ജനപ്രിയ എസ്‌യുവികള്‍ക്ക് 'ആനവണ്ടി' എഡിഷനുമായി ടാറ്റ! കച്ചോടം കൂട്ടാനുള്ള ഓരോ തന്ത്രങ്ങളേ
സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ പുറത്തിറക്കി ക്ലിക്ക് ആക്കുന്നതില്‍ ടാറ്റ മോട്ടോര്‍സിന് പ്രത്യേക മിടുക്കാണ്. കാസിരംഗ, ജെറ്റ്, ബ്ലാക്ക്, റെഡ്, കാമോ എന്നിങ്ങനെ നിരവധി സ്‌പെഷ്യല്‍ എഡിഷനുകള്‍ പുറത്തിറക്കിയിട്ടുണ്ട്. അസമിലെ കാസിരംഗ ദേശീയോദ്യാനത്തില്‍ കാണപ്പെടുന്ന കാണ്ടാമൃഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കാസിരംഗ എഡിഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ മൂന്ന് കാറുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചു. ഭാരത് മൊബിലിറ്റി എക്സ്പോയില്‍ ടാറ്റ മോട്ടോര്‍സ് നെക്സോണ്‍ ഇവി, ഹാരിയര്‍, സഫാരി എന്നിവയുടെ ബന്ദിപ്പൂര്‍ എഡിഷന്‍ മോഡലുകള്‍ അവതരിപ്പിച്ചു.
കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തോടുള്ള ബഹുമാനാര്‍ത്ഥമാണ് 'ബന്ദിപ്പൂര്‍ സ്‌പെഷ്യല്‍ എഡിഷന്‍' എന്ന് നാമകരണം ചെയ്തിരിക്കുന്നത്. കര്‍ണാടകയുടെ വന്യതയുടെ സകല ഭംഗിയും പേറി നില്‍ക്കുന്ന ഒരിടമാണ് ബന്ദിപ്പൂര്‍ വനമേഖല. ബന്ദിപ്പൂര്‍ വനമേഖലയിലൂടെ പോകുമ്പാള്‍ നിങ്ങള്‍ നിറയെ ആനയെ കണ്ടിട്ടുണ്ടാകും. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കടുവകളുള്ള രണ്ടാമത്തെ ടൈഗര്‍ റിസര്‍വാണ് ബന്ദിപ്പൂര്‍. കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

കര്‍ണാടകയിലെ തന്നെ നാഗര്‍ഹോള, തമിഴ്നാട്ടിലെ മുതുമലൈ, കേരളത്തിലെ വയനാട് വന്യജീവി സങ്കേതം എന്നിങ്ങനെ മേഖലയിലെ സുപ്രധാനമായ മൂന്ന് വന്യജീവി സങ്കേതങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ദേശീയോദ്യാനം കൂടിയാണ് ബന്ദിപ്പൂര്‍. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വില്‍പ്പെട്ട ബന്ദിപ്പൂരിനെ പ്രോജക്ട് ടൈഗറിനു കീഴില്‍ കടുവ സംരക്ഷണ കേന്ദ്രമെന്ന നിലയില്‍ 1974-ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.
പുതിയ ബന്ദിപ്പൂര്‍ എഡിഷന്‍ മോഡലുകളില്‍ ടാറ്റ ചില ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എസ്‌യുവികള്‍ക്ക് ഇപ്പോള്‍ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷന്‍ ലഭിക്കുന്നു. ബന്ദിപ്പൂര്‍ ബ്രോണ്‍സ് എന്ന കളര്‍ സ്‌കീമിലാണ് എസ്‌യുവികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുന്‍വശത്തെ ഫെന്‍ഡറില്‍ എലിഫന്റ് ബാഡ്ജുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഈ കാറുകള്‍ക്ക് 'ആനവണ്ടി' എന്ന് പേര് ലഭിക്കാന്‍ സാധ്യതയുണ്ട്.
സ്‌പെഷ്യല്‍ എഡിഷന്‍ കാറുകളുടെ ഇന്റീരിയറിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ സഫാരി, ഹാരിയര്‍, നെക്‌സോണ്‍ ബന്ദിപ്പൂര്‍ എഡിഷന് മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നുമില്ല. കൂടാതെ, അവരുടെ പവര്‍ട്രെയിനില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. പുതിയ കാറുകളുടെ വിലയും അവതരണ തീയതിയും സംബന്ധിച്ച് നിലവില്‍ ഔദ്യോഗിക വിവരങ്ങളൊന്നും ടാറ്റ പുറത്തുവിട്ടിട്ടില്ല.
8 ലക്ഷം രൂപ മുതലാണ് ടാറ്റ നെക്‌സോണ്‍ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ വില ആരംഭിക്കുന്നത്. പെട്രോള്‍, ഡീസല്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനില്‍ ലഭ്യമാകുന്ന നെക്‌സോണ്‍ ഐസിഇ പതിപ്പുകളുടെ ടോപ് എന്‍ഡ് വേരിയന്റുകളുടെ വില 15.60 ലക്ഷം രൂപയാണ്. ടാറ്റ നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പും വിപണിയിലുണ്ട്. ടാറ്റ നെക്സോണ്‍ ഇവിയുടെ എക്‌സ്-ഷോറൂം വില 12.49 ലക്ഷം മുതല്‍ ആരംഭിക്കുന്നു.

