പൈസ മുടക്കി സ്റ്റിക്കറടിക്കേണ്ട, മാഫിയ ലുക്കില്‍ ടാറ്റ എസ്‌യുവികള്‍ പുറത്തിറങ്ങി! വിലയും സവിശേഷതകളും അറിയാം
സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ പുറത്തിറക്കുന്നതില്‍ അഗ്രകണ്യന്‍മാരാണ് ടാറ്റ മോട്ടോര്‍സ്. ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ പല സ്‌പെഷ്യല്‍ എഡിഷനുകളും ഹിറ്റാകുകയും ചെയ്തിട്ടുണ്ട്. പിന്‍കാലത്ത് മറ്റ് പല വാഹന നിര്‍മാതാക്കളും ടാറ്റയുടെ ഇതേ വിദ്യ തങ്ങളുടെ മോഡലുകളില്‍ പരീക്ഷിച്ച് വരുന്നു. കഴിഞ്ഞ മാസം നടന്ന 2025 ഓട്ടോ എക്സ്പോയില്‍ ടാറ്റ നെക്‌സോണ്‍ ഇവി, ഹാരിയര്‍, സഫാരി എന്നിവയുടെ ബന്ദിപ്പൂര്‍ എഡിഷനുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവയോടൊപ്പം ഹാരിയറിന്റെയും സഫാരിയുടെയും സ്‌റ്റെല്‍ത്ത് എഡിഷനുകളും അവതരിപ്പിച്ചിരുന്നു. ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ കമ്പനി ഹാരിയറിന്റെയും സഫാരിയുടെയും സ്‌റ്റെല്‍ത്ത് എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ്. ടാറ്റയുടെ മുന്‍നിര എസ്‌യുവികളുടെ പുതിയ പതിപ്പിന്റെ വിശദാംശങ്ങള്‍ ചുവടെ വായിക്കാം.
ഹാരിയര്‍, സഫാരി സ്‌റ്റെല്‍ത്ത് എഡിഷനുകള്‍ ഡാര്‍ക്ക് എഡിഷന്റെ തൊട്ട് മുകളിലായാണ് സ്ഥാനം പിടിക്കുന്നത്. രണ്ട് മോഡലുകളുടെയും ഡാര്‍ക്ക് എഡിഷനുകളേക്കാള്‍ 25000 രൂപയാണ് സ്‌റ്റെല്‍ത്ത് എഡിഷനുകള്‍ക്ക് അധികം വരുന്നത്. ആദ്യം നമുക്കള ടാറ്റ ഹാരിയര്‍ സ്‌റ്റെല്‍ത്ത് എഡിഷന്റെ വിലയും സവിശേഷതകളും നോക്കാം. ടാറ്റ ഹാരിയര്‍ സ്‌റ്റെല്‍ത്ത് എഡിഷന്‍ രണ്ട് വേരിയന്റുകളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇതില്‍ ഹാരിയര്‍ ഫിയര്‍ലെസ്+ സ്റ്റെല്‍ത്ത് എംടിയുടെ എക്‌സ്-ഷോറൂം വില 25.09 ലക്ഷം രൂപയാണ്. ഹാരിയര്‍ ഫിയര്‍ലെസ്+ സ്റ്റെല്‍ത്ത് എടിയുടെ എക്‌സ്-ഷോറൂം വില 26.49 ലക്ഷം രൂപയായി നിശ്ചയിച്ചിരിക്കുന്നു. ഡിസൈന്‍ വശം നോക്കുമ്പോള്‍ കൂടുതല്‍ അഗ്രസീവ്, ബോള്‍ഡ് ലുക്കാണ് സ്‌റ്റെല്‍ത്ത് എഡിഷന്‍ എസ്‌യുവികള്‍ക്ക് ലഭിക്കുന്നത്. ഈ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിലൂടെ ടാറ്റ ഹാരിയറില്‍ മാറ്റ് കളര്‍ വാഗ്ദാനം ചെയ്യുന്നുവെന്ന പ്രത്യേകതയുണ്ട്.
മാറ്റ് ബ്ലാക്ക് പെയിന്റ് സ്‌കീമിന് പുറമേ ഓള്‍ബ്ലാക്ക് കാര്‍ബണ്‍ നോയര്‍ തീമിലുള്ള ഇന്റീരിയര്‍, 19 ഇഞ്ച് മാറ്റ് ബ്ലാക്ക് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയും ഹാരിയര്‍ സ്‌റ്റെല്‍ത്ത് എഡിഷന് ലഭിക്കുന്നു. ഡ്യുവല്‍ ഡിജിറ്റല്‍ സ്‌ക്രീന്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേഷനോടുകൂടിയ പവര്‍ഡ് ഫ്രണ്ട് സീറ്റ്, സ്ലൈഡിംഗ് ആംറെസ്റ്റുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, വോയിസ് അസിസ്റ്റഡ് പനോരമിക് സണ്‍റൂഫ്, ലെവല്‍-2 ADAS തുടങ്ങിയ ഫീച്ചറുകളും ഹാരിയര്‍ സ്‌റ്റെല്‍ത്ത് എഡിഷനില്‍ ടാറ്റ സജ്ജീകരിച്ചിട്ടുണ്ട്.

