24 മണിക്കൂര്‍ കൊണ്ട് വാരിയത് 70000 ബുക്കിംഗ്! തിരിച്ചുവരവ് ഗംഭീരമാക്കി ടാറ്റ സിയറ
24 മണിക്കൂറിനുള്ളില്‍ 70000 ബുക്കിംഗുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ വാഹന വിപണിയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ടാറ്റ സിയറ. ഇന്നലെയാണ് (16 ഡിസംബര്‍ 2025) ടാറ്റ മോട്ടോര്‍സ് എസ്‌യുവിയുടെ ബുക്കിംഗ് വിന്‍ഡോ തുറന്നത്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിച്ചത്. 70,000 ബുക്കിംഗുകള്‍ക്ക് പുറമെ എസ്‌യുവിക്ക് 1.35 ലക്ഷത്തിലധികം കണ്‍ഫര്‍മേഷനുകള്‍ ലഭിച്ചതായും കമ്പനി അറിയിച്ചു. എസ്‌യുവിയുടെ ബുക്കിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ തങ്ങളുടെ ഇഷ്ടപ്പെട്ട കോണ്‍ഫിഗറേഷന്‍ സമര്‍പ്പിച്ച് വാഹനം സ്വന്തമാക്കാന്‍ കാത്തിരിക്കുകയാണിവര്‍. ഇവരുടെ ബുക്കിംഗുകള്‍ പൂര്‍ത്തിയാക്കുന്ന പ്രക്രിയയിലാണെന്നും ടാറ്റ മോട്ടോര്‍സ് വെളിപ്പെടുത്തി.
വാഹനത്തിന് ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് ഇത് എടുത്തുകാണിക്കുന്നത്. നൊസ്റ്റാള്‍ജിയ അടിസ്ഥാനമാക്കിയുള്ള ഡിസൈന്‍, മോഡേണ്‍ ഫീച്ചറുകള്‍, വിവിധ തരം ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ള മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ എന്നിവയാണള സിയറയ്ക്ക് ഇത്രയും ഡിമാന്‍ഡ് ലഭിക്കാന്‍ കാരണമെന്ന് കമ്പനി പറയുന്നു. പുതിയൊരു പ്രീമിയം മിഡ് എസ്യുവി വിഭാഗം സൃഷ്ടിക്കുന്നതില്‍ സിയറയുടെ പങ്ക് സാധൂകരിക്കുന്നതിനൊപ്പം അതിന്റെ സമ്പന്നമായ പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതാണ് വിപണിയില്‍ നിന്നുള്ള പ്രതികരണമെന്ന് ടാറ്റയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവത്സ പറഞ്ഞു.

ഒറിജിനല്‍ മോഡലിനെ ഐക്കണിക് ആക്കിയ ഐഡന്റിറ്റി നിലനിര്‍ത്തിക്കൊണ്ട് ക്യാബിന്‍ സ്‌പെയ്‌സ്, സുഖസൗകര്യങ്ങള്‍, സേഫ്റ്റി, ദൈനംദിന ഉപയോഗക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പുതിയ സിയറ വികസിപ്പിച്ചിരിക്കുന്നതെന്ന് ടാറ്റ പറഞ്ഞു. 2025 നവംബര്‍ 25-ന് 11.49 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് സിയറ പുറത്തിറക്കിയത്. എസ്‌യുവിയുടെ ടോപ് സ്‌പെക് വേരിയന്റിന്റെ വില 21.29 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണ് ഇത്.
മുന്‍ഗാമിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബോക്‌സി ഡിസൈനില്‍ ആധുനിക ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് സിയറ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒറിജിനല്‍ സിയറയിലെ ആല്‍പൈന്‍ വിന്‍ഡോസ് എന്ന് വിളിക്കുന്ന വലിയ റാപ്പറൗണ്ട് റിയര്‍ ഗ്ലാസ് പാനല്‍ ആധുനിക രീതിയില്‍ പുതിയ മോഡലില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ആഡംബരപൂര്‍ണമായ ഇന്റീരിയറാണ് ടാറ്റ സിയറയില്‍ ഒരുക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, പ്രത്യേക പാസഞ്ചര്‍ സ്‌ക്രീന്‍ എന്നിവയുള്ള ട്രൈ-സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ് ലേഔട്ടാണ് സിയറയുടെ ഹൈലൈറ്റുകളിൽ ഒന്ന്.

