പെട്രോൾ എഞ്ചിനുമായി ടാറ്റ ഹാരിയറും സഫാരിയും എത്തുന്നു, നവംബറിൽ ഇങ്ങെത്തിയേക്കുമെന്ന് സൂചന
ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട വാഹന നിർമ്മാതാക്കളിൽ മുൻപ്പന്തിയിൽ നിൽക്കുന്ന ഒരു ബ്രാൻഡാണ് ടാറ്റ മോട്ടോർസ്. പെർഫോമൻസും സാങ്കേദികവിദ്യകളും കോർത്തിണക്കിയ നല്ല ഒന്നാന്തരം കാറുകൾ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നതിൽ എന്നും രാജാക്കൻമ്മാരാണിവർ. ഈ വർഷം കമ്പനിയിൽ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളാണ് ഹാരിയറിന്റേയും സഫാരിയുടേയും പെട്രോൾ പതിപ്പുകൾ. ഇതുവരെ ഡീസൽ എഞ്ചിനിൽ മാത്രം ലഭ്യമായിരുന്ന എസ്‌യുവികൾ പെട്രോളിലേക്ക് എത്തുന്നത് വില കുറയാൻ വരെ കാരണമാവുന്ന സുപ്രധാന നീക്കമാണ്. വരാനിരിക്കുന്ന ഈ രണ്ട് മിടുക്കൻമ്മാരുടെ കൂടുതൽ വിശേഷങ്ങൾ പറഞ്ഞുതരാം.
ഇന്ത്യയിലെ പ്രീമിയം എസ്‌യുവി വിപണിയിലേക്ക് പുതിയൊരു ആവേശം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ടാറ്റ സഫാരി. ടാറ്റയുടെ ഓമേഗആർക്ക് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച വാഹനത്തിന് പെട്രോൾ എഞ്ചിൻ ലഭിക്കുന്നതിനൊപ്പം ചെറിയ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരങ്ങളും കമ്പനി സമ്മാനിക്കും. ആഡംബര പൂർണ്ണമായ ഡിസൈനുകളും സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതിലാവും മോഡൽ ഫോക്കസ് ചെയ്യുക. അതിനാൽ ലോഞ്ചിനുശേഷം ഏറ്റവും ആകർഷകമായ എസ്‌യുവികളിൽ ഒന്നായി മാറാൻ ടാറ്റ സഫാരിക്ക് കഴിഞ്ഞേക്കും.

പുതുതായി രൂപകൽപ്പന ചെയ്ത പാരാമെട്രിക് ക്രോം ഗ്രിൽ, സ്ലീക്ക് സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫുൾ-വിഡ്ത്ത് കണക്റ്റഡ് എൽഇഡി ഡിആർഎൽ, ടെയിൽ-ലൈറ്റ് സജ്ജീകരണം എന്നിവ സഫാരിക്ക് ഒരു ഫ്യൂച്ചറിസ്റ്റിക് ലുക്ക് നൽകാൻ സഹായിക്കും. കൂടാതെ കണക്റ്റഡ് എൽഇഡി ലൈറ്റ് ബാറും ബോൾഡ് "സഫാരി" ബാഡ്ജിംഗും ടാറ്റ സഫാരിയെ ഒരു ആഡംബര എസ്‌യുവിയാക്കി മാറ്റും.
ഇനി പുതിയ പെട്രോൾ എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ 1.5 ലിറ്റർ ടർബോചാർജ്ഡ് TGDi പെട്രോൾ എഞ്ചിനാണ് അവതരിപ്പിക്കാൻ പോകുന്നത്. കൂടാതെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ എസ്‌യുവിക്ക് ഏകദേശം 15 മുതൽ 16 കിലോമീറ്റർ/ലിറ്റർ വരെ ഇന്ധനക്ഷമത നൽകാൻ കഴിയുമെന്ന് ആദ്യകാല കണക്കുകളും പരീക്ഷണ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നുണ്ട്.

പുതിയ പെട്രോൾ എഞ്ചിൻ 170 bhp പവറും 280 Nm ടോർക്കും ഉത്പാദിപ്പിച്ചേക്കും. 50 ലിറ്റർ ഇന്ധന ടാങ്കോടുകൂടി വരാനിരിക്കുന്ന സഫാരിക്ക് ഫുൾ ടാങ്കിൽ ഏകദേശം 700 മുതൽ 750 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യാൻ കഴിയും. അതിനാൽ പെട്രോൾ എഞ്ചിനുകൾ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് പവറും മികച്ച മൈലേജും നൽകുന്ന ഒരു കിടിലൻ എസ്‌യുവി ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാണ്.
സഫാരി പോലെ തന്നെ വരാനിരിക്കുന്ന ടാറ്റ ഹാരിയറിനും ചെറിയ മുഖംമിനുക്കൽ ലഭിക്കും. സ്ലീക്ക് കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം, റീഡിസൈൻ ചെയ്ത പാരാമെട്രിക് ഗ്രിൽ, ഫുൾ-വിഡ്ത്ത് കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റ്, പുനർനിർമ്മിച്ച ബമ്പർ, പ്രീമിയം ടച്ച് നൽകുന്ന ബോൾഡ് "ഹാരിയർ" ലെറ്ററിംഗ് എന്നിവ ഉപയോഗിച്ച് ഡിസൈൻ പൂർണ്ണമായും പുതുക്കിയേക്കും.
ഈ ഡിസൈനുകളെല്ലാം ഇണച്ചേർത്ത് വരുന്ന ടാറ്റ ഹാരിയർ ലോഞ്ച് ചെയ്താൽ മറ്റ് എസ്‌യുവികളുമായി ഉണ്ടാകുന്ന മത്സരം ഒന്ന് കണ്ടുതന്നെ അറിയേണ്ടതാണ്. സഫാരിപ്പോലെ തന്നെ വരാനിരിക്കുന്ന ടാറ്റ ഹാരിയറും 1.5 ലിറ്റർ ടർബോചാർജ്ഡ് TGDi പെട്രോൾ എഞ്ചിൻ ഉൾപ്പെടെയുള്ള പുതിയ എഞ്ചിൻ ഓപ്ഷൻ വാഗ്ദാനം ചെയ്യും. ഏകദേശം 170 bhp പവറും 280 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ പുതിയ പെട്രോൾ എഞ്ചിൻ സുഗമമായ ഡ്രൈവിംഗ് അനുഭവം നൽകുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ഹാരിയറിന്റെ നിലവിലെ 2.0 ലിറ്റർ ഡീസൽ വേരിയന്റ് മാനുവലിന് 16.8 കിലോമീറ്റർ/ലിറ്ററും ഓട്ടോമാറ്റിക്കിന് 14.6 കിലോമീറ്റർ/ലിറ്ററും ARAI സാക്ഷ്യപ്പെടുത്തിയ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. മൊത്തത്തിൽ പറഞ്ഞാൽ പെട്രോൾ എഞ്ചിനുകൾ ഇഷ്ടപ്പെടുന്ന പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പായിട്ടാണ് ടാറ്റയുടെ ഈ നീക്കം കാണപ്പെടുന്നത്. അതിനാൽ ടാറ്റ സഫാരിയുടെയും ഹാരിയറിൻ്റെയും പെട്രോൾ പതിപ്പ് ലോഞ്ച് ചെയ്യുന്നതിലൂടെ പ്രീമിയം എസ്‌യുവി വിഭാഗത്തിന് മികച്ച രണ്ട് എതിരാളികൾ ഉണ്ടാകുമെന്നത് ഉറപ്പാണ്.


Click it and Unblock the Notifications








