ഇത്രയും കുറഞ്ഞ വിലയില്‍ കിട്ടുമെന്നോ! സിയറയുടെ വില എതിരാളികളുടേതുമായി താരതമ്യം ചെയ്താലോ?
22 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ടാറ്റ സിയറ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. ലാലേട്ടന്റെ സിനിമാ ഡയലോഗ് കടമെടുത്താല്‍ ചില പുതിയ കളികള്‍ കാണാനും ചിലത് കാണിച്ച് പഠിപ്പിക്കാനുമായാണ് ഈ വരവ്. 1990-2000 കാലയളവുകളില്‍ ഇന്ത്യന്‍ നിരത്തുകള്‍ അടക്കി ഭരിച്ച സ്‌പോര്‍ട് യൂടിലിറ്റി വാഹനമായ സിയറ പുതിയ രൂപത്തിലും ഭാവത്തിലുമാണ് തിരിച്ചെത്തുന്നത്. എസ്‌യുവികള്‍ക്ക് വലിയ ഡിമാന്‍ഡുള്ള ഇന്ത്യന്‍ വിപണിയില്‍ പുതിയ സിയറക്ക് മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. എസ്‌യുവി വിഭാഗത്തില്‍ കടുത്ത മത്സരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ടാറ്റ സിയറയുടെയും അതിന്റെ എതിരാളികളുടെയും വിലകള്‍ തമ്മില്‍ നമുക്ക് താരതമ്യം ചെയ്ത് നോക്കാം.
ന്യൂ ജെന്‍ സിയറ 11.49 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ടാറ്റ സിയറ ഇന്ത്യന്‍ വിപണിയില്‍ പ്രധാനമായും ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലിവേറ്റ് എന്നിവയുമായിട്ടാണ് മത്സരിക്കുന്നത്. ഈ വാഹനങ്ങളുടെയെല്ലാം വിലകള്‍ ടാറ്റ സിയറയുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സമാനമായ നിലയിലാണ്.

ഇക്കൂട്ടത്തില്‍ സെഗ്‌മെന്റ് ഭരിക്കുന്നത് ഹ്യുണ്ടായി ക്രെറ്റയാണ്. ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ എസ്‌യുവികളില്‍ ഒന്നായ ക്രെറ്റ ടോപ് 10 കാറുകളുടെ പട്ടികയിലെ സ്ഥിരം സാന്നിധ്യമാണ്. 10.73 ലക്ഷം രൂപ മുതല്‍ 20.20 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. 70 വേരിയന്റുകളില്‍ ലഭ്യമായ ഈ മോഡലില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ഉണ്ട്.
ഈ വിഭാഗത്തില്‍ മികച്ച വില്‍പ്പന നേടുന്ന മറ്റൊരു മോഡലാണ് കിയ സെല്‍റ്റോസ്. ഒരുകാലത്ത് ക്രെറ്റ കഴിഞ്ഞാല്‍ സെല്‍റ്റോസ് ആയിരുന്നെങ്കിലും പുതിയ എതിരാളികള്‍ വന്നതോടെ അല്‍പ്പം പിന്നിലായിട്ടുണ്ട്. നിലവില്‍ 10.79 ലക്ഷം രൂപ മുതല്‍ 19.81 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. 24 വേരിയന്റുകളില്‍ ലഭ്യമായ സെല്‍റ്റോസില്‍ കിയ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളും ഒരുക്കിയിട്ടുണ്ട്.

മാരുതി ഗ്രാന്‍ഡ് വിറ്റാര ഈ വിഭാഗത്തിലെ മറ്റൊരു പ്രധാന മോഡലാണ്. 10.77 ലക്ഷം രൂപ മുതല്‍ 19.72 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. 35 വേരിയന്റുകളില്‍ ലഭ്യമായ ഗ്രാന്‍ഡ് വിറ്റാര പെട്രോള്‍, സിഎന്‍ജി, പെട്രോള്‍ ഹൈബ്രിഡ് ഓപ്ഷനുകളില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളോടെ ലഭ്യമാണ്. ഗ്രാന്‍ഡ് വിറ്റാരയുടെ ടൊയോട്ട കസിന്‍ മോഡല്‍ ആയ ഹൈറൈഡറും ഇതേ ഓപ്ഷനുകളില്‍ ലഭ്യമാണ്.
ഇപ്പോള്‍ 10.95 ലക്ഷം മുതല്‍ 19.76 ലക്ഷം രൂപ വരെയാണ് ഹൈറൈഡറിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. ജാപ്പനീസ് ബ്രാന്‍ഡ് ആയ ഹോണ്ട ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന ഏക എസ്‌യുവിയാണ് എലിവേറ്റ്. ഇതിന്റെ വില 11.10 ലക്ഷം രൂപ മുതല്‍ 16.67 ലക്ഷം രൂപ വരെയാണ്. 22 വേരിയന്റുകളില്‍ ലഭ്യമായ ഈ എസ്‌യുവി പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വരുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ലഭ്യമാണ്.

എലിവേറ്റിന്റെ ഹൈബ്രിഡ് പതിപ്പ് സമീപഭാവിയില്‍ പുറത്തിറക്കാന്‍ ഹോണ്ടക്ക് പദ്ധതികള്‍ ഉണ്ട്. ടാറ്റ സിയറയുടെ പ്രാരംഭ വില മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. മറ്റ് വേരിയന്റുകളുടെ വില ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്കള ഡിസംബര്‍ 16 മുതല്‍ ബുക്കിംഗ് ചെയ്യാം. 2026 ജനുവരി 15 മുതലാണ് കസ്റ്റമര്‍ ഡെലിവറി തുടങ്ങുന്നത്. കമ്പനിക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രതീക്ഷയുള്ള സിയറ എസ്‌യുവി വിപണിയില്‍ ടാറ്റയുടെ സ്ഥാനം മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








