ടാറ്റയുടെ ഇരട്ട പുത്രൻമാർ; ഹാരിയർ ഇവിയോ ഡീസലോ നിങ്ങൾക്ക് പ്രിയം
എതിരാളികളുടെ ചങ്കിൽ ആണിയടിക്കുന്നത് പോലെയായിരുന്നു ടാറ്റ തങ്ങളുടെ മസിൽ ബോയ് ആയ ഹാരിയറിൻ്റെ ഇലക്ട്രിക് വേരിയൻ്റ് അവതരിപ്പിച്ചത്. ഇവി വന്നെങ്കിലും ICE മോഡലുകളോട് ഉളള പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല കേട്ടോ. എന്നാലും ഇവി ആയത് കൊണ്ടും 21 ലക്ഷം രൂപ പ്രാരംഭ വില ആയത് കൊണ്ടും ഇച്ചിരി ഇഷ്ടം കൂടുതൽ ഇവിയിലേക്ക പോകാനുളള സാധ്യത തള്ളിക്കളയാനാവില്ല എന്നതും വാസ്തവമാണ്. ഡീസലിനോടാണോ ഇവിയോടാണോ ഇഷ്ടക്കൂടുതലെന്ന് വിഷയം അവിടെ നിൽക്കട്ടെ. ഇത് തമ്മിലൊരു താരതമ്യം ആയാലോ. ആദ്യം ഇവിയുടെ കുറച്ച് വിശദാംശങ്ങളിലേക്ക് കടക്കാം.
അഡ്വഞ്ചർ, ഫിയർലെസ്, എംപവേർഡ് എന്നീ മൂന്ന് ട്രിം ലെവലുകളിൽ ലഭ്യമായ ടാറ്റ ഹാരിയർ ഇവി നൈനിറ്റാൾ നോക്റ്റേണൽ, എംപവേർഡ് ഓക്സൈഡ്, പ്യുവർ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ് എന്നിവയുൾപ്പെടെ നാല് കളർ ഓപ്ഷനുകളിലും ലഭ്യമാവും. ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് ജൂലൈ രണ്ടിന് ആരംഭിക്കും. മഹീന്ദ്ര XEV 9e പോലുള്ള മോഡലുകളുമായിട്ടാവും ഹാരിയർ ഇവിയുടെ മത്സരം. ഒപ്പം എംജിയുടെ വിൻഡ്‌സർ ഇവി പ്രോ പോലുള്ള ടോപ്പ് സെല്ലിംഗ് മോഡലുകൾക്കും ഹാരിയർ ഇലക്ട്രിക്കിന്റെ വരവ് ഭീഷണിയാണ്.

ഡിസൈനിന്റെ കാര്യത്തിൽ ടാറ്റ ഹാരിയർ ഡീസലിന്റെ അതേ രൂപമാണ് ഇവിയും സ്വീകരിച്ചിരിക്കുന്നത്. പക്ഷേ ഹൃദയം കറണ്ടിലാണ് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാരെ കാണിക്കാനുള്ള അൽപ്പം വ്യത്യാസങ്ങളൊക്കെ വാഹനത്തിൽ വരുത്തിയിട്ടുണ്ട് ടാറ്റ. മുൻവശത്ത് എയറോഡൈനാമിക്സ് കാര്യക്ഷമതക്കായി ക്ലോസ്-ഓഫ് ഗ്രില്ലാണ് ഹാരിയർ ഇവിയിൽ കൊടുത്തിരിക്കുന്നത്. ഇതിന് താഴെയായി ബാറ്ററി പായ്ക്ക്, മോട്ടോറുകൾ തുടങ്ങിയ ആന്തരിക ഘടകങ്ങളെ തണുപ്പിക്കുന്നതിനായി ഫ്രണ്ട് ബമ്പറിൽ വെർട്ടിക്കൽ സാറ്റിൻ സിൽവർ സ്ലാറ്റുകൾ ഉപയോഗിച്ചതും കാണാം.
6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനുമായി ജോടിയാക്കിയ അതേ 2.0 ലിറ്റർ ക്രിയോടെക് ഡീസൽ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. ബിഎസ്-VI 2 നിലവാരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന എഞ്ചിന് 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഫീച്ചറുകളുടെ വലിയ നിരയാണ് സെഗ്മെന്റിൽ മോഡലിനെ വേറിട്ടുനിർത്തുന്നത്.
വലിയ 12.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാവിഗേഷൻ സപ്പോട്ട് ചെയ്യുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ഫോർ-സ്‌പോക്ക് മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ടച്ച് അധിഷ്‌ഠിത HVAC കൺട്രോളുകൾ, വയർലെസ് ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ജെബിഎൽ 10 സ്പീക്കർ സിസ്റ്റം എന്നിവയെല്ലാമാണ് ഹാരിയറിന്റെ ഇന്റീരിയർ അടിപൊളിയാക്കുന്നത്.
കഴിഞ്ഞില്ല, ഇതുകൂടാതെ എയർ പ്യൂരിഫയർ, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്റർ സിസ്റ്റം, 360-ഡിഗ്രി സറൗണ്ട് ക്യാമറ, ADAS സ്യൂട്ട്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, പവർഡ് ടെയിൽ ഗേറ്റ് തുടങ്ങിയ ഫീച്ചറുകളും ടാറ്റ ഹാരിയർ എസ്‌യുവിയുടെ ഭാഗമാണ്. അന്യായ റോഡ് പ്രസൻസ് തരുന്ന സൺലിറ്റ് യെല്ലോ, കോറൽ റെഡ്, പെബിൾ ഗ്രേ, ലൂണാർ വൈറ്റ്, ഒബ്‌റോൺ ബ്ലാക്ക്, സീവീഡ് ഗ്രീൻ, ആഷ് ഗ്രേ എന്നീ കളർ ഓപ്ഷനുകളാണ് ഹാരിയറർ ഡീസലിലുളളത്.
സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ 7 വരെ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എല്ലാ വരികളിലും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഒപ്പം ആങ്കർ പ്രിറ്റെൻഷനർ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, റിട്രാക്ടർ, പ്രെറ്റെൻഷനർ, ലോഡ് ലിമിറ്റർ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളെല്ലാം എസ്‌യുവിയിൽ സ്റ്റാൻഡേർഡായി കൊടുത്തിട്ടുമുണ്ട്. ഹാരിയർ ഇവി ഷോറൂമുകളിൽ എത്തുന്നത് അപ്പോൾ തന്നെ നിങ്ങളെ ഞങ്ങൾ അറിയിക്കുന്നതായിരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications