ക്യൂ നില്‍ക്കാതെ ടാറ്റ സിയറ വാങ്ങണോ? ഡീലര്‍ഷിപ്പുകാര്‍ സഹായിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
ടാറ്റ മോട്ടോര്‍സില്‍ നിന്ന് ഈ വർഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാര്‍ ആണ് പുതിയ സിയറ. രാജ്യത്തെ ആദ്യത്തെ സ്‌പോര്‍ട് യൂടിലിറ്റി വാഹനമെന്ന വിശേഷണമുള്ള സിയറ പുത്തന്‍ രൂപത്തിലും ഭാവത്തിലും പുനര്‍ജനിക്കുമ്പോള്‍ കമ്പനിക്ക് മാത്രമല്ല വാഹനപ്രേമികള്‍ക്കും പ്രതീക്ഷകള്‍ വാനോളമാണ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, വിക്‌ടോറിസ്, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ് തുടങ്ങിയ പ്രമുഖ മോഡലുകള്‍ക്ക് ടാറ്റ നല്‍കുന്ന മറുപടിയാണ് സിയറ.നവംബര്‍ 25-നാണ് സിയറയുടെ ഔദ്യോഗിക അരങ്ങേറ്റം. ഇതിനോടകം വാഹനലോകത്ത് വലിയ അലയൊലികള്‍ സൃഷ്ടിച്ച സിയറ ആദ്യം സ്വന്തമാക്കാനായി പിടിവലികള്‍ പ്രതീക്ഷിക്കാം.
ഇപ്പോള്‍ കാര്‍ വേഗം വേണ്ടവര്‍ക്ക് വരിനില്‍ക്കാതെ വാങ്ങാനായി നേരത്തെ റിസര്‍വ് ചെയ്യാന്‍ അവസരം ഒത്തുവന്നിരിക്കുകയാണ്. ടാറ്റ സിയറയുടെ ഔദ്യോഗിക ലോഞ്ചിന് മുമ്പായി രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗിക ബുക്കിംഗുകള്‍ സ്വീകരിച്ചുതുടങ്ങി. തൊണ്ണൂറുകളിലും 2000-ന്റെ തുടക്കത്തിലും ഒരു ഐക്കണായിരുന്ന സിയറ ആധുനിക മുഖച്ഛായയുമായാണ് തിരിച്ചെത്തുന്നത്. അടുത്തായി പുറത്തിറങ്ങിയ ഒരു ടെലിവിഷന്‍ പരസ്യം സിയറയുടെ ഇലക്ട്രിക് പതിപ്പിന്റെ സൂചന നല്‍കിയിരുന്നു.

ഐസി എഞ്ചിന്‍ പതിപ്പുകള്‍ പുറത്തിറക്കി അധികം താമസിക്കാതെ വൈദ്യുതീകരിച്ച പതിപ്പ് ടാറ്റ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. അടുത്തിടെ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഐസിസി വനിത ഏകദിന ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ടീം അംഗങ്ങളായിരിക്കും സിയറയുടെ ആദ്യ ഉടമകള്‍. ടീസറുകളും പരസ്യങ്ങളുമായി ഇതിനോടകം വലിയ ഓളങ്ങള്‍ സൃഷ്ടിച്ച സിയറ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ എസ്‌യുവിയെ കുറച്ച് കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.
സ്വന്തമായി ഒരു ഐഡന്റിറ്റിയുള്ള സിയറയുടെ പാരമ്പര്യം പുതിയ മോഡലിലും നിലനിര്‍ത്താന്‍ ടാറ്റ ശ്രമിച്ചിട്ടുണ്ട്. ജെന്‍ സീ കിഡ്‌സിന് പോലും ഒറ്റനോട്ടത്തില്‍ സിയറ സെഗ്‌മെന്റിലെ പുതുമുഖമല്ലെന്ന് മനസിലാക്കാന്‍ സാധിക്കും. ആദ്യകാല സിയറയുടെ അതേ ബോക്‌സി ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ട് കണക്റ്റഡ് എല്‍ഇഡി ഡേലൈറ്റ് സ്ട്രിപ്പ്, ലോവര്‍ മൗണ്ടഡ് ക്വാഡ്-എലമെന്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ബമ്പറിന്റെ അരികുകളിലായി സ്ഥാപിച്ചിട്ടുള്ള വെര്‍ട്ടിക്കല്‍ ഫോഗ് ലാമ്പുകള്‍, ടെക്സ്ചര്‍ ചെയ്ത ഗ്രില്‍ എന്നിവയടങ്ങുന്ന ഫ്രണ്ട് ഫാസിയയാണ് സിയറക്ക് ലഭിക്കുന്നത്.

