ഇജ്ജാതി ടീസര്‍ പടച്ചുവിട്ടാല്‍ ആരും വാങ്ങിപ്പോകും! സിയറയില്‍ ആവശ്യമുള്ളതെല്ലാം ചോദിക്കാതെ തരുമെന്ന് ടാറ്റ
1990 കളില്‍ ഇന്ത്യന്‍ വിപണിയില്‍ വിലസിയ എസ്‌യുവിയാണ് ടാറ്റ സിയറ (Tata Sierra). 3-ഡോര്‍ ഡിസൈനിനും വലിയ റിയര്‍ ഗ്ലാസ് പാനലുകള്‍ക്കും പേരുകേട്ട ഒറിജിനല്‍ സിയറ ടാറ്റ ടെല്‍കോളിന്‍ പിക്കപ്പ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരുന്നു നിര്‍മിച്ചത്. 1991-ല്‍ വിപണിയില്‍ എത്തിയ സിയറ 2003 വരെ ഉത്പാദനത്തില്‍ ഉണ്ടായിരുന്നു. 2020, 2023 ഓട്ടോ എക്സ്പോയില്‍ ടാറ്റ മോട്ടോര്‍സ് സിയറ നെയിംപ്ലേറ്റ് കണ്‍സെപ്റ്റ് രൂപത്തില്‍ പുനരുജ്ജീവിപ്പിച്ചതോടെ എസ്‌യുവിക പ്രേമികള്‍ ആവേശത്തിലായിരുന്നു. ഇപ്പോള്‍ 22 വര്‍ഷത്തിന് ശേഷം ടാറ്റ സിയറ വീണ്ടും വിപണിയിലെത്താന്‍ പോകുകയാണ്. നവംബര്‍ 25-നാണ് ടാറ്റ സിയറയുടെ പുതിയ മോഡല്‍ പുറത്തിറങ്ങുന്നത്.
ഓരോ പുത്തന്‍ ലോഞ്ചിന് മുന്നോടിയായി ഉപഭോക്താക്കളില്‍ ആവേശം ജനിപ്പിക്കുന്ന ടീസര്‍ ചിത്രങ്ങളും വീഡിയോകളും ബ്രാന്‍ഡുകള്‍ പുറത്തുവിടാറുണ്ട്. ടാറ്റ മോട്ടോര്‍സും ഈ പതിവ് തെറ്റിക്കുന്നില്ല. ഇതിഹാസത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കുന്ന സിയറയുടെ പുതിയ ടീസര്‍ വീഡിയോകള്‍ ടാറ്റ മോട്ടോര്‍സ് കാര്‍സ് എന്ന കമ്പനിയുടെ യൂട്യൂബ് ചാനലിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമാണ് ടാറ്റ പങ്കുവെക്കുന്നത്.

ലോഞ്ചിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ കാറിലെ ചില ഫീച്ചറുകള്‍ വെളിപ്പെടുത്തുന്ന പുത്തന്‍ ടീസര്‍ വീഡിയോ ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഈ ടീസര്‍ വീഡിയോയില്‍ ടാറ്റ സിയറയുടെ ഉള്‍ഭാഗം വ്യക്തമായി കാണാം. മാത്രമല്ല ഇന്ന് രാജ്യത്തെ എസ്‌യുവികളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഫീച്ചറായി മാറിയ പനോരമിക് സണ്‍റൂഫിന്റെ സാന്നിധ്യവും സിയറയുടെ പുത്തന്‍ ടീസര്‍ ഉറപ്പിക്കുന്നു. കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും വലിയ പനോരമിക് സണ്‍റൂഫുകളില്‍ ഒന്നായിരിക്കും സിയറക്ക് ലഭിക്കുക.
പനോരമിക് സണ്‍റൂഫിന് പുറമെ പുതിയ സിയറയുടെ മറ്റ് ഇന്റീരിയര്‍ ഫീച്ചറുകളിലേക്കും ടീസര്‍ വെളിച്ചം വീശുന്നുണ്ട്. സിയറയുടെ ഉയര്‍ന്ന വേരിയന്റുകളില്‍ ലഭിക്കാന്‍ സാധ്യതയുള്ള 3-സ്‌ക്രീന്‍ സജ്ജീകരണമാണ് അതില്‍ ഒന്ന്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സെന്‍ട്രല്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോയ്മെന്റ് സിസ്റ്റം, ഫ്രണ്ട് പാസഞ്ചര്‍ സീറ്റിലിരിക്കുന്നയാള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഇന്‍ഫോയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയാണ് 3-സ്‌ക്രീന്‍ സജ്ജീകരണത്തില്‍ ഉള്‍ക്കൊള്ളുന്നത്.

