പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാ! പഞ്ചിന്റെ വില്‍പ്പന കൂടുമെന്ന് പറയാന്‍ കാരണം ഇതാണ്
2024 ജനുവരി 17-ന് ആയിരുന്നു ടാറ്റ മോട്ടോര്‍സ് പഞ്ച് മൈക്രോ എസ്യുവിയുടെ ഇലക്ട്രിക് പതിപ്പ് ഇന്ത്യന്‍ വിപണിയിലിറക്കിയത്. അതുവരെ പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ മാത്രം ലഭ്യമായിരുന്ന കുഞ്ഞന്‍ എസ്യുവി വൈദ്യുത അവതാരത്തില്‍ പിറവിയെടുത്തതോടെ പഞ്ചിന്റെ ഗ്രാഫ് കുത്തനെ മുകളിലോട്ട് കയറി. 2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ എന്ന നേട്ടവും പഞ്ച് സ്വന്തമാക്കി. പതിറ്റാണ്ടുകളായി മാരുതി സുസുക്കി മോഡലുകളായിരുന്നു ഈ നേട്ടം കൈവരിച്ചിരുന്നത്. എന്നാല്‍ പുതിയ വര്‍ഷത്തില്‍ പഞ്ചിന്റെ ഡിമാന്‍ഡ് കുറഞ്ഞ് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2025 മെയ് മാസത്തിലും പഞ്ചിന്റെ വില്‍പ്പന മന്ദഗതിയിലായിരുന്നു. പോയ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ പഞ്ചിന്റെ വില്‍പ്പനയില്‍ വമ്പന്‍ ഇടിവാണ് നേരിട്ടത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ സ്ഥിരമായി മുകളില്‍ തന്നെ സ്ഥാനം പിടിച്ചിരുന്ന പഞ്ച് ഇപ്പോള്‍ താഴേക്ക് പതിച്ചിരിക്കുകയാണ്. പഞ്ചിന്റെ കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍ ചുവടെ വിശദമായി പരിശോധിക്കാം.

2025 മെയില്‍ ടാറ്റ പഞ്ചിന്റെ വില്‍പ്പന 13,133 യൂണിറ്റായിരുന്നു. 12 മാസം മുമ്പ് 2024 മെയ് മാസത്തില്‍ പഞ്ചിന് മൊത്തം 18,949 പുതിയ ഉപഭോക്താക്കളെ ലഭിച്ചിരുന്നു. 5816 യൂണിറ്റുകളുടെ വ്യത്യാസത്തില്‍ വില്‍പ്പന ഇടിവ് 31 ശതമാനം രേഖപ്പെടുത്തി. ഇതുമൂലം, ടാറ്റ പഞ്ച് ഇന്ത്യയിലെ ടോപ് 10 കാറുകളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഈ പട്ടികയിലെ ആദ്യ മാരുതി സുസുക്കി ഡിസയര്‍, എര്‍ട്ടിഗ, ബ്രെസ, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്‌കോര്‍പിയോ, മാരുതി സ്വിഫ്റ്റ്, വാഗണ്‍ആര്‍, ഫ്രോങ്ക്സ് എന്നിവയാണ് പഞ്ചിന് മുന്നിലുള്ളത്. കൂടെപ്പിറപ്പായ നെക്സോണ്‍ 13096 യൂണിറ്റ് വില്‍പ്പനയുമായി പഞ്ചിന് പിന്നില്‍ പത്താമതുണ്ട്. ഇടക്കാലത്ത് നെക്സോണിന്റെ ഡിമാന്‍ഡും കുറഞ്ഞിരുന്നെങ്കിലും സബ് 4 മീറ്റര്‍ എസ്‌യുവി ഇപ്പോള്‍ വീണ്ടും തിരിച്ച് കയറുകയാണ്.