ടോപ് സ്‌പെക് വേരിയന്റുകള്‍ക്ക് 17.19 ലക്ഷം രൂപ വരെയാണ്. 30 kWh, 46.08 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് നെക്‌സോണ്‍ ഇവി വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് എസ്‌യുവി വേരിയന്റിനെ ആശ്രയിച്ച് ഫുള്‍ ചാര്‍ജില്‍ 390 മുതല്‍ 489 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. ഈ കാറില്‍ അഞ്ച് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം.
ടാറ്റ പുറത്തിറക്കുന്ന ജനപ്രിയ എസ്‌യുവിയാണ് ഹാരിയര്‍. ഈ ലാന്‍ഡ്‌റോവര്‍ ആര്‍ക്കിടെക്ചറില്‍ പണിതിറക്കുന്ന ഈ എസ്‌യുവിയുടെ ബ്ലാക്ക് എഡിഷന്‍ ഹിറ്റായി മാറിയിരുന്നു. ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ഹാരിയര്‍ വാഗ്ദാനം ചെയ്യുന്നത്. ഹാരിയറിന്റെ 2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ലിറ്ററിന് 14.60 മുതല്‍ 16.80 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഹാരിയറിന്റെ ബേസ് വേരിയന്റിന്റെ വില 15 ലക്ഷം രൂപയാണ്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 25.89 ലക്ഷം രൂപ മുടക്കണം.

ഹാരിയറിന്റെ 7 സീറ്റര്‍ ഇരട്ടയാണ് സഫാരി. ടാറ്റയുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയാണ് സഫാരി. ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ ഉണ്ടെങ്കിലും മെക്കാനിക്കല്‍ വശം സഫാരി ഹാരിയറിന് സമാനമാണ്. സഫാരിയുടെ വില തുടങ്ങുന്നത് 15.50 ലക്ഷം മുതലാണ്. ടോപ് വേരിയന്റിന്റെ വില 27 ലക്ഷം രൂപയാണ്. എക്‌ഷോറൂം വിലകളാണിത്. പുത്തന്‍ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിന് സ്റ്റാന്‍ഡേര്‍ഡ് പതിപ്പുകളേക്കാള്‍ അല്‍പ്പം വില കൂടും. എന്നിരുന്നാലും ഇവയുടെ സാന്നിധ്യം എസ്‌യുവികളുടെ വില്‍പ്പന ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








