ടാറ്റയെ നയിക്കുന്ന 'ഇരട്ടച്ചങ്കന്‍മാര്‍'; ഒന്നിച്ച് നേടിയത് 15 ലക്ഷം യൂണിറ്റ് വില്‍പ്പന
ടാറ്റ മോട്ടോര്‍സിന്റെ വാഹന നിരയിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളാണ് നെക്‌സോണും പഞ്ചും. കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ മോഡലുകള്‍ തേടിയാണ് ഭൂരിഭാഗം പേരും ടാറ്റ ഷോറൂമില്‍ എത്തുന്നത്. ഇപ്പോള്‍ നെക്‌സോണും പഞ്ചും ചേര്‍ന്ന് ടാറ്റ മോട്ടോര്‍സിന് ശ്രദ്ധേയമായ വില്‍പ്പന നേട്ടം സമ്മാനിച്ചിരിക്കുകയാണ്. നെക്‌സോണ്‍ 9,00,000 യൂണിറ്റ് വില്‍പ്പന പിന്നിട്ടപ്പോള്‍, പഞ്ച് 600,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടി. ഈ രണ്ട് മോഡലുകളുടെയും മൊത്തം വില്‍പ്പന 15 ലക്ഷം കടന്നു. പുത്തന്‍ വില്‍പ്പന നാഴികക്കല്ലുകള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ടാറ്റയുടെ കോംപാക്ട് എസ്‌യുവി ജോടിയുടെ ജനപ്രീതി ഉയര്‍ത്തിക്കാണിക്കുന്നു.
2017 സെപ്റ്റംബര്‍ 21-നാണ് ടാറ്റ തങ്ങളുടെ ആദ്യ കോംപാക്റ്റ് എസ്‌യുവിയായ നെക്‌സോണ്‍ വിപണിയില്‍ എത്തിച്ചത്. 2025 സെപ്റ്റംബര്‍ വരെ നെക്‌സോണിന്റെ 910,181 യൂണിറ്റുകളാണ് വിറ്റുപോയത്. ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ, കിയ സോനെറ്റ്, സ്‌കോഡ കൈലാക്, റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നിവയാണ് നിലവില്‍ നെക്‌സോണിന്റെ എതിരാളികള്‍. കഴിഞ്ഞ മാസം നെക്‌സോണ്‍ റെക്കോഡ് വില്‍പ്പനയാണ് നേടിയത്.

2025 സെപ്റ്റംബറില്‍ 22,573 പുതിയ ഉപഭോക്താക്കളെ കണ്ടെത്തിയ നെക്‌സോണ്‍ ഒരു ടാറ്റാ മോഡലിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവും കുടുതല്‍ വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ വാഹനവും നെക്‌സോണ്‍ ആയിരുന്നു. കഴിഞ്ഞ മാസം 2024 സെപ്റ്റംബറില്‍ വിറ്റഴിച്ച 11,470 യൂണിറ്റുകളെ അപേക്ഷിച്ച് 97% വാര്‍ഷിക വളര്‍ച്ചയും, ഓഗസ്റ്റിലെ 14,004 യൂണിറ്റുകളെ അപേക്ഷിച്ച് 61% പ്രതിമാസ വളര്‍ച്ചയും രേഖപ്പെടുത്തി.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ ബെസ്റ്റ് സെല്ലര്‍ കാറുകളുടെ പട്ടികയില്‍ നെക്‌സോണ്‍ മുന്‍നിരയില്‍ തന്നെയുണ്ട്. നെക്‌സോണിന്റെ പെട്രോള്‍ പതിപ്പില്‍ 1.2 ലിറ്റര്‍ റെവോട്രോണ്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണുള്ളത്. ഇത് 120 bhp പവറുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍, അല്ലെങ്കില്‍ 7 സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയുമായി ഇണചേര്‍ക്കുന്നു.

