പുത്തൻ സ്കോഡ ഒക്ടാവിയ RS! സ്റ്റൈലിലും പെർഫോമൻസിലും ആളിവൻ പുലിയാ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയാർജ്ജിച്ച ബ്രാൻഡുകളിലൊന്നാണ് സ്കോഡ. കാർപ്രേമികളുടെ എല്ലാവിധ താൽപ്പര്യങ്ങൾക്ക് വേണ്ടിയും അവരുടെ മനസറിഞ്ഞ് പുത്തൻ കാറുകൾ നിരത്തിലിറക്കുന്നതിൽ സ്കോഡ എന്നും മുന്നിൽ തന്നെയാണ്. ഇതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന സ്കോഡ ഒക്ടാവിയ RS. ബുക്കിംഗ് ആരംഭിച്ച് വെറും 20 മിനിട്ടിനുള്ളിൽ എല്ലാ യുണിറ്റും വിറ്റുതീർത്തുകൊണ്ട് ഇപ്പോൾ വിപണിയിലെ താരമായി തിളങ്ങിനിൽക്കുകയാണ് ആശാൻ. എങ്കിലും പുതിയ താരത്തെക്കുറിച്ച് കൂടുതൽ വിശേഷങ്ങളറിയേണ്ടേ. അതിന് വേണ്ടി തുടർന്നു വായിക്കാൻ മറക്കരുതേ.
ഡിസൈൻ: ഒരു പ്രീമിയം ചാരുത നിലനിർത്തിക്കൊണ്ട് വളരെ ധീരമായ ആകർഷണശക്തിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു കിടിലൻ സെഡാനാണ് പുതിയ സ്കോഡ ഒക്ടാവിയ ആർഎസ്. മുൻവശത്തായി ഐക്കണിക് ആർഎസ് ബാഡ്ജുള്ള ഒരു സ്ലീക്ക് ബ്ലാക്ക്-ഔട്ട് ഗ്രിൽ, അഗ്രസീവ് എയർ ഇൻടേക്കുകൾ, എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകൾ എന്നിവയെല്ലാം തന്നെ ഒക്ടാവിയയുടെ ലുക്ക് വർധിപ്പിക്കുന്നുണ്ട്.

വശങ്ങളിലേക്ക് നോക്കിയാൽ എയറോഡൈനാമിക് ലൈനുകൾ, കറുത്ത മിറർ ക്യാപ്പുകൾ, 19 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവ ലഭിക്കുന്നുണ്ട്. പിന്നിൽ ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, എൽഇഡി ടെയിൽലൈറ്റുകൾ, സ്‌പോയിലർ എന്നിവയുമുണ്ട്. ഇവയെല്ലാംക്കൂടി ഒത്തു ചേരുന്ന ഡിസൈൻ ലഭിക്കുന്നതോടെ ഒക്ടാവിയ സ്വന്തമാക്കാൻ ആരും ഒന്നും കൊതിച്ചു പോകും.
കൂടാതെ പൂർണ്ണമായും കറുത്ത തീം, ചുവന്ന കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, അൽകാന്റാര, ലെതർ അപ്ഹോൾസ്റ്ററി, ഹീറ്റിംഗ്, വെന്റിലേഷൻ, മെമ്മറി ഫംഗ്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ആർഎസ് സ്‌പോർട് സീറ്റുകൾ എന്നിവയൊക്കെയാണ് ഇൻ്റീരിയറിലെ ഹൈലൈറ്റുകൾ. മൊത്തത്തിൽ പറഞ്ഞാൽ പുതിയ ഒക്ടാവിയ ആർഎസിന്റെ രൂപകൽപ്പന ഏറ്റവും സ്റ്റൈലിഷും വളരെ ആകർഷകവുമാക്കി മാറ്റിയിട്ടുണ്ട്.
പെർഫോമൻസ്: ആവേശം ജനിപ്പിക്കുന്ന പെർഫോമൻസിന് വേണ്ടി പുതിയ സ്കോഡ ഒക്ടാവിയ RS-ൽ 261 bhp പരമാവധി പവറും 370 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് നൽകിയിരിക്കുന്നത്. 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് ഒക്ടാവിയ RSൻ്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
കരുത്തുറ്റ എഞ്ചിൻ വെറും 6.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും 250 കിലോമീറ്റർ പരമാവധി വേഗതയിലെത്താനും സഹായിക്കുന്നുണ്ട്. ഇത് റോഡുകളിൽ ഗംഭീര ഡ്രൈവിംഗ് അനുഭവം ആണ് നൽകുന്നത്. അത് കൊണ്ട് തന്നെ മികച്ച ഡ്രൈവിംഗും പെർഫോമൻസും ആഗ്രഹിക്കുന്നവർക്ക് കണ്ണുംപ്പൂട്ടി വാങ്ങാവുന്ന ഒന്നാണ് പുതിയ സ്കോഡ ഒക്ടാവിയ RS.
സുരക്ഷ: യാത്രക്കാരെ സംരക്ഷിക്കുന്നതിനും ഡ്രൈവറുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന നിരവധി സേഫ്റ്റി ഫീച്ചറുകൾ സ്കോഡ ഒക്ടാവിയ ആർഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്രണ്ട്, സൈഡ്, കർട്ടൻ, ഫ്രണ്ട്-സെന്റർ എയർബാഗുകൾ ഉൾപ്പെടെ 10 എയർബാഗുകളുടെ സജ്ജീകരണമാണ് പുതിയ സ്കോഡ ഒക്ടാവിയ ആർഎസിലുള്ളത്. കൂടാതെ എബിഎസ്, ഇബിഡി, ഇഎസ്‌സി, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ നിയന്ത്രണ സംവിധാനങ്ങളും കാറിലുണ്ട്.
മാത്രവുമല്ല ലെവൽ 2 എഡിഎഎസ് സ്യൂട്ടിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ, ഫ്രണ്ട് അസിസ്റ്റ്, മൾട്ടി-കൊളിഷൻ ബ്രേക്ക് എന്നിവ ഉൾപ്പെടുന്നുണ്ട്. ഈ സവിശേഷതകളെല്ലാം നിറഞ്ഞ പുതിയ സ്കോഡ ഒക്ടാവിയ ആർഎസ് എല്ലാ ജനറേഷൻ്റെയും പ്രിയപ്പെട്ടവനായി മാറി കൊണ്ടിരിക്കുന്നതിൽ ഒരു അത്ഭുതവുമില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








