ടെസ്‌ല ആദ്യം കിട്ടാൻ ഈ നാട്ടിൽ പോകേണ്ടി വരുമോ; പുതിയ പരിഷ്കാരവുമായി ഇവി ഭീമൻ
ഇവി ഭീമനായ ടെസ്‌ല തങ്ങളുടെ കന്നി അങ്കം കുറിച്ചതോടെ ബുക്കിങ്ങുകളും ധാരാളം ലഭിക്കുന്നുണ്ട്. എന്നാൽ ഒരു ഷോറൂം മാത്രമുളളത് കൊണ്ട് തന്നെ വിദേശത്തുളളത് പോലെ ഹോം ഡെലിവറി ഒന്നും സാധ്യമാവില്ലായിരിക്കും. പക്ഷേ ഇന്ത്യയിൽ എവിടെയിരുന്നു ടെസ്‌ല ബുക്ക് ചെയ്യാനുളള സംവിധാനം കമ്പനി ഒരുക്കിയിട്ടുണ്ട്. തുടക്കത്തിൽ മുംബൈ,ഡൽഹി,പൂനെ എന്നിവടങ്ങളിൽ മാത്രമായിരുന്നു എങ്കിൽ ഇപ്പോൾ ഇന്ത്യ മുഴുവൻ തങ്ങളുടെ ബുക്കിങ്ങ് വിപുലീകരിച്ചിരിക്കുകയാണ് ടെസ്‌ല. അതായത് കേരളത്തിൽ ഇരുന്നും നിങ്ങൾക്ക് ടെസ്‌ല ബുക്ക് ചെയ്യാം. എന്നാൽ ആദ്യ മുൻഗണന ചില സ്ഥലങ്ങളിൽ മാത്രമായിരിക്കും എന്നു കമ്പനി അറിയിച്ചിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കിയാലോ.
മുംബൈ,പൂനെ,ഡൽഹി,ഗുരുഗ്രാം എന്നിവടങ്ങളിൽ നിന്ന് ബുക്ക് ചെയ്തവർക്കായിരിക്കും ആദ്യം വാഹനം ലഭിക്കുക. ടെസ്‌ലയുടെ വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ സ്ഥലം തെരഞ്ഞെടുക്കാനുള ഓപ്ഷൻ ലഭ്യമാണ്.കേന്ദ്ര ഭരണ പ്രദേശമുൾപ്പടെ 34 സ്ഥലങ്ങളാണ് വെബ്സൈറ്റിൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ടെസ്‌ലയുടെ ഔദ്യോഗിക ഇന്ത്യൻ വെബ്‌സൈറ്റിൽ കയറി മോഡൽ Y തെരഞ്ഞെടുത്ത് ഇപ്പോൾ ഓർഡർ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളെ മോഡൽ Y ഇവിയുടെ കോൺഫിഗറേറ്റർ പേജിലേക്ക് എത്തിക്കും.

തുടർന്ന് രാജ്യം തെരഞ്ഞെടുക്കാൻ മുകളിൽ വലത് കോണിൽ ക്ലിക്കുചെയ്യുക. ഇന്ത്യക്കായി താഴേക്ക് സ്ക്രോൾ ചെയ്യുകയാണ് ചെയ്യേണ്ടത്. തുടർന്ന് ഇന്ത്യൻ സ്പെക്ക് മോഡൽ Y-യുടെ വില കാണിക്കും. ഇതിൽ ഞാൻ മുകളിൽ സൂചിപ്പിച്ചത് പോലെ ഇന്ത്യയിൽ നിങ്ങളുടെ സ്ഥലം എവിടെയാണോ അത് തെരഞ്ഞെടുക്കുക. കേരളത്തിലാണെങ്കിൽ കേരളം തെഞ്ഞെടുക്കുക.
ബുക്കിംഗ് തുക 22,220 രൂപയാണ് വരുന്നത്. ഈ തുക ക്രെഡിറ്റ് കാർഡ് വഴിയോ UPI വഴിയോ നടത്താം. ഇതിനുശേഷം ടെസ്‌ല ബുക്കിംഗ് സ്വീകരിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും ഉപഭോക്താക്കൾ 3 ലക്ഷം രൂപ നൽകേണ്ടിവരും. പ്രാരംഭ പേയ്‌മെന്റ് നടത്തിയതിന് ശേഷംഒരു ആഴ്ചയ്ക്കുള്ളിൽ ഇത് ചെയ്യാൻ കഴിയും. ഈ രണ്ട് മുൻകൂർ ബുക്കിംഗ് പേയ്‌മെന്റുകളും റീഫണ്ട് ചെയ്യാനാകില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണേ.

റിയർവീൽ ഡ്രൈവ് (RWD), ലോംഗ് റേഞ്ച് RWD വേരിയന്റുകളിൽ ലഭ്യമാകുന്ന ടെസ്‌ല മോഡൽ Y ഇവിക്ക് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. വാഹനത്തിനൊപ്പം ഫുള്ളി ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയൊന്നും ഇന്ത്യയിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. പക്ഷേ ഈയൊരു സൌകര്യം വേണ്ടവർക്ക് 6 ലക്ഷം രൂപ അധികമായി മുടക്കിയാൽ ഓട്ടോണമസ് ഡ്രൈവിംഗ് വാഹനത്തിനൊപ്പം ലഭ്യമാവും.
ഇന്ത്യയിലെ ടെസ്‌ല മോഡൽ Y ഇവിയുടെ റിയർ-വീൽ-ഡ്രൈവ് പതിപ്പ് 60 kWh, 75 kWh ബാറ്ററി പായ്ക്കുകൾക്കുള്ള ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 295 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് RWD വേരിയന്റിന് കരുത്ത് പകരുന്നത്. 60 kWh ബാറ്ററിയുള്ള മോജൽ സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ടെസ്‌ല പറയുന്നത്.

അതേസമയം ടെസ്‌ല മോഡൽ Y ഇലക്ട്രിക് കാറിന്റെ ലോംഗ് റേഞ്ച് മോഡൽ പൂർണ ചാർജിൽ 622 കിലോമീറ്റർ വരെ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതിനാൽ ദീർഘദൂര യാത്രകൾക്കും അനുയോജ്യമായിരിക്കും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിക്ക് 5.9 സെക്കൻഡ് മതിയാവും. കൂടാതെ 15 മിനിറ്റ് സൂപ്പർചാർജ് ചെയ്‌താൽ ഉപയോക്താക്കൾക്ക് 238 കിലോമീറ്റർ മുതൽ 267 കിലോമീറ്റർ വരെ കാറിൽ സഞ്ചരിക്കാനും കഴിയും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