ഡീസല്‍ വേരിയന്റില്‍ 1.5 ലിറ്റര്‍ റെവോടോര്‍ക്ക് യൂണിറ്റാണ് ഉപയോഗിക്കുന്നത്. 115 bhp പവറും 260 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമേറ്റഡ് മാനുവല്‍ ഓപ്ഷനുകളോട് കൂടി ലഭിക്കുന്നു.സിഎന്‍ജി വേരിയന്റില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 100 bhp പവറും 170 Nm ടോര്‍ക്കും നല്‍കുന്നു.
സിഎന്‍ജി വേരിയന്റ് 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. പെട്രോള്‍, ഡീസല്‍, സിഎന്‍ജി പവര്‍ട്രെയിനുകള്‍ക്ക് പുറമെ നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പും വിപണിയിലുണ്ട്. നാല് പവര്‍ട്രെയിന്‍ ഓപ്ഷനുകളുള്ള ഇന്ത്യയിലെ ഏക കാര്‍ നെക്‌സോണ്‍ ആണ്. നെക്‌സോണ്‍ ഇവിക്ക് 30kWh, 45kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ ലഭിക്കുന്നു.
ഈ ബാറ്ററികളുടെ ARAI സര്‍ട്ടിഫൈഡ് റേഞ്ച് യഥാക്രമം 325, 489 കിലോമീറ്റര്‍ ആണ്. നെക്‌സോണ്‍ ഇവിയുടെ വലിയ ബാറ്ററി പായ്ക്കിന് യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ 350 മുതല്‍ 370 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്ന് പറയപ്പെടുന്നു. നിലവില്‍ 7,31,890 രൂപ മുതലാണ് നെക്‌സോണിന്റെ വില ആരംഭിക്കുന്നത്. നെക്‌സോണ്‍ ഇവിയുടെ ബേസ് വേരിയന്റിന്റെ വില തുടങ്ങുന്നത് 12.49 ലക്ഷം രൂപ മുതലാണ്.
ഇന്ത്യയില്‍ മൈക്രോ എസ്‌യുവിയെന്ന പുതിയ സെഗ്‌മെന്റിന് തുടക്കം കുറിച്ചുകൊണ്ട് 2021 ഒക്‌ടോബറിലാണ് പഞ്ച് പുറത്തിറങ്ങിയത്. ശരവേഗത്തിലായിരുന്നു പഞ്ചിന്റെ വളര്‍ച്ച. 2025 സെപ്റ്റംബര്‍ വരെ ടാറ്റ 626,000 പഞ്ച് കാറുകള്‍ വിറ്റഴിച്ചു. ഏറ്റവും വേഗത്തില്‍ 6 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടുന്ന എസ്‌യുവിയായി പഞ്ച് മാറി. ജൂലൈയില്‍ 6 ലക്ഷം ഉത്പാദന നാഴികക്കല്ല് താണ്ടി പഞ്ച് 4 വര്‍ഷത്തിനുള്ളിലാണ് നേട്ടം സ്വന്തമാക്കിയത്.

ഹ്യുണ്ടായി ക്രെറ്റ 48 മാസവും മാരുതി ബ്രെസ 57 മാസവുമാണ് ഇതിനായി എടുത്തത്. 2022 ഓഗസ്റ്റിലാണ് പഞ്ചിന്റെ പഞ്ചിന്റെ വില്‍പ്പന 1 ലക്ഷം യൂണിറ്റിലെത്തിയത്. 2023 മെയ് മാസത്തോടെ 2 ലക്ഷമായി വര്‍ധിപ്പിച്ച ശേഷം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്ഥിരത നിലനിര്‍ത്തി. കഴിഞ്ഞ മാസം പഞ്ചിന്റെ വില്‍പ്പന 15,891 യൂണിറ്റ് ആയിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനവും മുന്‍ മാസത്തെ അപേക്ഷിച്ച് 48 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.
ഈ പ്രകടനം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ വാഹനങ്ങളുടെ പട്ടികയില്‍ പഞ്ചിന് അഞ്ചാം സ്ഥാനം നേടിക്കൊടുത്തു. ഒന്നാമത് നെക്‌സോണും അഞ്ചാമത് പഞ്ചും വന്നതോടെ ടോപ് 5 റാങ്കിങ്ങില്‍ രണ്ട് ടാറ്റ മോഡലുകള്‍ ഇടംപിടിച്ച അപൂര്‍വ കാഴ്ചക്കും വാഹനലോകം സാക്ഷിയായി. ആകര്‍ഷകമായ സ്‌റ്റൈലിംഗ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് എന്നിവയാണ് ഈ മൈക്രോ എസ്‌യുവിയുടെ പ്രധാന സവിശേഷതകള്‍.
പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ പഞ്ച് ലഭ്യമാണ്. ജിഎസ്ടി പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നതോടെ പഞ്ചിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 5,49,990 രൂപയായി കുറഞ്ഞിരുന്നു. അതിനാല്‍ ഹാച്ച്ബാക്കിന്റെ വിലയില്‍ ലഭ്യമാകുന്ന മൈക്രോ എസ്‌യുവി ഈ ഉത്സവകാലത്ത് മികച്ച വില്‍പ്പന നേടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ 9.99 ലക്ഷം രൂപ മുതലാണ് പഞ്ച് ഇവിയുടെ വില തുടങ്ങുന്നത്.


Click it and Unblock the Notifications








