്റെ മധ്യത്തിലായി പാഴ്സലുകളും പിന്നിൽ യാത്രക്കാർക്കായിട്ടുളള സ്ഥലവുമാണ് നിശ്ചയിച്ചിരിക്കുന്നത്. പാഴ്സലുകൾ എവിടെയാണോ എത്തിക്കേണ്ടത് അവിടെ കൃത്മായി എത്തിക്കുകയും അത് പോലെ തന്നെ വാഹനത്തിൽ കൃത്യമായി അടുക്കിവയ്ക്കാനുളള സംവിധാനവും ഉണ്ട്.

വാഹനം ഉപയോഗിച്ച് കൊണ്ട് തന്നെ ഒരു ഡെലിവറി എക്സിക്യുട്ടീവിനെ ഉൾപ്പെടുത്തിയും സാധനങ്ങൾ കൃത്യ സ്ഥലത്ത് എത്തിക്കാൻ സാധിക്കും. വാഹനത്തിൻ്റെ അളവുകളും വലിപ്പവും പരിശോധിച്ചാൽ 3,700 മില്ലീമീറ്റർ നീളവും 1,500 മില്ലീമീറ്റർ വീതിയും 1,800 മില്ലീമീറ്റർ ഉയരവുമുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. വാഹനത്തിൻ്റെ ബാറ്ററി ശേഷി, റേഞ്ച് തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല. ഇത് നിർമാണത്തിൽ എത്തിക്കാൻ കുറച്ച് വർഷങ്ങളെടുക്കും.
ടാറ്റയുടെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ ടാറ്റ മോട്ടോർസ് പ്രൊഡക്ഷൻ-സ്പെക്ക് സിയറയ്ക്ക് ഡിസൈൻ പേറ്റന്റ് ഫയൽ ചെയ്തിട്ടുണ്ട്. ഒരു ഇന്റേണൽ കമ്പഷൻ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. അതായത് എസ്‌യുവി ആദ്യം ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാവും അവതരിക്കുകയെന്ന് സാരം. പിന്നീട് സിയറയുടെ ഇലക്ട്രിക് ഓൺലി മോഡലും വിപണിയിലേക്ക് എത്തിക്കാനാവും തീരുമാനം.

സിയറയുടെ പ്രൊഡക്ഷൻ പതിപ്പിൽ ബ്രാൻഡ് സൂക്ഷ്മമായ ചില മാറ്റങ്ങൾ വരുത്തുമെന്ന് ഡിസൈൻ പേറ്റന്റ് വെളിപ്പെടുത്തുന്നുണ്ട്. ബി-പില്ലറിലെ കിങ്ക് ഡിസൈൻ ഘടകം ഇനി പ്രൊഡക്ഷൻ പതിപ്പിൽ ലഭ്യമല്ല. പക്ഷേ 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പ്രദർശിപ്പിച്ച മോഡലിൽ അത് ഉണ്ടായിരുന്നു. അലോയ് വീൽ ഡിസൈനിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. എസ്‌യുവി വിൽപ്പനയ്‌ക്കെത്തിക്കഴിഞ്ഞാൽ ടാറ്റ മോട്ടോർസ് രണ്ട് അലോയ് വീൽ ഡിസൈനുകൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ഇതിനുപുറമെ ടാറ്റ സിയറയിൽ മാറ്റങ്ങളൊന്നും ഉണ്ടാവില്ല. സ്ലിം ലൈറ്റ് ബാറോടുകൂടിയ ഉയർന്ന ഫ്ലാറ്റ് ബോണറ്റും സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പിൽ നിലനിർത്തിയിട്ടുണ്ട്. സ്കിഡ് പ്ലേറ്റിന്റെ രൂപകൽപ്പനയെ അനുകരിക്കുന്നതിന് ബമ്പർ രണ്ട്-ടോൺ, ഗ്ലോസ് ബ്ലാക്ക്, ഗ്രേ നിറങ്ങളിൽ പൂർത്തിയാക്കും. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, കട്ടിയുള്ള ഡോർ ക്ലാഡിംഗ് എന്നിവയായിരിക്കും വാഹനത്തിന് പരുക്കൻ ശൈലി സമ്മാനിക്കുക.
1.5 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എന്നിങ്ങനെ ടാറ്റ സിയറയ്ക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ടർബോ പെട്രോൾ എഞ്ചിൻ 168 bhp കരുത്തിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. അതേസമയം ഡീസൽ എഞ്ചിൻ 168 bhp പവറിൽ 350 Nm torque വരെ നിർമിക്കാൻ ശേഷിയുള്ള തരത്തിലാണ് പണികഴിപ്പിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