4 സ്പോക്ക് സ്റ്റിയറിംഗ് വീല്‍, 12 സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സിസ്റ്റം, സെഗ്മെന്റ് ഫസ്റ്റ് സോണിക്ഷാഫ്റ്റ് സൗണ്ട്ബാര്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വലിയ പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ് ഡോക്ക്, റിയര്‍ സണ്‍ഷെയ്ഡുകള്‍, വെന്റിലേറ്റഡ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. കൂടുതല്‍ സുഖസൗകര്യങ്ങള്‍ക്കായി സിയറയുടെ അകത്തളത്തില്‍ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും പ്രീമിയം അനുഭവം നല്‍കുന്ന ഫ്‌ലോട്ടിംഗ് ആംറെസ്റ്റും സജ്ജീകരിച്ചിരിക്കുന്നു.
ലെവല്‍ 2 ADAS, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ, ഡ്യുവല്‍ ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്ററിംഗ്, മറ്റ് സവിശേഷതകള്‍ക്കൊപ്പം 21 ഫംഗ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) എന്നിവ സിയറക്ക് സുരക്ഷയൊരുക്കുന്നു. കൂടാതെ, ആറ് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് ആങ്കര്‍ പ്രെറ്റെന്‍ഷനറുകള്‍, ISOFIX ചൈല്‍ഡ് സേഫ്റ്റി ടെതറുകള്‍, എല്ലാ യാത്രക്കാര്‍ക്കും 3-പോയിന്റ് ELR സീറ്റ് ബെല്‍റ്റുകള്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

1.5 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ TGDi ഹൈപ്പീരിയന്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് സിയറയില്‍ ഉള്ളത്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.
ഇതിനോടകം തന്നെ കിടമത്സരം നടക്കുന്ന മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലേട്ടുള്ള ടാറ്റയുടെ വമ്പന്‍ തിരിച്ചുവരവാണ് സിയറ.
ഉപഭോക്താക്കളില്‍ താല്‍പ്പര്യം ജനിപ്പിക്കുന്ന കാര്യത്തില്‍ തുടക്കത്തിലേ തന്നെ സിയറ വിജയിച്ചു. എന്നിരുന്നാലും നിലവിലെ ഓര്‍ഡറുകള്‍ പരിഗണിക്കുമ്പോള്‍ ജനപ്രിയ വേരിയന്റുകള്‍ക്ക് 6 മുതല്‍ 10 മാസം വരെ കാത്തിരിപ്പ് കാലയളവ് ലഭിക്കാന്‍ സാധ്യതയുണ്ട്. കാത്തിരിപ്പ് കാലയളവ് 1 വര്‍ഷത്തിലധികം നീളാതെ 1.35 ലക്ഷം 'സോഫ്റ്റ്' ബുക്കിംഗുകളെ വില്‍പ്പനയാക്കി മാറ്റുന്നതിനായി ടാറ്റ ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്.
ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടൊയോട്ട ഹൈറൈഡര്‍, മാരുതി സുസുക്കി വിക്ടോറിസ്, സ്‌കോഡ കുഷാഖ്, ഹോണ്ട എലിവേറ്റ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍ എന്നിവയുമായാണ് സിയറ മത്സരിക്കുന്നത്. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ സിയറയുടെ ഇലക്ട്രിക് പതിപ്പ് കൂടി കൊണ്ടുവന്ന് എസ്‌യുവി വിപണിയുടെ 20-25 ശതമാനം വിഹിതം പിടിച്ചടക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