സമാനമായ രീതിയില്‍ പഞ്ച് മൈക്രോ എസ്‌യുവിയും വീണ്ടും ഷോറൂമില്‍ ആളെക്കൂട്ടുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. 2021 ഒക്ടോബറില്‍ പുറത്തിറങ്ങിയ പഞ്ച് ഇതിനോടകം 5 ലക്ഷം ഉപഭോക്താക്കളെ നേടിക്കഴിഞ്ഞിട്ടുണ്ട്. പഞ്ച് തിരിച്ചുവരുമെന്ന് ഉറപ്പിച്ച് പറയാന്‍ കാരണം എസ്‌യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് അധികം വൈകാതെ വിപണിയില്‍ എത്തുമെന്നതിനാലാണ്. വിപണിയിലെത്തി ഏതാനും വര്‍ഷങ്ങള്‍ കഴിയുന്ന മോഡലുകള്‍ കാലികമായി നിലനിര്‍ത്താന്‍ മുഖംമിനുക്കല്‍ അത്യാവശ്യമാണ്. ടാറ്റ മോട്ടോര്‍സ് ഇത് വൃത്തിക്ക് ചെയ്ത് വരാറുമുണ്ട്.
ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ വരവ് ആസന്നമാകുമ്പോള്‍ പൊതുവേ കാറുകളുടെ വില്‍പ്പനയും കുറയാറുണ്ട്. പഴയ മോഡലിനേക്കാള്‍ പുതിയ മോഡല്‍ വാങ്ങാനാണ് ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്നത് എന്നത് തന്നെ അതിന് കാരണം. പുതിയ മോഡലിന്റെ വരവിനുശേഷം അതിന്റെ വില്‍പ്പന വളര്‍ച്ചയിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയുണ്ട്. അടുത്ത കാലത്തായി തലമുറ മാറ്റം സംഭവിച്ച മാരുതി സ്വിഫ്റ്റും ഡിസയറും തന്നെ ഉദാഹരണം. ഈ കാറുകള്‍ ഫെയ്സ്ലിഫ്റ്റിന് ശേഷം സെയില്‍സ് ചാര്‍ട്ടില്‍ വമ്പന്‍ കുതിപ്പാണ് നടത്തുന്നത്.

ഡിസയര്‍ മെയില്‍ നമ്പര്‍ 1 കാറുമായി മാറി. 2025 ടാറ്റ പഞ്ച് ഫെയ്സ്ലിഫ്റ്റ് നിലവില്‍ ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണ ഓട്ടത്തിലാണ്. നിരവധി മാറ്റങ്ങളുമായി വരാന്‍ പോകുന്ന പഞ്ച് ഫെയ്സ്ലിഫ്റ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ടാറ്റ വിപണിയിലെത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിലവില്‍ പഞ്ചിന്റെ ഐസി എഞ്ചിന്‍ പതിപ്പുകളുടെ പ്രാരംഭ വില 6.20 ലക്ഷം രൂപയാണ്.
പഞ്ച് ഇവിയുടെ ബേസ് വേരിയന്റിന്റെ വില 9.99 ലക്ഷം രൂപയുമാണ്. ഇവ എക്സ്-ഷോറൂം വിലകളാണ്.അപ്ഡേറ്റഡ് പതിപ്പിന് ചിലപ്പോള്‍ വില അല്‍പ്പം കൂടാന്‍ സാധ്യതയുണ്ട്. എന്നാല്‍ കൂടുന്ന വിലയെ ന്യായീകരിക്കുന്ന അപ്ഡേറ്റുകള്‍ കാറില്‍ കാണാനാകുമെന്ന് ഉറപ്പാണ്. ദീപാവലിക്ക് മുമ്പ് അതായത് ഈ വര്‍ഷം ഉത്സവ സീസണില്‍ തന്നെ കാര്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
ഹ്യുണ്ടായി എക്സ്റ്ററുമായാണ് പഞ്ച് ഇന്ത്യന്‍ വിപണിയില്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. നിലവിലെ സാഹചര്യത്തില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കാത്ത എക്സ്റ്റര്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പ് കൂടി വന്നാല്‍ പഞ്ചിനെ നേരിടാന്‍ കുറച്ച് കൂടി ബുദ്ധിമുട്ടും. ഏതായാലും പഞ്ച് ഫെയസ്ലിഫ്റ്റിന്റെ ലോഞ്ചിന് മുന്നോടിയായി ടാറ്റ ഓരേ വിവരങ്ങളായി അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.


Click it and Unblock the Notifications








