ഹൈലക്‌സിന് പുത്തൻ മോഡൽ! ടീസറിന് പുറമെ വലിയൊരു രഹസ്യവുമായി ടൊയോട്ട വരുന്നുണ്ട്
ആഗോള വാഹന വിപണിയിൽ തന്നെ പതിറ്റാണ്ടുകളായി സ്ഥാനം ഉറപ്പിച്ച ജാപ്പനീസ് വാഹന നിർമാതാക്കളാണ് ടൊയോട്ട. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിക്കുന്ന ബ്രാൻഡ് എന്ന കിരീടം സ്വന്തമാക്കി കുതിക്കാൻ തുടങ്ങിയിട്ട് കാലം കുറയായതിനാൽ ഇന്ത്യക്കാർക്കും ടൊയോട്ടയെ പെരുത്തിഷ്ട്ടാണ്. ഇന്ന് ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് വാഹനങ്ങൾ സമ്മാനിക്കുന്ന ഒരു വൻകിട ബ്രാൻഡായാണ് തലയുയർത്തി നിൽക്കുന്നത്. ഇപ്പോഴിതാ പുത്തൻ ഹൈലക്സിൻ്റെ വാർത്തകളുമായി മുന്നോട്ട് വന്നിരിക്കുകയാണ് കമ്പനി.
ആഗോള പിക്കപ്പ് വിഭാഗത്തിൽ ശക്തമായ മത്സരത്തിനൊരുങ്ങുന്ന പുത്തൻ മോഡൽ ഹൈലക്സിൻ്റെ അവതരണം ഈ വർഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓട്ടോമോട്ടീവ് ഇവന്റുകളിൽ ഒന്നുകൂടിയാണ്. 2025 നവംബർ 10-നാണ് ലൈഫ് സ്റ്റൈൽ പിക്കപ്പിന്റെ ഔദ്യോഗിക അരങ്ങേറ്റം നടക്കുക. വരാനിരിക്കുന്ന പുതുമോഡലിന്റെ ടീസർ വീഡിയോകൾ ഇതിനോടകം തന്നെ ടൊയോട്ട തായ്‌ലൻഡ് പുറത്തിറക്കിയിട്ടുണ്ട്.

മാത്രവുമല്ല 2030 വരെ ഇന്ത്യയിൽ പുറത്തിറക്കാൻ പോകുന്ന 15 പുതിയ കാറുകളുടെ പ്രഖ്യാപനവുമായി ടൊയോട്ട മുന്നോട്ട് വന്നിരുന്നു. അവയിൽ ഇറങ്ങാൻ പോകുന്ന ലാൻഡ് ക്രൂയിസർ എഫ്ജെക്കൊപ്പം ഈ പുതിയ ഹൈലക്സും ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യ പോലുള്ള വിപണികളിൽ പുതിയ തലമുറ ഹൈലക്സ് 2027 ഓടെ എത്തിയേക്കും. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഭംഗിയായി അലങ്കരിച്ച ഒരു ബോൾഡ് ഗ്രിൽ, ഒരു ബമ്പർ എന്നിവ ഉൾക്കൊള്ളുന്ന പുതിയ ഫ്രണ്ട് ഫാസിയ ആയിരിക്കും പിക്കപ്പിനുണ്ടാവുക.
പിൻഭാഗത്ത് പുതിയ സി-ആകൃതിയിലുള്ള എൽഇഡി ടെയിൽ-ലാമ്പുകളും, ഒപ്പം സൈഡ് പ്രൊഫൈലിൽ ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും സോളിഡ് ബോഡിയും ഉപയോഗിച്ച് ഗംഭീരമാക്കിയിട്ടുമുണ്ട്. ഇൻ്റീരിയറിലേക്ക് കടന്നാൽ വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയ്ക്കുന്ന ഒരു വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് പ്രധാന ഹൈലൈറ്റ്. ഒപ്പം മോഡേൺ ഫീച്ചറുകളുടെ സപ്പോർട്ടും ഉണ്ടാവും.
