ഓഫര്‍ മാത്രം നോക്കിയാല്‍ പോര! ദീപാവലിക്ക് കാര്‍ വാങ്ങുന്നതിന് മുമ്പ് ഇക്കാര്യം അറിഞ്ഞിരിക്കണം
ദീപാവലി ഇങ്ങടുത്തെത്താറായ അവസരത്തില്‍ പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ നിരവധിയാണ്. ഇക്കുറി ഉത്സവ സീസണില്‍ പുതിയ വാഹനം വീട്ടിലെത്തിക്കാന്‍ ഒന്നിലേറെ കാരണങ്ങള്‍ ഉണ്ട്. സാധാരണയായി ഉത്സവകാലത്ത് കാര്‍ കമ്പനികള്‍ നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ഭാഗമായി നിരവധി കാറുകള്‍ക്ക് വില കുറഞ്ഞിട്ടുണ്ട്. ഉത്സവ സീസണില്‍ വാഹനം വാങ്ങുന്നവര്‍ക്ക് സാധാരണയായി ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും ഫിനാന്‍സിങ് ഓപ്ഷനുകളും ലഭ്യമാകാറുണ്ട്. ഉത്സവകാലത്ത് കാര്‍ വാങ്ങുമ്പോള്‍ ഓഫര്‍ മാത്രം നോക്കാതെ വാഹന ഇന്‍ഷുറന്‍സിന്റെ കാര്യത്തിലും ചില ഉചിതമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. പുതിയ വാഹനം വാങ്ങുമ്പോള്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ചില പ്രധാന സംഗതികള്‍ പറഞ്ഞുതരാം.
ഒരു പുതിയ വാഹനം വാങ്ങുമ്പോള്‍ മൂന്ന് വര്‍ഷത്തേക്കുള്ള തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും മൂന്ന് വര്‍ഷത്തേക്ക് തേര്‍ഡ്-പാര്‍ട്ടി കവറേജ് മാത്രം നല്‍കുമ്പോള്‍, സമഗ്രമായ കവറേജ് (own damage) ഒരു വര്‍ഷത്തേക്ക് മാത്രമാണ് നല്‍കാറുള്ളത്. ഇത് നിയമപരമായി ശരിയാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ലാഭകരമാകണമെന്നില്ല. വാഹനം വാങ്ങുമ്പോള്‍ തന്നെ ദീര്‍ഘകാലത്തേക്ക് ഓണ്‍ ഡാമേജ് കവറേജ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം.

കൂടുതല്‍ പണം ചെലവാകുമെങ്കിലും ദീര്‍ഘകാലത്തേക്കുള്ള ഉപയോഗം വെച്ച് നോക്കുമ്പോള്‍ അതാണ് ലാഭകരം. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ മൂന്ന് വര്‍ഷത്തെ തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സും മൂന്ന് വര്‍ഷത്തെ ഓണ്‍ ഡാമേജ് കവറേജും ഒരുമിച്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇങ്ങനെ തിരഞ്ഞെടുക്കുന്നതിലൂടെ ഓരോ വര്‍ഷവും ഓണ്‍ ഡാമേജ് ഇന്‍ഷുറന്‍സ് പുതുക്കേണ്ട ആവശ്യം വരില്ല. അതുപോലെ, വര്‍ഷാവര്‍ഷം ഇന്‍ഷൂറന്‍സ് പ്രീമിയം കൂടുന്നതിനെ കുറിച്ചുള്ള ആശങ്കപ്പെടേണ്ട കാര്യവുമില്ല. ഇത് വഴി നിങ്ങള്‍ക്ക് പണം മാത്രമല്ല സമയവും ലാഭിക്കാം.
പുതിയ കാര്‍ വാങ്ങുമ്പോള്‍ ദീര്‍ഘകാലത്തേക്ക് കവറോജ് തരുന്ന ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. സ്റ്റാന്‍ഡേര്‍ഡ് കവറേജിന് പുറമെ ആഡ്ഓണ്‍ കവറേജ് ഓപ്ഷനുകളും ഇപ്പോള്‍ ജനപ്രിയമായി മാറിയിട്ടുണ്ട്. സീറോ ഡിപ്രീസിയേഷന്‍, റോഡ് സൈഡ് അസിസ്റ്റന്‍സ്, റിട്ടേണ്‍ ടു ഇന്‍വോയ്‌സ് തുടങ്ങിയ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുന്നവരാണ് കൂടുതല്‍. വാഹനം അപകടത്തില്‍പ്പെടുകയോ മറ്റ് നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചെലവുകള്‍ കുറയ്ക്കാനോ പൂര്‍ണമായും ഒഴിവാക്കാനോ ഇത് സഹായിക്കും.

സീറോ ഡിപ്രീസിയേഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍ കിഴിവുകളില്ലാതെ മുഴുവന്‍ തുകയും ലഭിക്കും. യാത്രാമധ്യേ വാഹനം കേടായി റോഡില്‍ കുടുങ്ങുകയാണെങ്കില്‍ റോഡ് സൈഡ് അസിസ്റ്റന്‍സ് ഇന്‍ഷുറന്‍സ് അതിനുള്ള ചെലവുകള്‍ വഹിക്കും. ടോട്ടല്‍ ഡാമേജ് അല്ലെങ്കില്‍ വാഹനം പൂര്‍ണമായും തകരാറിലാവുകയാണെങ്കില്‍ വാഹനം വാങ്ങിയപ്പോള്‍ മുടക്കിയ മുഴുവന്‍ തുകയും ക്ലെയിം ചെയ്യാന്‍ റിട്ടേണ്‍ ടു ഇന്‍വോയ്‌സ് ഓപ്ഷന്‍ സഹായിക്കും.
കാര്‍ വാങ്ങുമ്പോള്‍ പരിഗണിക്കാവുന്ന മറ്റൊരു കാര്യമാണ് ക്യാഷ്‌ലെസ് ക്ലെയിം സര്‍വീസ്. ഇതിലൂടെ വാഹനം അറ്റകുറ്റപ്പണി നടത്തിയ ശേഷം മുടക്കിയ പണം തിരികെ ലഭിക്കുന്നതിനായുള്ള കാത്തിരിപ്പ് ഒഴിവാക്കാം. രാജ്യത്തെ ഏത് അംഗീകൃത സര്‍വീസ് സെന്ററില്‍ നിന്ന് വാഹനം നന്നാക്കിയാലും ഇന്‍ഷൂറന്‍സ് കമ്പനി നേരിട്ട് സര്‍വീസ് സെന്ററിന് പണം നല്‍കും. ഇത് യാതൊരു സാമ്പത്തിക ഭാരവുമില്ലാതെ വാഹനം റിപ്പയര്‍ ചെയ്യാന്‍ സഹായിക്കും.

ഉത്സവകാലങ്ങളില്‍ ദൂരെയുള്ള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കുമ്പോള്‍ വാഹനം തകരാറിലാകുകയോ അപകടത്തില്‍ പെടുകയോ ചെയ്യുമോ എന്ന ടെന്‍ഷന്‍ ഒഴിവാക്കാം. വാഹനം വാങ്ങുന്നതിന് മുമ്പ് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിശദമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്‍ഷുറന്‍സിനൊപ്പമുള്ള ആഡ്-ഓണ്‍ ഓപ്ഷനുകളെക്കുറിച്ചും അവ കൊണ്ടുള്ള പ്രയോജനങ്ങളും അറിഞ്ഞിരിക്കണം. കൂടാതെ, വാഹനം സര്‍വീസ് ചെയ്യേണ്ടി വന്നാല്‍ ഏതെല്ലാം സര്‍വീസ് സെന്ററുകളില്‍ സേവനം ലഭ്യമാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ചോദിച്ചറിയണം.
ഈ വിവരങ്ങളെല്ലാം മനസിലാക്കിയ ശേഷം നിങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള ഇന്‍ഷുറന്‍സ് ആണോ അതോ ഹ്രസ്വകാല ഇന്‍ഷുറന്‍സ് ആണോ ലാഭകരം എന്ന് തീരുമാനിക്കാം. ശരിയായ കണക്കുകൂട്ടലുകളിലൂടെ ഏറ്റവും മികച്ച ഇന്‍ഷുറന്‍സ് സ്‌കീം തിരഞ്ഞെടുക്കുന്നത് പോക്കറ്റിന് ലാഭമായിരിക്കും. കുറഞ്ഞ പ്രീമിയമുളള ഇന്‍ഷൂറന്‍സ് തെരഞ്ഞെടുക്കുന്നതിന് പകരം മികച്ച പ്രയോജനങ്ങളുള്ള ആഡ്-ഓണുകള്‍ ഭാവിയില്‍ സാമ്പത്തികമായും അല്ലാതെയും ഏറെ ഗുണം ചെയ്യും.
ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ തന്നെ നിങ്ങളുടെ ആവശ്യവും വാഹനത്തിന്റെ പഴക്കവും മറ്റ് ഘടകങ്ങളും എല്ലാം പരിഗണിച്ച് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. പുതിയ കാര്‍ വാങ്ങി ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാന്‍ പദ്ധതിയുള്ളവര്‍ ഷോറൂമിലെത്തുമ്പോള്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക.


Click it and Unblock the Notifications