ഈ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിന് മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ അതേ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് സ്‌റ്റെല്‍ത്ത് എഡിഷന്റെയും ഹൃദയം. 168 bhp പവറും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.
ടാറ്റ സഫാരി സ്‌റ്റെല്‍ത്ത് എഡിഷനിലേക്ക് വന്നാല്‍ ഇത് അക്കംപ്ലിഷ്ഡ് പ്ലസ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് നിങ്ങള്‍ക്ക് മൂന്ന് കോണ്‍ഫിഗറേഷനുകളില്‍ ലഭിക്കും. മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ക്കൊപ്പം 6 സീറ്റര്‍ കോണ്‍ഫിഗറേഷനും തിരഞ്ഞെടുക്കാം. ടാറ്റ സഫാരി സ്‌റ്റെല്‍ത്ത് എഡിഷന്‍ അക്കംപ്ലിഷ്ഡ്+ സ്റ്റെല്‍ത്ത് മാനുവലിന്റെ വില 25.74 ലക്ഷം രൂപയാണ്.

അക്കംപ്ലിഷ്ഡ്+ സ്റ്റെല്‍ത്ത് ഓട്ടോമാറ്റിക്കിന് 27.14 ലക്ഷം രൂപ മുടക്കണം. അതേസമയം അക്കംപ്ലിഷ്ഡ്+ 6 സീറ്റര്‍ സ്‌റ്റെല്‍ത്ത് ഓട്ടോമാറ്റിക് വേരിയന്റിന്റെ വില 27.24 ലക്ഷം രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. ഹാരിയറിനെ പോലെ തന്നെ മാറ്റ് ബ്ലാക്ക് എക്സ്റ്റീരിയറിനൊപ്പം ബ്ലാറ്റ് ലെതറെറ്റ് ഇന്റീരിയര്‍ തീമിലാണ് ടാറ്റ സഫാരി സ്‌റ്റെല്‍ത്ത് എഡിഷനും വരുന്നത്. ഫ്രണ്ട് ഫെന്‍ഡറില്‍ സ്റ്റെല്‍ത്ത് ബാഡ്ജിംഗിനൊപ്പം അലോയ് വീലുകള്‍ക്ക് ഡാര്‍ക്ക് ട്രീറ്റ്മെന്റും ലഭിക്കുന്നു.
ഹാരിയറിന്റെ അതേ എഞ്ചിന്‍ തന്നെയാണ് സഫാരിയിലും വരുന്നത്. സഫാരി സ്‌റ്റെല്‍ത്ത് എഡിഷന്റെ പവര്‍ട്രെയിനിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റുമായി ഇണചേര്‍ന്നിരിക്കുന്ന അതേ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സഫാരിക്കും ലഭിക്കുന്നു. ഈ മോട്ടോര്‍ 168 bhp പവറും 350 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
സ്‌റ്റെല്‍ത്ത് എഡിഷനിലൂടെ ടാറ്റ എസ്‌യുവി പ്രേമികള്‍ക്കായി വ്യത്യസ്തവും പ്രീമിയം സ്‌റ്റൈലിംഗ് പാക്കേജും വാഗ്ദാനം ചെയ്ത് കൊണ്ട് അവരുടെ സ്‌പെഷ്യല്‍ എഡിഷന്‍ ശ്രേണി വീണ്ടും വലുതാക്കിയിരിക്കുകയാണ്. വില്‍പ്പനയില്‍ അല്‍പ്പം ഇടിവ് നേരിടുന്ന എസ്‌യുവികള്‍ക്ക് ഇവയുടെ വരവ് ഉത്തേജനമാകുമെന്ന് പ്രതീക്ഷിക്കാം. ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ബന്ദിപ്പൂര്‍ എഡിഷനുകളും അധികം വൈകാതെ വിപണിയിലെത്തിയേക്കും.


Click it and Unblock the Notifications








