പേരിന്റെ തിരിച്ചുവരവ് മാത്രമല്ല... അടുത്ത മാസമെത്തുന്ന 'സിയറ'യെ കുറിച്ച് 5 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ടാറ്റ മോട്ടോര്‍സിന്റെ ഐതിഹാസിക എസ്‌യുവിയായ സിയറ വര്‍ഷങ്ങള്‍ക്ക് ശേഷം വിപണിയില്‍ ഗ്രാന്‍ഡ് റീ എന്‍ട്രി നടത്താന്‍ ഒരുങ്ങുകയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഇന്ത്യന്‍ വാഹനപ്രേമികളുടെ മനസില്‍ ഇടം കണ്ടെത്തിയ സിയറ പുതിയ രൂപത്തിലും ഭാവത്തിലും അടുത്ത മാസം വിപണിയിലെത്താന്‍ പോകുകയാണ്. ഈ മടങ്ങിവരവ് ഏറെ ആകാംക്ഷയോടെയാണ് വാഹന ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ അടക്കം പ്രദര്‍ശിപ്പിച്ച വാഹനം നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണില്‍ പതിഞ്ഞിരുന്നു. എസ്‌യുവി വിഭാഗത്തില്‍ വിപണി വിഹിതം ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന ടാറ്റക്ക് സിയറയുടെ ലോഞ്ച് വളരെ പ്രധാനമാണ്.
പുതിയ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന ഈ എസ്‌യുവിക്ക് ആധുനിക രൂപകല്‍പ്പനയും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകളും ഉണ്ടാകും. അതായത് പുതിയ സിയറ പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്ക് പുറമെ ഇലക്ട്രിക് കുപ്പായമണിഞ്ഞും വില്‍പ്പനക്കെത്തുമെന്ന് സാരം. ഇന്ത്യന്‍ വാഹന പ്രേമികള്‍ക്കിടയില്‍ ഇതിനോടകം വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച സിയറയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങള്‍ ചുവടെ വായിക്കാം.

1. എക്‌സ്റ്റീരിയര്‍ ഡിസൈനും സ്‌റ്റൈലിംഗും
പാരമ്പര്യവും ആധുനികതയും സമര്‍ത്ഥമായി സമന്വയിപ്പിച്ചായിരിക്കുാ 2025 സിയറ അരങ്ങേറ്റം കുറിക്കുക. ഒറിജിനല്‍ സിയറയുടെ പ്രധാന സവിശേഷതകളായ കര്‍വ്ഡ് റിയര്‍ ഗ്ലാസ് പാനലുകള്‍, സ്‌ക്വയേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, ഹൈസെറ്റ് ബോണറ്റ് എന്നിവ പുതിയ മോഡലിലും നിലനിര്‍ത്തുന്നതായി കാണാം. ടാറ്റയുടെ ഏറ്റവും പുതിയ എസ്യുവി നിരയില്‍ നിന്നുള്ള ഡിസൈന്‍ ഘടകങ്ങളും ഇതില്‍ കടംകൊള്ളും.
സ്പ്ലിറ്റ്-ഹെഡ്ലാംപ് സജ്ജീകരണവും സ്ലിം ഡോടൈം റണ്ണിംഗ് ലൈറ്റുകളും (ഡിആര്‍എല്‍) പുതിയ ടാറ്റ മോഡലുകളുമായി സാമ്യത പുലര്‍ത്തുന്നതാണ്. എസ്‌യുവിക്ക് ഷാര്‍പ്പ് റൂഫ് ലൈന്‍, ഷോര്‍ട്ട് ഓവര്‍ഹാങ്ങുകള്‍, കരുത്തുറ്റ രൂപം എന്നിവ ഒരു മികച്ച കാഴ്ചാനുഭവം നല്‍കുന്നു. പഴയ സിയറ 15 ഇഞ്ച് വീലുകളിലാണ് എത്തിയിരുന്നതെങ്കില്‍ 2025 മോഡലിന് 19 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കും.
2. ഇന്റീരിയര്‍
പുതിയ സിയറയുടെ ക്യാബിന്‍ ടാറ്റയുടെ ഏറ്റവും പുതിയ ഇവി നിരയുമായി സാമ്യമുള്ള ഹൈടെക് ഇന്റീരിയറാണ് വെളിപ്പെടുത്തുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സെന്‍ട്രല്‍ ടച്ച്സ്‌ക്രീന്‍, പാസഞ്ചര്‍-സൈഡ് ഡിസ്പ്ലേ എന്നിവ ഉള്‍പ്പെടുന്ന ത്രി-സ്‌ക്രീന്‍ ലേഔട്ട് ഇതില്‍ പ്രതീക്ഷിക്കുന്നു. ഇവ ഓരോന്നിനും ഏകദേശം 12.3 ഇഞ്ച് വലിപ്പമുണ്ടാകും.
ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡ് ഡിസൈന്‍ മനോഹരമാണ്. ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയോടുകൂടിയ ഹരിയര്‍ ഇവിയിലേതിന് സമാനമായ ഫോര്‍-സ്പോക്ക് സ്റ്റിയറിംഗ് വീലും ഇതിലുണ്ട്. ആംബിയന്റ് ലൈറ്റിംഗ്, ഹര്‍മാന്‍ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ് എന്നീ പ്രീമിയം ഫീച്ചറുകളും ഉള്‍ക്കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മറ്റ് ടാറ്റ കാറുകളെ പോലെ ടാറ്റ സിയറയും സേഫ്റ്റിയുടെ കാര്യത്തില്‍ പുലിയായിരിക്കും. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി), 360-ഡിഗ്രി ക്യാമറകള്‍, ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാനായി സിയറയുടെ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പറഞ്ഞ ഫീച്ചറുകളും സൗകര്യങ്ങളും സെഗ്‌മെന്റില്‍ ഏറ്റവും സുരക്ഷിതവും ടെക്‌നിക്കലി അഡ്വാന്‍സ്ഡുമായ ഒരു എസ്‌യുവിയാക്കി ടാറ്റ സിയറയെ മാറ്റും.
3. എഞ്ചിന്‍, പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍
ഇലക്ട്രിക്, പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെ വിവിധ തരം പവര്‍ട്രെയിന്‍ ഓപ്ഷനുകളോടെയാണ് പുതിയ ടാറ്റ സിയറ എത്തുന്നത്. ടാറ്റ 1.5 ലിറ്റര്‍ ഐസിഇ എഞ്ചിനുകളായ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, ഡയറക്ട് ഇന്‍ജക്ഷന്‍ ടര്‍ബോ പെട്രോള്‍ (ടിജിഡിഐ), ടര്‍ബോ ഡീസല്‍ എന്നിവ സിയറയില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ടര്‍ബോ-പെട്രോള്‍ ടിജിഡിഐ എഞ്ചിന്‍ ഭാവിയില്‍ ഹാരിയര്‍, സഫാരി മോഡലുകളിലും എത്താന്‍ സാധ്യതയുണ്ട്. സ്റ്റെല്ലാന്റിസ് ഈ എഞ്ചിന്‍ ജീപ്പ് കോമ്പസിലും മെറിഡിയനിലും ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കമ്പനിയുടെ 2024 നവംബറിലെ നിക്ഷേപക സംഗമത്തില്‍ വെളിപ്പെടുത്തിയത് പോലെ, ഐസിഇ പതിപ്പുകള്‍ക്ക് മുന്‍പ് സിയറ ഇവി അരങ്ങേറ്റം കുറിക്കുമെന്നും ടാറ്റ സ്ഥിരീകരിച്ചിട്ടുണ്ട്.
4. എതിരാളികള്‍
ഏകദേശം 4.3 മീറ്റര്‍ നീളമുള്ള സിയറ ടാറ്റ കര്‍വിനോട് ചേര്‍ന്നാണ് സ്ഥാനം പിടിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ് എന്നിവയുമായി ഇത് മത്സരിക്കും. കൂടാതെ, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, സിട്രണ്‍ എയര്‍ക്രോസ്, എംജി ആസ്റ്റര്‍, മാരുതി വിക്‌ടോറിസ് എന്നിവയും ഇതിന്റെ എതിരാളികളാണ്.
5. പ്രതീക്ഷിക്കുന്ന വിലയും സ്ഥാനവും
പുതിയ ടാറ്റ സിയറയ്ക്ക് 12 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഇത് ടാറ്റയുടെ തന്നെ കര്‍വിനും (9.66 ലക്ഷം - 18.85 ലക്ഷം രൂപ) ഹരിയറിനും (14 ലക്ഷം - 25.25 ലക്ഷം രൂപ) ഇടയില്‍ സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയം ഫീച്ചറുകളോടുകൂടിയ ഒരു എസ്‌യുവി ആഗ്രഹിക്കുന്നവര്‍ക്ക് ഹരിയര്‍-സഫാരി ശ്രേണിയിലേക്ക് പോകാതെ തന്നെ സിയറ തിരഞ്ഞെടുക്കാം.
2025 ടാറ്റ സിയറയിലൂടെ ഒരു നെയിംപ്ലേറ്റ് തിരിച്ച് കൊണ്ടുവരാനല്ല, മറിച്ച ഒരു ഇന്ത്യന്‍ ഓട്ടോമോട്ടീവ് ഐക്കണിനെ പുനഃസൃഷ്ടിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. ബോള്‍ഡ് ഡിസൈന്‍, ഫ്യൂച്ചറിസ്റ്റിക് ഇന്റീരിയര്‍ എന്നിവക്കൊപ്പം മള്‍ട്ടിപ്പിള്‍ പവര്‍രെടയിന്‍ ഓപ്ഷനുകള്‍ എന്നിവയിലൂടെ ടാറ്റ പഴയ പാരമ്പര്യത്തിനൊപ്പം പുത്തന്‍ സാങ്കേതികവിദ്യകളും സമന്വയിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഈ വര്‍ഷത്തെ ടാറ്റയുടെ ഏറ്റവും വലിയ ലോഞ്ച് ആയ സിയറ എസ്‌യുവി വിഭാഗത്തില്‍ തങ്ങളുടെ വിപണി വിഹിതം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








