26.49 Km മൈലേജുള്ള കാറിന് വില കൂട്ടി ടാറ്റ! വിഷമിക്കേണ്ട, ഇപ്പോഴും 6 ലക്ഷത്തിന് കിട്ടും
ടാറ്റ മോട്ടോര്‍സ് (Tata Motors) വ്യത്യസ്ത സെഗ്മന്റുകളിലായി വൈവിധ്യമാര്‍ന്ന പാസഞ്ചര്‍ വാഹനങ്ങള്‍ വില്‍ക്കുന്നുണ്ട്. അടുത്തിടെ ടാറ്റ ടിയാഗോ ഹാച്ച്ബാക്ക്, കര്‍വ് എസ്‌യുവി കൂപ്പെ എന്നിവയുടെ വില വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ കമ്പനി ടിഗോള്‍ സബ് കോംപാക്റ്റ് സെഡാനിന്റെ വിലയും കൂട്ടിയിരിക്കുകയാണ്. പുതുക്കിയ വില ഇതിനകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. മുകളില്‍ സൂചിപ്പിച്ച ടാറ്റ ടിഗോറിന്റെ (Tata Tigor Price Hike) തിരഞ്ഞെടുത്ത വേരിയന്റുകളിലാണ് വില വര്‍ധനവ് നടപ്പാക്കിയിരിക്കുന്നത്. ടാറ്റ ടിഗോര്‍ സെഡാനിന്റെ പുതിയ വിലകള്‍ നമുക്ക് ഈ ലേഖനത്തില്‍ വിശദമായി പരിശോധിക്കാം.
ടിയാഗോ അടിസ്ഥാനമാക്കിയുള്ള സബ്-കോംപാക്റ്റ് സെഡാനായ ടാറ്റ ടിഗോറിന്റെ ഏറ്റവും പുതിയ പരിഷ്‌കരണത്തിന് ശേഷം 10,000 രൂപ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത് . XM, XZ+ ലക്‌സ് പതിപ്പുകളുടെ വിലയില്‍ മാറ്റമില്ല. അതേസമയം മറ്റെല്ലാ വേരിയന്റുകളും വാങ്ങാന്‍ ഇനിമുതല്‍ 10,000 രൂപ അധികം കൈയ്യില്‍ കരുതണം. ഈ പുതിയ വില പരിഷ്‌കരണത്തോടെ ടിഗോര്‍ സെഡാനിന്റെ വില ഇപ്പോള്‍ 6 ലക്ഷം രൂപ മുതല്‍ 9.55 ലക്ഷം രൂപ വരെയായി. എക്‌സ്-ഷോറൂം വിലകളാണിത്.

ചെറിയ കോസ്‌മെറ്റിക് അപ്ഡേറ്റുകളും പുതുക്കിയ ഫീച്ചര്‍ പട്ടികയും ഉള്‍പ്പെടുത്തി ഈ വര്‍ഷം ജനുവരിയിലാണ് ടാറ്റ 2025 ടിഗോര്‍ പുറത്തിറക്കിയത്. ടിഗോറിന്റെ രണ്ടാമത്തെ ഫെയ്സ്ലിഫ്റ്റിന്റെ ഭാഗമായി ടാറ്റ സെഡാന്‍ സൂക്ഷ്മമായി പുനര്‍രൂപകല്‍പ്പന ചെയ്തു. മുന്‍വശത്ത് ടിഗോര്‍ ഐസിഇ പതിപ്പിന് കര്‍വിന് സമാനമായ വെര്‍ട്ടിക്കല്‍ ക്രോം സ്ലാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്ലോസ് ബ്ലാക്ക് ഗ്രില്‍ ലഭിക്കുന്നു. പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍ ഉപയോഗിച്ച് ടാറ്റ മാറ്റിസ്ഥാപിച്ചു.
അതേസമയം എല്‍ഇഡി ഡിആര്‍എല്ലുകള്‍ ബമ്പറില്‍ ഫോഗ് ലാമ്പുകള്‍ക്ക് അടുത്തായി തുടരുന്നു. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, 360 ഡിഗ്രി ക്യാമറ എന്നീ പുതിയ ഫീച്ചറുകളാണ് 2025 ടാറ്റ ടിഗോർ, ടിഗോർ സിഎൻജി കാറുകളിൽ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

