ടെസ്‌ലയുടെ കാറുകൾ ഇനി പറക്കുമോ; പണം പോട്ടെ പ്രതാപം വരട്ടെയെന്ന് മസ്ക്
ടെസ്‌ല പറക്കും കാറുകൾ നിർമ്മിക്കാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ഓട്ടോമൊബൈൽ ലോകത്ത് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ടെസ്‌ലയുടെ സിഇഒ ഇലോൺ മസ്‌ക് ഒരു അഭിമുഖത്തിൽ നൽകിയ സൂചനകളാണ് ഇപ്പോൾ സംശയങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുന്നത്. സാധാരണ കാറുകളെ യാഥാർത്ഥ്യമാക്കിയ ടെസ്‌ല, പറക്കും കാറുകളിലേക്കും കടന്നാൽ അത് വലിയൊരു മാറ്റമായിരിക്കുമെന്നാണ് വാഹന ലോകം പ്രതീക്ഷിക്കുന്നത്. എന്നാൽ സാധാരണ റോഡിലൂടെ ടുന്ന ഇവികൾ പോലെ അത്ര എളുപ്പമല്ല പറക്കുന്ന കാറുകൾ നിർമിക്കാൻ. പക്ഷേ ലോകത്തെ ഏറ്റവും വലിയ ധനികന് ഇതൊരു പ്രശ്നമേയല്ല എന്നാണ് സോഷ്യൽ മീഡിയയിലും എല്ലാം കമൻ്റ് ഉയരുന്നത്.
പ്രമുഖ പോഡ്‌കാസ്റ്ററായ ജോ റോഗൻ തന്റെ പരിപാടിയിൽ ടെസ്‌ലയുടെ റോഡ്‌സ്റ്റർ കാറിനെക്കുറിച്ച് മസ്‌കിനോട് ചോദിച്ചിരുന്നു. 2017-ൽ പ്രഖ്യാപിച്ച ഈ കാർ 2020-ൽ വിപണിയിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും 2025-ലും ഇത് യാഥാർത്ഥ്യമായിട്ടില്ല. 2018-ൽ റോഡ്‌സ്റ്റർ കാറിനായി 50,000 ഡോളർ ബുക്ക് ചെയ്ത ഓപ്പൺ എഐ പ്രസിഡന്റ് സാം ആൾട്ട്മാൻ, അഞ്ച് വർഷം കാത്തിരുന്നിട്ടും കാർ ലഭിക്കാത്തതിനെ തുടർന്ന് ബുക്കിംഗ് റദ്ദാക്കുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്ത സംഭവം വൈറലായിരുന്നു.

ഈ ചോദ്യത്തിന് മറുപടിയായി, കമ്പനി ഈ ഉൽപ്പന്നത്തിന്റെ പ്രോട്ടോടൈപ്പ് പ്രദർശിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്നും, ആ നിമിഷം അവിസ്മരണീയമായിരിക്കുമെന്നുമാണ് മസ്‌ക് മറുപടി പറഞ്ഞത്. ഇതൊരു പ്രാന്തൻ ആശയം മാത്രമായിരിക്കില്ല, നിങ്ങളൊക്കെ സിനിമകളിൽ മാത്രം കണ്ടിട്ടുളള പറക്കും കാറുകൾ പുറത്തിറക്കിയിരിക്കുമെന്ന് അദ്ദേഹം ഉറപ്പും നൽകിയിട്ടുണ്ട്.
VTOL (വെർട്ടിക്കൽ ടേക്ക്ഓഫ് ആൻഡ് ലാൻഡിംഗ്) സാങ്കേതികവിദ്യയിൽ കാറുകൾ നിർമ്മിക്കാൻ നിരവധി കമ്പനികൾ ശ്രമിക്കുന്നുണ്ട്. ടെസ്‌ലയും അത്തരമൊരു നീക്കം നടത്തുകയാണോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. റോഡ്‌സ്റ്റർ കാറിനെ റോഡിലൂടെ ഓടിക്കുന്നതിനു പകരം പറത്തുന്ന ഒരു പദ്ധതി ടെസ്‌ലക്ക് ഉണ്ടെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട് കേട്ടോ.

പറക്കും കാറുകൾ എന്ന ആശയം 1950-കൾ മുതൽ നിലവിലുണ്ടെങ്കിലും, ഒരു വിജയകരമായ വാഹനം ഇതുവരെ ഉണ്ടായിട്ടില്ല. പറക്കും കാറുകൾ ഓടിക്കാൻ വിമാനം പറത്തുന്നതിനുള്ള വൈദഗ്ധ്യം ആവശ്യമാണ്. കൂടാതെ, ഇതിന് ആവശ്യമായ നിയമങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലൈസൻസിംഗ് സംവിധാനങ്ങളും പല രാജ്യങ്ങളിലും നിലവിലില്ല. അതിനാൽ, ഒരു കമ്പനിക്ക് ഈ കാറുകൾ വിപണിയിലെത്തിക്കാൻ വലിയ വെല്ലുവിളികൾ നേരിടേണ്ടിവരും.
എങ്കിലും, ടെസ്‌ല മുമ്പ് അസാധ്യമെന്ന് കരുതിയ പല കാര്യങ്ങളും യാഥാർത്ഥ്യമാക്കിയിട്ടുളള ചരിത്രമുളളത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല. അതിനാൽ, പറക്കും കാറുകളുടെ കാര്യത്തിലും അവർ ഒരു നീക്കം നടത്തിയേക്കാം. എന്തായാലും റോഡ്‌സ്റ്റർ കാർ 2 സെക്കൻഡിനുള്ളിൽ 100 കി.മീ വേഗത കൈവരിക്കുമെന്നും 600 കി.മീ റേഞ്ച് നൽകുമെന്നും തുടക്കത്തിൽ പറഞ്ഞിരുന്നു. അതിനാൽ, ഈ കാറിൽ പറക്കുന്ന സാങ്കേതികവിദ്യയും ഉൾപ്പെടുമെന്ന് ചിലർ പ്രതീക്ഷിക്കുന്നു. എന്നാൽ, ഇതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.

റോഡിലോടുന്ന കാറുകളിൽ വിപണി പിടിച്ചത് പോലെ ഇനി പറക്കും കാറുകൾ കൂടി അവതരിപ്പിച്ചാൽ ലോകത്തെ വാഹന വിപണിയിൽ ടെസ്‌ലയുടെ പേരുകൾ തങ്കലിപികളാൽ എഴുതിപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. രാജ്യത്ത് ടെസ്‌ല അവതരിപ്പിച്ചതിന് ശേഷം വിൽപ്പന മന്ദഗതിയിലാണ് പോകുന്നത് എന്നത് മറ്റൊരു സത്യമാണേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