ഐക്കണിക് ആല്‍പൈന്‍ വിന്‍ഡോകളുടെ സിലൗട്ട് അതേപടി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും പഴയ മോഡലിലെ ഒറ്റ ഗ്ലാസ് പാനലിന് പകരം പുതിയ രൂപഘടന നല്‍കിയിട്ടുണ്ട്. ടീസറുകളില്‍ നിന്നും ടിവി പരസ്യങ്ങളില്‍ നിന്നും സിയറ മഞ്ഞ, ചുവപ്പ് കളര്‍ ഓപ്ഷനുകളില്‍ വരുമെന്ന് ഉറപ്പായിട്ടുണ്ട്. ഇവയല്ലാതെ കൂടുതല്‍ കളര്‍ ഓപ്ഷനുകളും പ്രതീക്ഷിക്കാം. ബോള്‍ഡ് ജ്യോമെട്രി ഉപയോഗിച്ച് ഓള്‍ഡ് സ്‌കൂള്‍ എസ്‌യുവി ഘടകങ്ങള്‍ ഈ ഡിസൈനില്‍ സമര്‍ത്ഥമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോക്‌സി ഘടന കാരണം ക്യാബിനില്‍ മതിയായ ഇടം പ്രതീക്ഷിക്കാം.
അകത്തെ ബ്ലാക്ക്/ബീജ്/വൈറ്റ് തീം മികച്ച പ്രീമിയം അനുഭവം നല്‍കുന്നു. വാഹനത്തിന്റെ അകത്തളത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ട്രിപ്പിള്‍-സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡ്. ഡ്രൈവര്‍ക്കായി 10.25 ഇഞ്ച് യൂണിറ്റും ഇന്‍ഫോടെയ്ന്‍മെന്റിനും ഫ്രണ്ട് സീറ്റിലെ പാസഞ്ചര്‍ക്കുമായി രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകളുമുണ്ട്. പനോരമിക് സണ്‍റൂഫ് ആധുനികത വര്‍ധിപ്പിക്കുന്നു. മുന്നിലും പിന്നിലുമുള്ള യാത്രക്കാര്‍ക്ക് സെന്റര്‍ ആംറെസ്റ്റുകള്‍ ലഭിക്കും. 4 സ്‌പോക്ക് സ്റ്റിയറിംഗ് വീലും ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലും ടാറ്റയുടെ മറ്റ് കാറുകളില്‍ നിന്ന് കടമെടുത്തതാണ്.

സൗകര്യങ്ങളുടെ കാര്യത്തില്‍ ടാറ്റ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. ഡ്യുവല്‍ സോണ്‍ ഓട്ടോ എസി, ഒന്നിലധികം ഡ്രൈവ് മോഡുകള്‍, 360-ഡിഗ്രി ക്യാമറ, ലെവല്‍ 2 ADAS എന്നിവ സിയറയില്‍ ഉണ്ടാകുമെന്ന് ടീസറുകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. പ്രീമിയം ജെബിഎല്‍ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ് എന്നിവയും പ്രതീക്ഷിക്കുന്നു.
സുരക്ഷയ്ക്കായി ഒന്നിലധികം എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), മുന്നിലും പിന്നിലുമുള്ള പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സിയറയില്‍ ഉള്‍പ്പെടും. മാത്രമല്ല ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ADAS സ്യൂട്ടും ലഭിച്ചേക്കാം. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ടാറ്റയുടെ പുതിയ 1.5 ലിറ്റര്‍ TGDI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ സിയറയിലൂടെ അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണ്. ഡിസംബര്‍ ഒമ്പതിന് ഈ എഞ്ചിന്‍ ഘടിപ്പിച്ചെത്തുന്ന ഹാരിയറും സഫാരിയും പുറത്തിറങ്ങും.
കര്‍വിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും രണ്ടാമത്തെ ഓപ്ഷന്‍. 6 സ്പീഡ് മാനുവലിനൊപ്പം 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനും (ഡിസിടി) ഓഫറിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ മത്സരിക്കുന്ന പുതിയ ടാറ്റ സിയറയുടെ വിലനിര്‍ണയത്തില്‍ ടാറ്റ മത്സരാധിഷ്ഠിതമായ സമീപനം സ്വീകരിക്കാന്‍ സാധ്യതയുണ്ട്. 11 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഇവയെല്ലാം ഔദ്യോഗികമായി അറിയാന്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതി.


Click it and Unblock the Notifications