ഈ ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് പുറമേ 2025 ടിഗോറില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ വൈപ്പറുകള്‍, ഓട്ടോ ഹെഡ്ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലുമിനേറ്റഡ് സ്റ്റിയറിംഗ് വീല്‍ എന്നിവയടക്കം നിരവധി ഫീച്ചറുകള്‍ ലഭിക്കുന്നു. ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, എല്ലാ സീറ്റുകള്‍ക്കും റിമൈന്‍ഡറുകളുള്ള 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നിവ സുരക്ഷ സവിശേഷതകളില്‍ ഉപ്പെടുന്നു.
1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റിവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ് ടാറ്റ ടിഗോറിന് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന്‍ 86 PS പവറും 113 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ എഞ്ചിന്‍ സിഎന്‍ജി മോഡില്‍ 73.5 PS പവറും 95 Nm ടോര്‍ക്കുമാണ് നല്‍കുക.

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാന്‍ പറ്റുന്ന രണ്ട് സിഎന്‍ജി കാറുകളില്‍ ഒന്നാണ് ടിഗോര്‍. മറ്റൊന്ന് ഇതിന്റെ കൂടെപ്പിറപ്പായ ടിയാഗോയാണ്. പവര്‍ ഔട്ട്പുട്ട് കുറവാണെങ്കിലും ടിഗോര്‍ സിഎന്‍ജിയുടെ മൈലേജ് കൂടും. പെട്രോള്‍ മോഡലിന് 19 കിലോമീറ്റര്‍ മുതല്‍ 20.09 കിലോമീറ്റര്‍ വരെയാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. അതേസമയം സിഎന്‍ജിയിലേക്ക് വന്നാല്‍ 26.49 കിലോമീറ്റര്‍ വരെ കിട്ടുമെന്നാണ് ടാറ്റ മോട്ടോര്‍സ് പറയുന്നത്.
ടിഗോറിനൊപ്പം ടിയാഗോയുടെ തിരഞ്ഞെടുത്ത വേരിയന്റുകള്‍ക്ക് ടാറ്റ 10,000 വരെ വില വര്‍ധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വില പരിഷ്‌കരണത്തോടെ ടാറ്റ ടിയാഗോയുടെ XM പെട്രോള്‍, XZ പെട്രോള്‍, XZ+ പെട്രോള്‍, XZA പെട്രോള്‍, XM iCNG, XZ iCNG, XZA iCNG വേരിയന്റുകള്‍ക്ക് ഇനി 10,000 രൂപ അധികം മുടക്കണം.
മറുവശത്ത്, ടിയാഗോയുടെ XT പെട്രോള്‍, XTA പെട്രോള്‍, XT iCNG, XTA iCNG എന്നീ വകഭേദങ്ങള്‍ക്ക് ഓരോന്നിനും 5,000 രൂപയാണ് കൂടിയിരിക്കുന്നത്. ഹാച്ച്ബാക്കിന്റെ ബേസ് XE പെട്രോള്‍, XE iCNG വേരിയന്റുകളുടെ വിലയില്‍ മാറ്റമില്ല. ഇതോടെ ടിയാഗോ ഹാച്ച്ബാക്കിന്റെ വില ഇപ്പോള്‍ 5 ലക്ഷം മുതല്‍ 8.55 ലക്ഷം രൂപ വരെയാണ്. എക്‌സ്-ഷോറൂം വിലകളാണ് ഇത്.


Click it and Unblock the Notifications