15 മിനിറ്റ് ചാര്‍ജിലിട്ടാല്‍ 90Km ഓടാം! പഞ്ച് ഇവിയില്‍ കിടിലന്‍ അപ്‌ഡേറ്റുകളുമായി ടാറ്റ
ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളാണ് ടാറ്റ മോട്ടോര്‍സ്. ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന ഒരു ജനപ്രിയ മോഡലാണ് ടാറ്റ പഞ്ച് ഇവി. മൈക്രോ എസ്‌യുവിയായ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പാണ് പഞ്ച് ഇവി. 2024 കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയി മാറാനുള്ള കാരണം പഞ്ച് ഇവിയുടെ വരവായിരുന്നു. ഇന്ത്യയില്‍ പ്രതിമാസം 10,000 യൂണിറ്റിലധികം വില്‍ക്കുന്ന കാറാണ് പഞ്ച്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് എസ്‌യുവിയാണ് പഞ്ച് ഇവി. മൊത്തത്തില്‍ ഇപ്പോള്‍ പഞ്ചിന് ഇപ്പോള്‍ കുറച്ച് മോശം സമയമാണ്.
കഴിഞ്ഞ വര്‍ഷമുണ്ടയിരുന്ന വമ്പന്‍ വില്‍പ്പന ഇപ്പോള്‍ കാറിനില്ല. ഈ സാഹര്യത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ടാറ്റാ മോട്ടോര്‍സ് പഞ്ച് ഇവിയില്‍ തുടര്‍ച്ചയായി പുതിയ അപ്ഡേറ്റുകള്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളും ഒപ്പം ചാര്‍ജിംഗ് അപ്‌ഡേറ്റും ഇവിയില്‍ നടപ്പാക്കിയിരിക്കുകയാണ് ടാറ്റ. പ്യുവര്‍ ഗ്രേ, സൂപ്പര്‍നോവ കോപ്പര്‍ എന്നിവയാണ് പുതിയ കളര്‍ ഓപ്ഷനുകള്‍.

ഈ രണ്ട് ഷെയ്ഡുകളും ബ്ലാക്ക് റൂഫ് ഓപ്ഷനിലും ഓഫര്‍ ചെയ്യുന്നുണ്ട്. ഈ പുതിയ ഓപ്ഷനുകള്‍ കൂടാതെ, എംപവേര്‍ഡ് ഓക്‌സൈഡ്, സീവീഡ്, ഫയര്‍ലെസ് റെഡ്, ഡേടോണ ഗ്രേ, പ്രിസ്റ്റിന്‍ വൈറ്റ് എന്നീ സാധാരണ കളര്‍ ഓപ്ഷനുകളിലും പഞ്ച് ഇവി തുടര്‍ന്നും ലഭ്യമാകും. പുതിയ കളര്‍ ഓപ്ഷനുകള്‍ കൂടാതെ ജനങ്ങള്‍ കാത്തിരുന്ന മറ്റൊരു അപ്‌ഡേറ്റും കാറില്‍ ടാറ്റ കൊണ്ടുവന്നിട്ടുണ്ട്.
ഷോര്‍ട്ട് റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ലഭ്യമായ ഈ ഇലക്ട്രിക് കാറിന്റെ ലോംഗ് റേഞ്ച് പതിപ്പ് ഇനി ഡിസി ഫാസ്റ്റ് ചാര്‍ജിംഗില്‍ കൂടുതല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. പഞ്ച് ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പിന്റെ ബാറ്ററി 1.2C ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 10% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ മുമ്പ് 56 മിനിറ്റ് എടുത്തിരുന്നു.

ഇനി മുതല്‍ ഇതിന് 40 മിനിറ്റ് സമയം മാത്രം മതി. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 15 മിനിറ്റ് കൊണ്ട് 90 കിലോമീറ്റര്‍ ഓടാനുള്ള ബാറ്ററി ചാര്‍ജ് ചെയ്യാം. ഇവ രണ്ടുമല്ലാതെ ടാറ്റ പഞ്ച് ഇവിയില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നുമില്ല. ടാറ്റ പഞ്ച് ഇവിയില്‍ നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.
ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍ക്കൊള്ളുന്ന 10.25 ഇഞ്ച് ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണം, എയര്‍ പ്യൂരിഫയറുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, രണ്ട് ട്വീറ്ററുകളുള്ള 6-സ്പീക്കര്‍ ഓഡിയോ സിസ്റ്റം, സിംഗിള്‍-പേന്‍ ഇലക്ട്രിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് ശ്രദ്ധേയമായ ഫീച്ചറുകള്‍. ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിവ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു.
നേരത്തെ പറഞ്ഞ പോലെ ടാറ്റ പഞ്ച് ഇവിയില്‍ രണ്ട് ബാറ്ററി ഓപ്ഷനുകള്‍ ലഭ്യമാണ്: മീഡിയം റേഞ്ച് (MR), ലോംഗ് റേഞ്ച് (LR). മീഡിയം റേഞ്ചിലെ 25kWh ബാറ്ററി ഒറ്റ ചാര്‍ജില്‍ 265 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ പവര്‍ട്രെയിന്‍ 81 bhp പവറും 114 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
മറുവശത്ത് LR പതിപ്പിന് 365 കിലോമീറ്റര്‍ സിംഗിള്‍ ചാര്‍ജ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ 35kWh ബാറ്ററിയുണ്ട്. പഞ്ച് ഇവിയുടെ ഈ പതിപ്പ് 120 bhp പവറും 190 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് പതിപ്പുകളിലും സിംഗിള്‍-മോട്ടോര്‍, ഫ്രണ്ട്-വീല്‍ ഡ്രൈവ് ലേഔട്ട് ഉണ്ട്. നിലവില്‍ 9.99 ലക്ഷം രൂപയാണ് പഞ്ച് ഇവിയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില.
ടോപ് സ്‌പെക് വേരിയന്റിന് 13.94 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. ഓണം ഓഫറുകളുടെ ഭാഗമായ ഇപ്പോള്‍ പഞ്ച് ഇവിക്ക് ഏകദേശം 85,000 രൂപ വരെ കിഴിവുണ്ട്. സെപ്റ്റംബര്‍ 30 വരെയാണ് പ്രത്യേക ഓണം ഓഫറില്‍ ടാറ്റ കാര്‍ വാങ്ങാനാകുക.


Click it and Unblock the Notifications