ഡാഷ്‌ബോര്‍ഡിന്റെ മുഴുവന്‍ വീതിയില്‍ വരുന്ന 3-സ്‌ക്രീന്‍ സജ്ജീകരണം ഡ്യുവല്‍ സ്‌ക്രീന്‍ സെറ്റപ്പിനേക്കാള്‍ നല്ല വൃത്തിയായി കാണപ്പെടുന്നു. നിലവില്‍ മഹീന്ദ്ര XEV 9e ഇലക്ട്രിക് എസ്‌യുവിയില്‍ ഈ സവിശേഷതയുണ്ട്. ഏറ്റവും പുതിയ ടീസറില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ മാത്രമേ കാണിക്കുന്നുള്ളൂവെങ്കിലും ഫുള്‍ 3-സ്‌ക്രീന്‍ ലൗട്ട് വരാനിരിക്കുന്ന ടീസറിലോ ലോഞ്ച് ദിനത്തിലോ വെളിപ്പെടുത്തിയേക്കാം. സിയറയുടെ ഉള്‍വശത്തെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍ ഫ്‌ലാറ്റ് ഡാഷ്‌ബോര്‍ഡും റോഡിന്റെ കമാന്‍ഡിംഗ് വ്യൂ ഉറപ്പാക്കുന്ന സീറ്റ് ഹൈറ്റുമാണ്.
മാത്രമല്ല ലോവര്‍ വിന്‍ഡോ ലൈനും മികച്ച കാഴ്ച നല്‍കാന്‍ സഹായിക്കുന്നു. ഇത്തരം സവിശേഷതകള്‍ റോഡിലും ഓഫ്-റോഡിംഗ് സമയത്തും ഉപയോഗപ്രദമാകും. ബ്ലാക്ക് ഇന്‍സേര്‍ട്ടുകളുമായി വരുന്ന ലൈറ്റ് ബീജ് ഇന്റീരിയര്‍ തീമാണ് പുതിയ സിയറയില്‍ ടാറ്റ നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍ ഐആര്‍വിഎം, റൂഫ് മൗണ്ടഡ് ലൈറ്റിംഗ്, രണ്ടാം നിരയിലെ സണ്‍ബ്ലൈന്‍ഡുകള്‍ക്കുള്ള ഹുക്കുകള്‍ എന്നിവയും കാറില്‍ കാണാം.

വെന്റിലേറ്റഡ് സീറ്റുകള്‍, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, ലെതറെറ്റ് സീറ്റ് അപ്‌ഹോള്‍സ്റ്ററി തുടങ്ങിയ സവിശേഷതകളും എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യും. ലെവല്‍-2 ADAS അടക്കം സമഗ്രമായ സേഫ്റ്റി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പുതിയ സിയറ തന്റെ കൂടെപ്പിറപ്പുകളെ പോലെ ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടുമെന്നാണ് പ്രതീക്ഷ.
ഐസി എഞ്ചിന്‍ (പെട്രോള്‍, ഡീസല്‍), ഇലക്ട്രിക് പതിപ്പുകളില്‍ സിയറ ലഭ്യമാകുമെന്ന് ടാറ്റ നേരത്തെ സ്ഥിരീകരിച്ചതാണ്. ആദ്യ ഘട്ടത്തില്‍ ഐസിഇ പതിപ്പാണ് വിപണിയിലെത്തുക. ഇതിന്റെ ബേസ് വേരിയന്റിന് ഏകദേശം 11 ലക്ഷം രൂപയും ടോപ്പ് വേരിയന്റിന് 20 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഐസിഇ പതിപ്പിന് ശേഷം സിയറ ഇവിയും വില്‍പ്പനക്കെത്തും. ഏകദേശം 20 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില. എക്‌സ്-ഷോറൂം വിലകളാണ് ഇവയെല്ലാം.
നവംബര്‍ 25-ന് ഔദ്യോഗിക വില പ്രഖ്യാപനം നടക്കും. സിയറയുടെ ഐസിഇ പതിപ്പുകള്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, മാരുതി സുസുക്കി വിക്ടോറിസ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, ഹോണ്ട എലിവേറ്റ് തുടങ്ങിയ കോംപാക്ട് എസ്‌യുവികളുമായി മത്സരിക്കും. ക്രെറ്റ ഇലക്ട്രിക്, എംജി ZS ഇവി, മഹീന്ദ്ര BE 6 തുടങ്ങിയ ഇലക്ട്രിക് കാറുകള്‍ക്കായിരിക്കും സിയറ ഇവി വെല്ലുവിളിയാകുക.


Click it and Unblock the Notifications








