ഡൽഹിക്ക് ടെസ്‌ലയുടെ ഇലക്ട്രിക് ഷോക്ക്; രണ്ടാമത്തെ ഷോറൂം തുറന്ന് ഇവി ഭീമൻ
ടെസ്‌ല രാജ്യത്ത് എത്തിയപ്പോൾ മുതൽ എല്ലാവരും ആകാംക്ഷഭരിതരായി ഇരിക്കുകയായിരുന്നു. കിടിലൻ മോഡലുകൾ, കുറഞ്ഞ ചാർജിങ്ങ് സമയം, ഓട്ടോണോമസ് ഡ്രൈവിങ്ങ് സിസ്റ്റം അങ്ങനെ ടെസ്‌ലയുടെ ഗുണങ്ങൾ കേൾക്കുമ്പോൾ തന്നെ ചാർജ് ആകും. ആദ്യ ഷോറൂം മുംബൈയിൽ തുറന്നതിന് ശേഷം രണ്ടാമത്തെ ഷോറൂം എവിടെ ആണ് ആരംഭിക്കാൻ പോകുന്നതെന്ന് ബ്രാൻഡ് ഒരു സൂചന തന്നിരുന്നു. അങ്ങനെ രാജ്യ തലസ്ഥാനത്ത് തന്നെ തങ്ങളുടെ രണ്ടാമത്തെ ഷോറൂം ആരംഭിച്ചിരിക്കുകയാണ്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയർപോർട്ടിന് സമീപമുളള വേൾഡ്മാർക്കിലാണ് ആരംഭിച്ചിരിക്കുന്നത്. 25 ലക്ഷം രൂപ വാടകയുളള 8000 സ്ക്വയർ ഫീറ്റ് വലിപ്പമുളള കെട്ടിടമാണ് ബ്രാൻഡ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.
മോഡൽ Y ആണ് വിൽക്കുന്ന പ്രധാന മോഡൽ. മോഡൽ Y എസ്‌യുവിയാണ് ആഭ്യന്തര വിപണിയിൽ ടെസ്‌ല പുറത്തിറക്കിയിരിക്കുന്നത്. റിയർവീൽ ഡ്രൈവ് (RWD), ലോംഗ് റേഞ്ച് RWD വേരിയന്റുകളിൽ ലഭ്യമാകുന്ന ടെസ്‌ല മോഡൽ Y ഇവിക്ക് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

ലോകോത്തര ബ്രാനഡ് ആയത് കൊണ്ട് തന്നെ എയറോസിറ്റിയിൽ ടെസ്‌ല ഷോറൂം ആരംഭിക്കുമ്പോൾ വലിയ ശ്രദ്ധ നേടുമെന്നത് തന്നെയാണ് ബ്രാൻഡ് ലക്ഷ്യം വച്ചിരിക്കുന്നത്. വാഹനത്തിനൊപ്പം ഫുള്ളി ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയൊന്നും ഇന്ത്യയിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നില്ലെന്നതും ശ്രദ്ധിക്കണം. പക്ഷേ ഈയൊരു സംവിധാനം ആവശ്യമുളള കസ്റ്റമേഴ്സിന് 6 ലക്ഷം രൂപ അധികമായി മുടക്കിയാൽ ഓട്ടോണമസ് ഡ്രൈവിംഗ് വാഹനത്തിനൊപ്പം ലഭ്യമാവും.
നിലവിൽ പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന ഫീച്ചറുകൾക്ക് ഡ്രൈവറിന്റെ മേൽനോട്ടം ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന ഒരു നിരാകരണവും ടെസ്‌ല അവരുടെ വെബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്. വളരെ മിനിമലിസ്റ്റിക്കായ ഡിസൈനിലാണ് കാറിനെ പണികഴിപ്പിച്ചിരിക്കുന്നത്. ലുക്ക് പുതുമയുള്ളതാണെന്നത് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. എസ്‌യുവികളുടെ ടോളർ സ്റ്റാൻസിനൊപ്പം ഒപ്പം പനോരമിക് ഗ്ലാസ് റൂഫ്, സ്‌പോർട്ടിയും കൂപ്പെ പോലുള്ള രൂപഘടനയും കൂടിയാവുമ്പോൾ ഇലക്ട്രിക് എസ്‌യുവിക്ക് വല്ലാത്തൊരു അഴക് ലഭിക്കുന്നുണ്ട്.

ഇന്ത്യയിൽ മോഡൽ Y ഏഴോളം എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലും 2 ഇന്റീരിയർ ട്രിമ്മുകളിലും ലഭ്യമാകും. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്ലിം ഹെഡ്‌ലാമ്പുകൾ, വേഗതയേക്കാൾ പ്രായോഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു എയറോഡൈനാമിക് ആകൃതി എന്നിവയാണ് ടെസ്‌ല മോഡൽ Y ഇവിയുടെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ആഡംബരമാക്കാൻ അമേരിക്കൻ ബ്രാൻഡിനായിട്ടുണ്ടെന്ന് വേണം പറയാൻ.
ഇന്ത്യയിലെ ടെസ്‌ല മോഡൽ Y ഇവിയുടെ റിയർ-വീൽ-ഡ്രൈവ് പതിപ്പ് 60 kWh, 75 kWh ബാറ്ററി പായ്ക്കുകൾക്കുള്ള ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 295 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് RWD വേരിയന്റിന് കരുത്ത് പകരുന്നത്. 60 kWh ബാറ്ററിയുള്ള മോജൽ സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ടെസ്‌ല പറയുന്നത്. അതേസമയം ടെസ്‌ല മോഡൽ Y ഇലക്ട്രിക് കാറിന്റെ ലോംഗ് റേഞ്ച് മോഡൽ പൂർണ ചാർജിൽ 622 കിലോമീറ്റർ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്.

രാജ്യത്ത് മൊത്തത്തിൽ എട്ട് പുതിയ സൂപ്പർചാർജറുകൾ സ്ഥാപിക്കാനാണ് ടെസ്‌ലയുടെ പദ്ധതി. ചാർജിംഗ് സ്റ്റേഷനിൽ നാല് 250kW സൂപ്പർചാർജറുകളും നാല് 11kW ഡെസ്റ്റിനേഷൻ ചാർജറുകളുമാണ് ഉളളത്. 250kW സൂപ്പർചാർജർ ഉപയോഗിക്കുന്നതിനുള്ള ചെലവ് 24/kW ആയി നിശ്ചയിച്ചിട്ടുണ്ട്. ടെസ്‌ല മോഡൽ Y പൂർണ്ണമായി ചാർജ് ചെയ്യുന്നതിന്, സ്റ്റാൻഡേർഡ് വേരിയന്റിന് ഏകദേശം 1,800 രൂപയും ലോംഗ് റേഞ്ച് വേരിയന്റിന് 2,000 രൂപയിൽ കൂടുതലും ചിലവാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