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനോടൊപ്പം സോഫ്റ്റ്-ടച്ച് സർഫസും മെച്ചപ്പെട്ട സീറ്റ് അപ്ഹോൾസ്റ്ററിയും ഉൾപ്പെടെ മികച്ച നിലവാരമുള്ള മെറ്റീരിയലുകൾ ടൊയോട്ട ക്യാബിനുള്ളിൽ ഉപയോഗിച്ചിട്ടുണ്ട്. ഇത് യാത്രക്കാർക്ക് ദീർഘദൂര യാത്രകൾ ആനന്ദകരമാക്കാൻ സഹായിക്കുന്നു. നിലവിലെ മോഡലിൽ കാണുന്ന അതേ എഞ്ചിൻ തന്നെയായിരിക്കും ടൊയോട്ട പുത്തൻ ഹൈലക്സിലും ഉപയോഗിക്കുക.
2.8 ലിറ്റർ ഡീസൽ എഞ്ചിൻ ഏകദേശം 200 bhp പവറും 420 Nm ടോർക്കും ഉത്പാദിപ്പിക്കും. കൂടാതെ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക്കിൽ വാഹനത്തിന്റെ ടോർക്ക് 500 Nm വരെ ഉയരുകയും ചെയ്യും. വേരിയന്റും ഡ്രൈവിംഗ് സാഹചര്യങ്ങളും അനുസരിച്ച് ഏകദേശം 10-11 കിലോമീറ്റർ വരെ മൈലേജും പിക്കപ്പ് ട്രക്ക് നൽകിയേക്കും.
ഭാവിയിൽ ഹൈലക്സിന്റെ ഇലക്ട്രിക് പതിപ്പും പുറത്തിറക്കിയേക്കുമെന്നാണ് വിവരം. ഡ്രൈവറെയും യാത്രക്കാരുടെയും സമഗ്ര സുരക്ഷ മുൻനിർത്തിയാണ് 2026 ടൊയോട്ട ഹൈലക്സ് നിർമ്മിച്ചിരിക്കുന്നത്. ആഘാതങ്ങളെ നേരിടാൻ ശക്തിപ്പെടുത്തിയ പാനലുകളും ക്രാഷ്-അബ്സോർബിംഗ് സോണുകളും ഉപയോഗിച്ചാണ് മോഡലിന്റെ ബോഡി സ്ട്രക്ച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് കൂട്ടിയിടിപ്പോലുള്ള അപകട സാഹചര്യങ്ങളിൽ അതീവ സുരക്ഷ ഉറപ്പാക്കും.
അതേസമയം അകത്ത് ഒന്നിലധികം എയർബാഗുകൾ, സീറ്റ്-ബെൽറ്റ്, ഇലക്ട്രോണിക് വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, ഹിൽ-സ്റ്റാർട്ട്, ഡൗൺഹിൽ കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളും ഹൈലക്സിൽ ഉൾപ്പെടുന്നുണ്ട്. ഡ്രൈവർ സഹായത്തിനായി ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ് , ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സ്മാർട്ട് സവിശേഷതകളും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്.
കൂടാതെ കുട്ടികളുടെ സംരക്ഷണത്തിനായി സീറ്റ് ആങ്കറുകളും (ISOFIX) പിൻ സീറ്റ് ടെതർ പോയിന്റുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വരാനിരിക്കുന്ന ടൊയോട്ട ഹൈലക്സ് മുകളിൽ പറഞ്ഞ സവിശേഷതകളോടെയായിരിക്കും പുറത്തിറങ്ങുന്നത്. മാത്രവുമല്ല 2025 നവംബർ 10-ന് ഹൈലക്സിൻ്റെ ആഗോള വെളിപ്പെടുത്തലിലൂടെ ഓട്ടോമോട്ടീവ് വിപണിയിൽ ടൊയോട്ട ഒരു പുതിയ അധ്യായം ആയിരിക്കും കുറിക്കാൻ പോകുന്നത്.


Click it and Unblock the Notifications








