കാത്തിരിപ്പ് അവസാനിക്കുന്നു! ടെസ്‌ലയുടെ ആദ്യ ഷോറൂം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തുറക്കും; വില ഊഹിക്കാമോ?
ലോകത്തിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ടെസ്‌ല. ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തില്‍ അതിവേഗമാണ് കമ്പനി ലോകത്തെ ഇവി വിപണി പിടിച്ചടക്കിയത്. ഇലോണ്‍ മസ്‌കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും തമ്മലിലുള്ള ചങ്ങാത്തവും അടുത്തിടെയുള്ള വേര്‍പിരിയലുമെല്ലാം ടെസ്‌ലയെയും നല്ല രീതിയില്‍ ബാധിച്ചിരുന്നു. ചൈനയടക്കമുള്ള വിപണികളില്‍ വില്‍പ്പന ഇടിയുന്ന സാഹചര്യത്തില്‍ ടെസ്‌ല വളര്‍ച്ചക്കായി മറ്റ് പോംവഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഒന്നാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യയിലേക്കുള്ള പ്രവേശനം ടെസ്‌ലയുടെ ഇന്ത്യന്‍ എന്‍ട്രി സംബന്ധിച്ച് ഒരു പുത്തന്‍ അപ്‌ഡേറ്റുണ്ട്. അതിനെ കുറിച്ച് ചുവടെ വായിക്കാം.
ലോകത്തിലെ ഏറ്റവും മികച്ച കാര്‍ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ടെസ്ല യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചാണ് ഇവികള്‍ നിര്‍മ്മിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോ വിപണിയായ ഇന്ത്യയില്‍ തങ്ങളുടെ വാഹനങ്ങള്‍ വില്‍പ്പനക്കെത്തിക്കാന്‍ പോകുന്ന വിവരം കമ്പനി നേരത്തെ സ്ഥിരീകരിച്ചതാണ്. ഇന്ത്യയില്‍ കാര്‍ വില്‍ക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ടെസ്‌ല താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം പിന്‍വാങ്ങുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ചില മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഒരു കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് നിശ്ചിത എണ്ണം വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടെസ്ല തങ്ങളുടെ കാര്‍ ഇന്ത്യയിലെത്തിക്കാന്‍ പോകുന്നത്. ഡല്‍ഹിയിലും മുംബൈയിലുമാണ് കമ്പനി ഷോറൂമുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഈ ഷോറൂമിലേക്ക് ജോലിക്കാരെ തേടി ടെസ്‌ല പരസ്യം ചെയ്തതില്‍ നിന്ന് അക്കാര്യം നമുക്ക് വ്യക്തമായതാണ്. ജൂലൈയില്‍ മുംബൈയില്‍ ടെസ്‌ല തങ്ങളുടെ ആദ്യ ഷോറൂം തുറക്കാന്‍ പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ക്രമേണ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. മുംബൈയ്ക്ക് ശേഷം ഡല്‍ഹിയിലാണ് രണ്ടാമത്തെ ഷോറൂം തുറക്കാന്‍ പോകുന്നത്.

ഇതിനുപുറമെ, കമ്പനി ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് വില്‍ക്കുന്ന ആദ്യ കാറുകള്‍ ചൈനീസ് നിര്‍മ്മിത ഇവികള്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വാഹനങ്ങള്‍ക്കുള്ള സൂപ്പര്‍ചാര്‍ജര്‍ പാര്‍ട്സ്, കാര്‍ പാര്‍ട്സ്, ആക്സസറികള്‍ തുടങ്ങിയവ ചൈന, യുഎസ്, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനും പദ്ധതിയുണ്ട്. കമ്പനി തങ്ങളുടെ മോഡല്‍ Y കാര്‍ മുംബൈയിലേക്ക് ഇതിനകം കൊണ്ടുവന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ കൂടിയാണ് മോഡല്‍ Y.
ഈ കാറിന്റെ വില ഇന്ത്യന്‍ രൂപയില്‍ 27 ലക്ഷം രൂപയാണ്. ഇന്ത്യയില്‍ ഒരു പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കരാറില്‍ കമ്പനി ഇതുവരെ ഒപ്പുവച്ചിട്ടില്ലെങ്കില്‍ നിലവിലുള്ള കാറുകള്‍ക്ക് 70 ശതമാനം നികുതി ചുമത്തും. അങ്ങനെയെങ്കില്‍ 21 ലക്ഷം രൂപ നികുതിയായി നല്‍കേണ്ടി വരും. 40,000 ഡോളറില്‍ താഴെ വിലയുള്ള പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത കാറുകള്‍ക്ക് ഇന്ത്യയുടെ 70% താരിഫും സര്‍ചാര്‍ജും അനുസരിച്ചാണ് ഈ തീരുവ.

നികുതികള്‍ക്കും ഇന്‍ഷുറന്‍സിനും മുമ്പ് ഈ മോഡല്‍ 56,000 ഡോളറില്‍ (ഏകദേശം 48,48 ലക്ഷം രൂപ) കൂടുതല്‍ വിലയ്ക്ക് വില്‍ക്കുമെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, അതിന്റെ മാര്‍ജിനുകളും പൊസിഷനിംഗ് തന്ത്രവും അടിസ്ഥാനമാക്കിയായിരിക്കും ടെസ്ല അന്തിമ വില തീരുമാനിക്കുക. ഇന്ത്യന്‍ വിപണി കണക്കിലെടുക്കുമ്പോള്‍ ഉയര്‍ന്ന വിലയിടുന്നത് ടെസ്ലയുടെ പദ്ധതികള്‍ക്ക് ഒരു പ്രധാന തടസമായിരിക്കും. ഇന്ത്യയിലെ പുതിയ പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 5 ശതമാനത്തില്‍ താഴെയാണ് ഇവികള്‍. പ്രീമിയം കാറുകളാണെങ്കില്‍ വിപണിയുടെ 2 ശതമാനത്തില്‍ താഴെയാണ്.
മോഡല്‍ Y ഇറക്കുമതി വിപണിയിലേക്കുള്ള പ്രാരംഭ ചുവടുവയ്പ്പാണെന്നും കൂടുതല്‍ മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് ടെസ്ല തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും പറയപ്പെടുന്നു. ടെസ്ല ഇന്ത്യയിലെത്തുന്നതിനായി പലരും കാത്തിരിക്കുകയാണ്. ഈ കാര്‍ എത്തിക്കഴിഞ്ഞാല്‍ ബുക്കിംഗുകള്‍ കൂടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ടെസ്‌ല കാറിന്റെ വില തുടക്കത്തില്‍ ഉയര്‍ന്നതായിരിക്കുമെങ്കിലും ഇന്ത്യയില്‍ ഒരു പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനമായിക്കഴിഞ്ഞാല്‍ കുറഞ്ഞ വിലയില്‍ വണ്ടികള്‍ നിരത്തിലെത്തും. ആ തീരുമാനത്തിനായി നമുക്ക് കാത്തിരിക്കാം.


Click it and Unblock the Notifications








