പഞ്ചിന് ചേട്ടന്റെ 'പഞ്ച്', 2 വര്‍ഷത്തിന് ശേഷം മുന്നില്‍! വില്‍പ്പന 2 ലക്ഷത്തിലേക്ക് കുതിക്കുന്നു
ടാറ്റ മോട്ടോര്‍സിന്റെ എസ്‌യുവി നിരയിലേക്ക് ഏറ്റവും പുതുതായി ചേര്‍ക്കപ്പെട്ട മോഡല്‍ ആണ് സിയറ. ടാറ്റ മോട്ടോഴ്സിന്റെ പോര്‍ട്ട്ഫോളിയോയില്‍ നിരവധി എസ്‌യുവികള്‍ ഉള്‍പ്പെടുന്നു. പുതിയ സിയറയുടെ വരവോടെ എസ്‌യുവി മാര്‍ക്കറ്റിന്റെ നാലില്‍ ഒന്ന് പിടിച്ചടക്കാനാണ് ടാറ്റ പദ്ധതിയിടുന്നത്. നിലവില്‍ ടാറ്റയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ട് എസ്‌യുവികള്‍ പഞ്ചും നെക്‌സോണുമാണ്. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് വര്‍ഷമായി വില്‍പ്പന ചാര്‍ട്ടുകളില്‍ ആധിപത്യം പുലര്‍ത്തുന്ന മോഡല്‍ പഞ്ച് ആണ്. ചേട്ടനായ നെക്സോണിനെ പോലും കഴിഞ്ഞ ഏതാനും മാസങ്ങളായി കൈയ്യകലത്തില്‍ നിര്‍ത്തിയായിരുന്നു പഞ്ചിന്റെ കുതിപ്പ്.
2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയും പഞ്ച് മാറി. പതിറ്റാണ്ടുകളായി മാരുതി മോഡലുകള്‍ കുത്തയാക്കി വെച്ചിരുന്ന ബെസ്റ്റ് സെല്ലര്‍ പട്ടം ആദ്യമായി പഞ്ച് ടാറ്റ തറവാട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍, ഈ വര്‍ഷം കഥയില്‍ ചെറിയ മാറ്റങ്ങളുണ്ട്. പഞ്ച് മികച്ച വില്‍പ്പന കണക്കുകളോടെയാണ് വര്‍ഷം ആരംഭിച്ചതെങ്കിലും അവസാന ലാപ്പുകളില്‍ നെക്സോണ്‍ ഇപ്പോള്‍ മുന്നിലേക്ക് ഓടിക്കയറിയിരിക്കുകയാണ്.

2025 ഒക്ടോബര്‍ അവസാനത്തോടെ രണ്ട് കാറുകള്‍ക്കുമിടയില്‍ വില്‍പ്പന വ്യത്യാസം 34,527 യൂണിറ്റ് ആണ്.ഈ വര്‍ഷം ടാറ്റ മൊത്തം 158,752 നെക്‌സോണുകള്‍ വിറ്റു. അതേസമയം പഞ്ചിന്റെ വില്‍പ്പന 124,225 യൂണിറ്റ് മാത്രമായിരുന്നു. ജനുവരിയില്‍, നെക്സോണ്‍ 15,397 യൂണിറ്റുകളും പഞ്ച് 16,231 യൂണിറ്റുകളും വിറ്റു. ഫെബ്രുവരിയില്‍ 15,349 യൂണിറ്റുകളുമായി പഞ്ചിനെ (14,559 യൂണിറ്റുകള്‍) മറികടന്നു. മാര്‍ച്ചില്‍ പക്ഷേ നെക്സോണിന്റെ 16,366 യൂണിറ്റിനെ അപേക്ഷിച്ച് 17,714 യൂണിറ്റുകളുമായി പഞ്ച് മുന്നിലെത്തി.
ഏപ്രിലില്‍ 15,457 യൂണിറ്റ് നെക്സോണും 12,496 യൂണിറ്റ് പഞ്ചും വിറ്റു. മെയ് മാസത്തിലാണെങ്കില്‍ നെക്‌സോണിന്റെ വില്‍പ്പന 13,096 യൂണിറ്റ് പഞ്ചിന്‍േറത് 13,133 യൂണിറ്റുമായിരുന്നു. ജൂണിന് ശേഷം നെക്‌സോണിന്റെ ആധിപത്യമായിരുന്നു. ജൂണില്‍ 11,602 യൂണിറ്റ് നെക്സോണും 10,446 യൂണിറ്റ് പഞ്ചും വിറ്റു. ജൂലൈയില്‍ 12,825 യൂണിറ്റ് നെക്സോണ്‍ വിറ്റപ്പോള്‍ പഞ്ച് വാങ്ങാന്‍ 10,785 പേര്‍ എത്തി. ഓഗസ്റ്റില്‍ പഞ്ചിന്റെ വില്‍പ്പന 10704 യൂണിറ്റ് ആയിരുന്നെങ്കില്‍ നെക്‌സോണിന് 14,004 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.

ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വന്ന സെപ്റ്റംബര്‍ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ നെക്‌സോണ്‍ ആയിരുന്നു. സെപ്റ്റംബറില്‍ 22,573 യൂണിറ്റ് വില്‍പ്പനയുമായി നെക്‌സോണ്‍ ബെസ്റ്റ് സെല്ലര്‍ ആയപ്പോള്‍ 15,891 യൂണിറ്റ് വില്‍പ്പനയുമായി പഞ്ചും മോശമാക്കിയില്ല. ഒക്ടോബറില്‍ 22,083 യൂണിറ്റുമായി നെക്‌സോണ്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി. അതേസമയം തന്നെ 16,810 യൂണിറ്റുമായി പഞ്ചും സ്ഥിരത പുലര്‍ത്തി.
ഇതോടെ 2025 ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെ നെക്‌സോണിന്റെ വില്‍പ്പന 158,752 യൂണിറ്റും പഞ്ചിന്റെ വില്‍പ്പന 124,225 യൂണിറ്റുമായി. ഈ കലണ്ടര്‍ വര്‍ഷം അവസാനിക്കാന്‍ ഇനിയും 1 മാസം കൂടി ബാക്കിയുണ്ട്. നവംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തു വരാനുമുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 44,000 യൂണിറ്റ് നെക്സണും 32,000 യൂണിറ്റ് പഞ്ചുമാണ് വിറ്റഴിക്കപ്പെട്ടത്.

നവംബറിയും ഡിസംബറിലയും വില്‍പ്പന ഈ വേഗതയില്‍ തുടര്‍ന്നാല്‍ നെക്സേണ്‍ 200,000 യൂണിറ്റും പഞ്ച് 150,000 യൂണിറ്റും വില്‍പ്പന നാഴികക്കല്ല് പിന്നിടും. നിലവില്‍ നെക്‌സോണ്‍ ആണ് ബെസ്റ്റ് സെല്ലര്‍ കാര്‍ പട്ടത്തിനുള്ള മത്സരത്തിലുള്ളത്. നിലവില്‍ 7.32 ലക്ഷം മുതല്‍ 14.05 ലക്ഷം രൂപ വരെയാണ് ടാറ്റ നെക്‌സോണിന്റെ വില. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.
50-ലധികം വേരിയന്റുകള്‍ ഉള്ള സബ് 4 മീറ്റര്‍ എസ്‌യുവി മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളോടെയാണ് വരുന്നത. പഴയ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, സിഎന്‍ജി കിറ്റുള്ള 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്നിവയാണവ. മാനുവലും ഓട്ടോമാറ്റിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.എഞ്ചിന്‍ തരത്തെയും ട്രാന്‍സ്മിഷനെയും ആശ്രയിച്ച് ലിറ്ററിന് 17 കിലോമീറ്റര്‍ മുതല്‍ 24.08 കിലോമീറ്റര്‍ വരെയാണ് നെക്‌സോണിന്റെ ക്ലെയിംഡ് മൈലേജ്.
വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍-അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ (ADAS), വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍ എന്നിവയടക്കം നിരവധി ഫീച്ചറുകള്‍ കമ്പനി ഈ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. ഭാരത് NCAP, ഗ്ലോബല്‍ NCAP എന്നിവയില്‍ നിന്നും മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ഇതിന് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications








