ടെസ്‌ല മോഡല്‍ Y-ക്ക് ഇന്ത്യക്കാര്‍ അധികം മുടക്കേണ്ടത് 30 ലക്ഷത്തോളം! വിലകള്‍ വിശദമായി താരതമ്യം ചെയ്യാം...
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമന്‍മാരായ ടെസ്‌ല (Tesla) ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറിയിരിക്കുകയാണ്. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് ടെസ്ല ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഷോറൂം തുറന്നത്. ജനപ്രിയ ഇവിയായ മോഡല്‍ Y (Tesla Model Y) ആണ് ടെസ്‌ല ഇന്ത്യയില്‍ എത്തിച്ച ആദ്യത്തെ മോഡല്‍. ഫുള്‍വൈറ്റ് തീമിലാണ് ടെസ്‌ലയുടെ കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവിടെ ടെസ്‌ല മോഡല്‍ Y-യുടെ സാങ്കേതികവിദ്യ ഡിസ്പ്ലേ ചെയ്തിരിക്കുന്നു. കുര്‍ള വെസ്റ്റില്‍ ഒരു സര്‍വീസ് സെന്റര്‍ തുറക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കമുള്ള പ്രമുഖര്‍ ടെസ്‌ലയുടെ കന്നി ഷോറൂം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. അമേരിക്കന്‍ ഇവി ഭീമന്‍മാര്‍ ഇന്ത്യയില്‍ വാഹന നിര്‍മാണ കേന്ദ്രം സ്ഥാപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിദേശത്ത് നിന്ന് കാറുകള്‍ ഇറക്കുമതി ചെയ്താണ് വില്‍പ്പനക്ക് വെക്കുന്നത്.

ഇറക്കുമതി തീരുവ കാരണം യുഎസ്, ചൈന, ജര്‍മ്മനി എന്നിവിടങ്ങളിലെ വിലയെക്കാള്‍ കൂടുതലാണ് ഇന്ത്യക്കാര്‍ ടെസ്‌ല ഇവിക്ക് മുടക്കേണ്ടി വരിക. ആഡംബര ഇവി വിപണിയില്‍ ബിവൈഡി സീല്‍, കിയ EV6, മെര്‍സിഡീസ് EQB എന്നിവയുമായാണ് മോഡല്‍ Y ഏറ്റുമുട്ടുന്നത്. ആഗോള വിപണിയിലെയും എതിരാളികളുടെയും വിലയുമായി ടെസ്‌ല മോഡല്‍ Y-യുടെ വില താരതമ്യം ചെയ്യുകയാണ് ഈ ലേഖനത്തില്‍.
ഇന്ത്യയിലെ വില: ആദ്യം നമുക്ക് ടെസ്‌ല മോഡല്‍ Y-യുടെ ഇന്ത്യയിലെ വില പരിശോധിക്കാം. ടെസ്ല മോഡല്‍ Y റിയര്‍-വീല്‍ ഡ്രൈവ് (RWD) വേരിയന്റിന് 59.89 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ലോംഗ് റേഞ്ച് RWD വേരിയന്റിന് 67.89 ലക്ഷമാണ് മുടക്കേണ്ടി വരിക. ഡല്‍ഹിയിലും മുംബൈയിലും ഇതിന് ഏകദേശം 61 ലക്ഷം രൂപയാണ് ഓണ്‍-റോഡ് വില.

എന്നാല്‍ ഉയര്‍ന്ന റോഡ് ടാക്‌സും മറ്റ് ചാര്‍ജുകളും കാരണം ഗുരുഗ്രാമില്‍ ഇത് 66.7 ലക്ഷം വരെയാകും. ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് (FSD) സംവിധാനം കൂടി ചേര്‍ത്താല്‍ 6 ലക്ഷം രൂപ കൂടും. മോഡല്‍ Y RWD വേരിയന്റുകളുടെ ഡെലിവറി 2025-ലെ മൂന്നാം പാദത്തിന്റെ അവസാനത്തിലും. മോഡല്‍ Y ലോംഗ് റേഞ്ച് RWD വേരിയന്റുകളുടെ ഡെലിവറി നാലാം പാദത്തിലും ആരംഭിക്കും.
ആഗോള വിപണിയിലെ വില: വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് തീരുവ കൂടുതലായതിനാല്‍ ഇന്ത്യയില്‍ മോഡല്‍ Y-യുടെ വില മറ്റ് വിപണികളേക്കാള്‍ കൂടുതലാണ്. നമ്മുടെ രാജ്യത്ത് ഫോറിന്‍ കാറുകള്‍ക്ക് 100% വരെ ഇറക്കുമതി തീരുവ ഈടാക്കുന്നു. യുഎസില്‍ ഇതേ കാറിന്റെ RWD വേരിയന്റിന് 44,990 ഡോളറാണ് വില. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 38.63 ലക്ഷം രൂപ മാത്രം മതി.
ചൈനയിലേക്ക് വന്നാല്‍ മോഡല്‍ Y-ക്ക് അവിടെ 263,500 യുവാന്‍ ആണ് വില. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ 31.57 ലക്ഷം രൂപ വരും. ജര്‍മനിയില്‍ മോഡല്‍ Y ഇവിക്ക് 45,970 യൂറോയാണ് വില. ഇത് ഏകദേശം 46.09 ലക്ഷം രൂപ വരും. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നതിനാലാണ് 15 മുതല്‍ 30 ലക്ഷം വരെ വില വ്യത്യാസം വരുന്നത്. ഇനി പ്രധാന എതിരാളികളുമായുള്ള വില താരതമ്യം നോക്കാം.
ബിവൈഡി സീല്‍: ടെസ്‌ല മോഡല്‍ Y വിവിധ മാര്‍ക്കറ്റുകളില്‍ നേരിട്ട് ഏറ്റുമുട്ടുന്ന ചൈനീസ് ഇവിയാണ് ബിവൈഡി സീല്‍. സീല്‍ പെര്‍ഫോമന്‍സിന്റെ എക്‌സ്-ഷോറൂം വില 53 ലക്ഷം രൂപയാണ്. 580 കിലോമീറ്ററാണ് സീലിന്റെ WLTP റേഞ്ച്. വെറും 3.8 സെക്കന്‍ഡിനുള്ളില്‍ 0-100kmph വേഗത കൈവരിക്കാന്‍ കഴിയുന്ന ഇവിയില്‍ 15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളുണ്ട്. മോഡല്‍ Y-യെ അപേക്ഷിച്ച് കുറഞ്ഞ വിലയും വേഗത്തിലുള്ള ആക്‌സിലറേഷനുമാണ് സീലിന്റെ പ്രത്യേകത.

മെര്‍സിഡീസ് EQB: ജര്‍മന്‍ മോഡലിന്റെഎക്‌സ്-ഷോറൂം വില ഏകദേശം 75 ലക്ഷം രൂപയാണ്. 423 കിലോമീറ്ററാണ് ഇതിന്റെ WLTP റേഞ്ച് പറയുന്നത്. 0-100 kmph വേഗത കൈവരിക്കാന്‍ വെറും 6.2 സെക്കന്‍ഡ് മതി. 10.25 ഇഞ്ച് ഡ്യുവല്‍-സ്‌ക്രീന്‍ സെറ്റപ്പും പ്രീമിയം ഇന്റീരിയറുകളും ഇതിന്റെ പ്രത്യേകതകളാണ്. മോഡല്‍ Y ലോംഗ് റേഞ്ചിന് (67.89 ലക്ഷം) മെര്‍സിഡീസ് മോഡലിനേക്കാള്‍ വില കുറവാണെന്ന് മാത്രമല്ല റേഞ്ചും (533 കിലോമീറ്റര്‍) കൂടുതലുണ്ട്.
കിയ EV6: കൊറിയന്‍ ഇവിക്ക് 60.95 മുതല്‍ 65.95 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. ഇത് മോഡല്‍ Y-യുടെ അടുത്ത എതിരാളിയാണ്. ഇതിന്റെ ടോപ്പ് GT-ലൈന്‍ AWD ട്രിമ്മിന് 708 കിലോമീറ്റര്‍ WLTP റേഞ്ചുണ്ട്. വെറും 5.2 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 12.3 ഇഞ്ച് ഡ്യുവല്‍-സ്‌ക്രീന്‍, വെഹിക്കിള്‍-ടു-ലോഡ് ചാര്‍ജിംഗ് പോലുള്ള ഫീച്ചറുകളുള്ള EV6 റേഞ്ചിന്റെ കാര്യത്തില്‍ മോഡല്‍ Y-യെക്കാള്‍ മുന്നിലാണ്.

മോഡല്‍ Y: ഇവി ഏഴ് കളര്‍ ഓപ്ഷനുകളില്‍ വാങ്ങാനാകും. സ്റ്റെല്‍ത്ത് ഗ്രേ ഒഴികെ മറ്റെല്ലാത്തിനും അധിക വില നല്‍കണം. ടെസ്‌ല മോഡല്‍ Y RWD വേരിയന്റിന് 455 കിലോമീറ്ററാണ് (WLTP) റേഞ്ച്. ലോംഗ് റേഞ്ച ഫുള്‍ചാര്‍ജില്‍ 533 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പെര്‍ഫോമന്‍സ് വശം നോക്കിയാല്‍ RWD വേരിയന്റിന് 0-100 kmph വേഗത കൈവരിക്കാന്‍ 5.9 സെക്കന്‍ഡും ലോംഗ് റേഞ്ചിന് 5.6 സെക്കന്‍ഡുമാണ് വേണ്ടത്.
ഇവിയില്‍ 15.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 8 ഇഞ്ച് റിയര്‍ ഡിസ്പ്ലേ,ഹീറ്റഡ് സീറ്റുകള്‍, സൂപ്പര്‍ചാര്‍ജിംഗ് എന്നിവയുണ്ട്. കൂടാതെ എല്ലാ ഉടമകള്‍ക്കും സൗജന്യ ഹോം വാള്‍ ചാര്‍ജറും ലഭിക്കും. ഇറക്കുമതി തീരുവ കാരണം ഇന്ത്യയില്‍ ടെസ്ല മോഡല്‍ Y-യുടെ വില കൂടുതലാണ്. അതിനാല്‍ മറ്റ് ഇവികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് ചില പോരായ്മകളുണ്ട്. എന്നിരുന്നാലും, മികച്ച ഫീച്ചറുകളും ടെക്‌നോളജിയുമുള്ള ഒരു പ്രീമിയം ഇവി എന്ന നിലയില്‍ മോഡല്‍ Y ശ്രദ്ധ നേടുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








