മാരുതിയെ തീര്‍ത്തു! ബെസ്റ്റ് സെല്ലറായി ഹാട്രിക്, ഡോണായി ടാറ്റ നെക്സോണ്‍
മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര ബ്രാന്‍ഡുകളില്‍ നിന്നുള്ള വമ്പന്‍മാരെ കശക്കിയെറിഞ്ഞ് തുടര്‍ച്ചയായി മൂന്നാം മാസവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയി മാറി ടാറ്റ നെക്സോണ്‍ (Tata Nexon). 2025 നവംബര്‍ മാസം 22,434 യൂണിറ്റ് വില്‍പ്പനയുമായാണ് ടാറ്റ നെക്സോണ്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 2025 ഒക്ടോബര്‍ (22,083), സെപ്റ്റംബര്‍ (22,573) മാസങ്ങളിലെ മികച്ച വില്‍പ്പന പ്രകടനം നവംബറിലും ആവര്‍ത്തിക്കുകയായിരുന്നു സബ് 4 മീറ്റര്‍ എസ്‌യുവി. ഇതോടെ ടോപ് സെല്ലിംഗ് കാര്‍ എന്ന പദവിയില്‍ ഹാട്രിക് തികക്കാന്‍ നെക്സോണിന് സാധിച്ചു.
തുടര്‍ച്ചയായി മൂന്നുമാസം 22,000 യൂണിറ്റുകള്‍ക്ക് മുകളില്‍ വിറ്റഴിച്ചത് നിലവില്‍ നെക്സോണിനുള്ള ഡിമാന്‍ഡ് എടുത്തുകാണിക്കുന്നു. ബ്രെസയടക്കമുള്ള മോഡലുകള്‍ വെച്ച് മാരുതി സുസുക്കി കുത്തകയാക്കി വെച്ചിരുന്ന സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ ഇപ്പോള്‍ നെക്സോണിന്റെ പടയോട്ടമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടാറ്റ മോട്ടോര്‍സിന് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുക്കുന്ന വിശ്വസ്ഥനായ പോരാളികളില്‍ ഒന്നാണ് നെക്സോണ്‍.

അടുത്ത കാലത്തായി ഹ്യുണ്ടായിയെ പിന്തള്ളി ഇന്ത്യയില്‍ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായി ടാറ്റ മുന്നേറ്റം നടത്തിയപ്പോള്‍ അതില്‍ നെക്സോണ്‍ സുപ്രധാന പങ്കുവഹിക്കുന്നു. തുടര്‍ച്ചയായി മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ (FY22-FY24) നെക്സോണ്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവിയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 1.24 ലക്ഷം യൂണിറ്റും 2023 സാമ്പത്തിക വര്‍ഷത്തില്‍ 1.72 ലക്ഷം യൂണിറ്റുമായിരുന്നു വില്‍പ്പന.
2024 സാമ്പത്തിക വര്‍ഷത്തില്‍ 1.71 ലക്ഷം യൂണിറ്റുകളും വിറ്റഴിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വില്‍പ്പന 1.63 ലക്ഷമായി കുറഞ്ഞെങ്കിലും ഡിമാന്‍ഡ് ശക്തമായി തുടരുന്നുണ്ടായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ വില്‍പ്പന 1.30 ലക്ഷം യൂണിറ്റുകള്‍ കടന്നു. കുറച്ച് കാലം സെയില്‍സ് ചാര്‍ട്ടുകളില്‍ പിന്നാക്കം പോയിരുന്ന നെക്സോണ്‍ പെട്ടെന്ന് കുതിച്ച് കയറി ഒന്നാം സ്ഥാനത്തെത്താന്‍ എന്തായിരിക്കും കാരണമെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും.

അതില്‍ പ്രധാനം സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്ന ജിഎസ്ടി 2.0 പരിഷ്‌കാരങ്ങളാണ്. നികുതി കുറഞ്ഞതോടെ എസ്‌യുവിക്ക് 1.55 ലക്ഷം രൂപ വിലക്കുറവ് ലഭിക്കുകയും മൂല്യം കുത്തനെ കൂടുകയും ചെയ്തു. ഒപ്പം ഉത്സവകാലത്ത് ടാറ്റ കിടിലന്‍ ഓഫറുകളും അവതരിപ്പിച്ചു. ജിഎസ്ടി കട്ടിന്റെ ഫലമായി പ്രാരംഭ വില 7.32 ലക്ഷം രൂപയായതോടെ ഹാച്ച്ബാക്കുകളില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യാനിരുന്നവര്‍ക്ക് മുന്നിലുള്ള ആകര്‍ഷകമായ ഓപ്ഷനുകളില്‍ ഒന്നായി നെക്സോണ്‍ മാറി.
മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് നെക്സോണിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാങ്ങാനാകുന്ന ഇന്ത്യയിലെ ഏക കാര്‍ ആണ് നെക്‌സോണ്‍. എസ്‌യുവിയുടെ ഐസിഇ പതിപ്പ് 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ (മാനുവല്‍/ഓട്ടോമാറ്റിക്), പെട്രോള്‍-സിഎന്‍ജി, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് നെക്സോണിന്റെ ടര്‍ബോ സിഎന്‍ജി പതിപ്പ് വില്‍പ്പനക്കെത്തുന്നത്. ഇതോടൊപ്പം നെക്സോണ്‍ ഇവിയും ഇലക്ട്രിക് കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമാണ്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിംഗ്, വോയ്‌സ് കണ്‍ട്രോള്‍ഡ് സണ്‍റൂഫ് തുടങ്ങി നിരവധി സവിശേഷതകള്‍ നെക്‌സോണില്‍ ലഭ്യമാണ്.
ഇന്ത്യയില്‍ സേഫ്റ്റി മുഖമുദ്രയാക്കി വന്ന ആദ്യ കാറുകളില്‍ ഒന്നായ നെക്സോണില്‍ 6 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ഇഎസ്പി, ടിപിഎംഎസ്, ഓട്ടോ ഹെഡ്‌ലാമ്പുകള്‍/വൈപ്പറുകള്‍ എന്നിവയടക്കം നിരവധി സേഫ്റ്റി ഫീച്ചറുകളുണ്ട്. എസ്യുവിയുടെ ഐസിഇ, ഇലക്ട്രിക് പതിപ്പുകള്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ ആദ്യ ഇന്ത്യൻ കാര്‍ കൂടിയാണ് നെക്സോണ്‍.
കോംപാക്റ്റ് എസ്‌യുവി വിഭാഗത്തില്‍ മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3XO, കിയ സോനെറ്റ്, സ്‌കോഡ കൈലാക് തുടങ്ങിയ ശക്തരായ എതിരാളികള്‍ക്കെതിരാണ് നെക്സോണ്‍ മത്സരിക്കുന്നത്. കിടമത്സരത്തിനിടയിലും മത്സരാധിഷ്ഠിത വിലനിര്‍ണയം, വിപുലമായ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍, 5-സ്റ്റാര്‍ സേഫ്റ്റി എന്നിവയാണ് നെക്സോണിന് പ്ലസാകുന്നത്. ഇയര്‍ എന്‍ഡ് ഓഫറുകളുള്ള ഡിസംബര്‍ മാസവും മികച്ച വില്‍പ്പന നേടി നെക്‌സോണ്‍ കലണ്ടര്‍ വര്‍ഷത്തെ ബെസ്റ്റ് സെല്ലര്‍ ആകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications








